വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസ് ഇന്ത്യയില്‍ തുറക്കും

വിദേശത്തെ മികച്ച നൂറ് സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാന്‍ അനുമതി ലഭിക്കും. ഒപ്പം രാജ്യത്തെ സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തി അവയുടെ കേന്ദ്രങ്ങള്‍ വിദേശത്ത് ആരംഭിക്കാനും ശ്രമമുണ്ടാകും. കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന വിദ്യാഭ്യാസ രീതിക്ക് സമൂലമായ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് വിദേശത്തെ മികച്ച വിദ്യാകേന്ദ്രങ്ങളുടെ സേവനം രാജ്യത്ത് നേരിട്ടു ലഭിക്കാന്‍ സാഹചര്യമൊരുക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 750,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളിലെ കോളേജുകളില്‍ പഠിക്കുന്നുണ്ട്.കോവിഡ് പ്രതിസന്ധി വന്നതോടെ ഗുരുതര പ്രശ്‌നങ്ങളാണ് ഇവര്‍ നേരിട്ടത്.മിക്ക രാജ്യങ്ങളിലും ഓണ്‍ലൈന്‍ പഠനമേയുള്ളൂ. ജോലി ചെയ്തുള്ള പഠനവും അനിശ്ചിതത്വത്തിലായി.ഇവരില്‍ ഭൂരിഭാഗവും പ്രശസ്ത കോളേജുകളില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. ഇപ്രകാരം വിദേശ വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്ക് കുറഞ്ഞ ചെലവിലുള്ള സുഗമ പാതയാകും ഇവിടെത്തന്നെ തുറന്നു കിട്ടുക. ഇന്ത്യയിലെ ഉന്നത നിലവാരമുള്ള പഠന കേന്ദ്രങ്ങള്‍ക്ക്് വിദേശങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാനും ഇതോടെ സാധ്യമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അമിത് ഖാരെ പറഞ്ഞു.

വാണിജ്യമനോഭാവത്തോടെയുളള പഠനരീതി വിദേശ സര്‍വകലാശാലകളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്. ഇവ നല്‍കുന്ന ഫണ്ട് വിദ്യാഭ്യാസത്തിന് മാത്രമാകും വിനിയോഗിക്കേണ്ടത്. രാജ്യത്ത് ഐഐടികളില്‍ സയന്‍സ് ഇതര വിഷയങ്ങളുടെയും മികച്ച പഠനം ഉണ്ടാകും. പത്ത് വിഭാഗങ്ങളായി ദേശീയ ഗവേഷണ ഫൗണ്ടേഷനും രൂപം നല്‍കും. സമൂലമായ പരിവര്‍ത്തനമാണ് ഇത്തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് അമിത് ഖാരെ വ്യക്തമാക്കി.

വിദേശ സര്‍വകലാശാലകളുടെ പ്രവേശനം സാധ്യമാക്കുന്ന ഒരു നിയമനിര്‍മ്മാണ ചട്ടക്കൂട് നടപ്പാക്കും. അത്തരം സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയിലെ മറ്റ് സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുല്യമായി റെഗുലേറ്ററി, ഗവേണന്‍സ്, ഉള്ളടക്ക മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രത്യേക പദവി നല്‍കും-നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ നയം പറയുന്നു. ഇന്ത്യന്‍ കോളേജുകള്‍ക്ക് വിദേശത്ത് കാമ്പസുകള്‍ സ്ഥാപിക്കുന്നതിനു പുറമേ വിദേശ സ്ഥാപനങ്ങളുമായി വിദ്യാര്‍ത്ഥി കൈമാറ്റ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായമേകും.ഉയര്‍ന്ന നിലവാരമുള്ള വിദേശ സ്ഥാപനങ്ങളുമായുള്ള ഗവേഷണ / അധ്യാപന സഹകരണവും ഫാക്കല്‍റ്റി / വിദ്യാര്‍ത്ഥി കൈമാറ്റങ്ങളും സുഗമമാക്കും. പരസ്പരം പ്രയോജനകരമായ ധാരണാപത്രങ്ങള്‍ വിദേശ രാജ്യങ്ങളുമായി ഒപ്പുവെച്ചുകൊണ്ട് ഇതു സാധ്യമാക്കാനാണ് പുതിയ നയത്തില്‍ ശിപാര്‍ശയുള്ളത്.

നിലവിലുള്ള ദി ഫോറിന്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് നിയമ (2010) പ്രകാരം, ഒരു ഇന്ത്യന്‍ കോളേജുമായുള്ള പങ്കാളിത്തത്തിലൂടെ മാത്രമേ അന്താരാഷ്ട്ര കോളേജുകള്‍ക്ക് ഇവിടെ കോഴ്സുകള്‍ നല്‍കാന്‍ കഴിയൂ.ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതിനുപകരിക്കും പുതിയ നീക്കമെന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവര്‍ പറയുന്നു.' ഇന്ത്യന്‍ സര്‍വ്വകലാശാലകളെ ഓഫ്ഷോര്‍ കാമ്പസുകള്‍ സ്ഥാപിക്കുന്നതിനും വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനും അനുവദിക്കുന്നത് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക മാത്രമല്ല, ആഗോള വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും'- എസ്പി ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ് പ്രസിഡന്റ് നിതീഷ് ജെയിന്‍ പറഞ്ഞു.

ഡോ.കെ.കസ്തൂരിരംഗന്റെ ശുപാര്‍ശകള്‍ പ്രകാരം നടപ്പാകുന്ന പ്രീ സ്‌കൂള്‍ മുതല്‍ 12 ാം ക്‌ളാസ് വരെയുളള പതിനഞ്ച് വര്‍ഷം നീളുന്ന പുതിയ പഠനരീതിയിലൂടെ 2 കോടിയോളം കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കൂടുതലായി എത്താനാകും എന്ന് അമിത് ഖാരെ പറയുന്നു. പത്ത് വര്‍ഷം സമയമെടുത്താകും ഇത് നടപ്പാക്കുക. കോളേജുകളിലെ വിവിധ തലത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം ഉയരും. ഉന്നത വിദ്യാഭ്യാസത്തിനായി നിലവിലുളള യു ജി സി, എ ഐ സി ടി ഇ എന്നിവ ഒരു കുടക്കീഴിലാക്കുമെന്നും ഇതിനായുളള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാനാണ് ശ്രമമെന്നും ഖാരെ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it