23,000 ഡിജിറ്റല്‍ പ്രതിഭകളെ കോഗ്‌നിസന്റ് നിയമിക്കും

പുതുതായി ജോലിക്കു കയറുന്നവരുടെ ആദ്യ വേതനത്തില്‍ 18 ശതമാനം വര്‍ദ്ധന വരുത്തിയിട്ടുണ്ട്. പ്രതിവര്‍ഷ വേതനം ഏകദേശം 4 ലക്ഷം

ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദ, ബിരുദാനന്തര പഠനം കഴിഞ്ഞിറങ്ങുന്ന 23,000 ല്‍ അധികം പേര്‍ക്ക് നിയമനം നല്‍കാന്‍ പദ്ധതിയുമായി ഐടി കമ്പനി കോഗ്‌നിസന്റ്. ഇത് കഴിഞ്ഞ വര്‍ഷം കമ്പനി നിയമിച്ചതിനേക്കാള്‍ 30 ശതമാനം കൂടുതലാണെന്ന് ചെന്നൈയില്‍ ‘സിഐഐ കണക്റ്റ് 2019’ പരിപാടിയില്‍ കോഗ്‌നിസന്റ് ഇന്ത്യ ചെയര്‍മാനും എം.ഡിയുമായ രാംകുമാര്‍ രാമമൂര്‍ത്തി പറഞ്ഞു.

ഇതിനായുള്ള ക്യാമ്പസ് റിക്രൂട്ട്‌മെന്റ് പദ്ധതി പ്രകാരം 80 ലധികം സ്ഥാപനങ്ങളില്‍ 15,000 ത്തോളം ഓഫറുകള്‍ കമ്പനി നല്‍കിക്കഴിഞ്ഞു. പുതുതായി ജോലിക്കു കയറുന്നവരുടെ ആദ്യ വേതനത്തില്‍ 18 ശതമാനം വര്‍ദ്ധന വരുത്തിയിട്ടുണ്ട്. പ്രതിവര്‍ഷ വേതനം ഏകദേശം 4 ലക്ഷം രൂപയായിരിക്കുമെന്നും രാംകുമാര്‍ രാമമൂര്‍ത്തി അറിയിച്ചു.ഇന്ത്യയില്‍ നിന്നുള്ള എസ്ടിഇഎം (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, കണക്ക്) പ്രതിഭകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നാണ് കോഗ്‌നിസന്റ് എന്നും ഡിജിറ്റല്‍ പ്രതിഭകളുടെ ആവശ്യം ഇനിയും വര്‍ദ്ധിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സീനിയര്‍ ലെവലിലുള്ള 10,000 മുതല്‍ 12,000 വരെ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. കണ്ടെന്റ് ഓപ്പറേഷന്‍ ബിസിനസില്‍ നിന്നു കമ്പനി പിന്മാറുന്നതോടെ 6000 പേര്‍ കൂടി ഒഴിവാക്കപ്പെടുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാനത്തോടെ 2,89,900 ജീവനക്കാരാണ് കോഗ്‌നിസന്റിനുണ്ടായിരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here