കാംപസ് പ്ലേസ്‌മെന്റ് ഇഷ്ടജോലി ഏറെ അകലെ

കേരരളത്തിലെ ഗുണമേന്മയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിരലിലെണ്ണാവുന്ന എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് കോളെജുകളില്‍ മാത്രമാണ് ആകര്‍ഷകമായ കാംപസ് പ്ലേസ്‌മെന്റ് ഓഫറുകള്‍ വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുന്ന ഓഫറുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെങ്കിലും പ്ലേസ്‌മെന്റ് നിലവാരം കുറഞ്ഞത് വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തുന്നു.

ഒരുകാലത്ത് വലിയ പ്ലേസ്‌മെന്റ് ഡ്രൈവുകള്‍ സംഘടിപ്പിച്ചിരുന്ന വന്‍കിട ഐ.റ്റി കമ്പനികള്‍ ഇന്ന് പേരിന് മാത്രമാണ് റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്. മറ്റു വന്‍കിട കമ്പനികളും ചെലവു ചുരുക്കലിന്റെ ഭാഗമായി തങ്ങളുടെ തസ്തികകള്‍ വെട്ടിക്കുറച്ച് അതിസമര്‍ത്ഥരായ ഏതാനും വിദ്യാര്‍ത്ഥികളെ മാത്രം തെരഞ്ഞെടുക്കുമ്പോള്‍ വലിയൊരു വിഭാഗത്തിന് തങ്ങളുടെ സ്വപ്‌ന ജോലി ഏറെ അകലെയാകുന്നു.

എണ്ണം കുറവ്

പ്രൊഫഷണല്‍ കോളെജുകളുടെ ആധിക്യം കൊണ്ട് ശരാശരിക്കാര്‍ക്കുപോലും എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനായി വലിയൊരു വിഭാഗത്തിന് വിജയിക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ തൊഴിലിന് അനുയോജ്യരായ വിദ്യാര്‍ത്ഥികളെ ലഭിക്കുകയെന്നത് കമ്പനികള്‍ക്കും വെല്ലുവിളിയായി. അതുകൊണ്ട് വന്‍കിട സ്ഥാപനങ്ങള്‍ അതിസമര്‍ത്ഥരെയാണ് ലക്ഷ്യം വെക്കുന്നത്. 200-300 വിദ്യാര്‍ത്ഥികളില്‍ നിന്ന് അവര്‍ തെരഞ്ഞെടുക്കുന്നത് ഒന്നോ രണ്ടോ പേരെ മാത്രം.

പഠിച്ച മേഖലകളില്‍ ജോലി ലഭിക്കുന്നില്ല

സെയ്ല്‍സ്, മാര്‍ക്കറ്റിംഗ് ജോലികളിലുള്ള ഓഫറുകളാണ് പ്രൊഫഷണല്‍ കോളെജുകളില്‍ കൂടുതലായും വരുന്നത്. മുന്‍കാലങ്ങളില്‍ എന്‍ജിനീയറിംഗ്, എംബിഎ വിദ്യാര്‍ത്ഥികള്‍ ഇത്തരം ജോലികള്‍ തെരഞ്ഞെടുക്കാന്‍ മടിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ഥിതി മോശമായതുകൊണ്ട് കിട്ടുന്ന ജോലി സ്വീകരിക്കുകയാണ്.'' ഓഫറുകളുടെ എണ്ണത്തില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് പറയാം. എന്നാല്‍ പ്ലേസ്‌മെന്റ് ക്വാളിറ്റി വളരെ താഴെപ്പോയി. ഇതിന് പ്രധാന കാരണം വിദ്യാര്‍ത്ഥികളുടെ നിലവാരക്കുറവാണ്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഐ.റ്റി ഇതര ജോലികളും തങ്ങളുടെ വിഷയവുമായി ബന്ധമില്ലാത്ത ജോലികളും തെരഞ്ഞെടുക്കേണ്ടി വരുന്നത് വളരെ വേദനാജനകമാണ്. ഇത് ശരിയായ രീതിയല്ല. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി രൂപീകരിച്ചശേഷം അതിനു കീഴില്‍ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടേതാണ് അടുത്ത വര്‍ഷത്തെ പാസ്ഔട്ട് ബാച്ച്. ഈ അവസ്ഥയില്‍ നിന്ന് കുറച്ചെങ്കിലും മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ്.'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, മധ്യകേരളത്തിലെ ഒരു എന്‍ജിനീയറിംഗ് കോളെജിന്റെ പ്ലേസ്‌മെന്റ് തലവന്‍ പറയുന്നു.

നേട്ടം ചെറുകമ്പനികള്‍ക്ക്

വന്‍കിട കമ്പനികള്‍ കാംപസ് റിക്രൂട്ട്‌മെന്റ് കുറച്ചത് നേട്ടമായിരിക്കുന്നത് ചെറിയ കമ്പനികള്‍ക്കും കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്കുമാണ്. പരസ്യം കൊടുത്ത് ആളെ വിളിച്ച് റിക്രൂട്ട്‌മെന്റ് നടത്തുന്ന ചെലവുകള്‍ വലിയ രീതിയില്‍ ഒഴിവാക്കാനാകും. താരതമ്യേന കുറഞ്ഞ വേതനത്തില്‍ മിടുക്കരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുകയും ചെയ്യും.

12 ലക്ഷത്തിന്റെ ആമസോണ്‍ ഓഫര്‍!

സ്ഥിതിഗതികള്‍ ഇങ്ങനെയാണെങ്കിലും മുന്‍നിര സ്ഥാപനങ്ങളില്‍ മികച്ച ഓഫറുകള്‍ വരുന്നുണ്ട്. എസ്.സി.എം.എസില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ആമസോണില്‍ നിന്ന് ലഭിച്ച വാര്‍ഷിക വേതന പായ്‌ക്കേജ് 12 ലക്ഷം രൂപയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it