ഏത് കോഴ്സ് തെരഞ്ഞെടുക്കണം? മുരളി തുമ്മാരുകുടി എഴുതുന്നു

"സാർ ഡിസാസ്റ്റർ മാനേജ്‌മെന്റിന് നല്ല സ്കോപ്പ് ഉണ്ടോ ?"
"ഡിഗ്രിക്ക് എൻവിറോണ്മെന്റൽ സയൻസ് എടുക്കട്ടേ, ഭാവിയിൽ നല്ല സ്കോപ്പ് ഉണ്ടെന്ന് പറഞ്ഞു"

ഇത്തരത്തിലുള്ള ചോദ്യങ്ങൾ ദിവസേന ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. കരിയർ കൗണ്സലിങ്ങിനെ പറ്റി ഏറെ എഴുതുകയും പറയുകയും ചെയ്യുന്ന ഞങ്ങൾക്ക് ഇതല്പം നിരാശാജനകമായ ചോദ്യമാണ്.

ലോകത്ത് ഏത് വിഷയത്തിനാണ് സ്കോപ്പ് ഇല്ലത്തത് ?, കംപ്യൂട്ടർ സയൻസിന് മാത്രമല്ല മൂട്ടയെ പിടിക്കുന്ന പട്ടിയെ പരിശീലിപ്പിക്കുന്ന ജോലിക്ക് പോലും സ്കോപ്പ് ഉണ്ട്, പലപ്പോഴും കമ്പ്യൂട്ടർ എഞ്ചിനീയരെക്കാൾ ശമ്പളവും. ആ കഥ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.

കരിയർ ചോയ്‌സിൽ പ്രധാനമായി നോക്കേണ്ടത് നിങ്ങൾ എന്ത് പഠിക്കുന്നു എന്നതിനേക്കാൾ എവിടെ പഠിക്കുന്നു എന്നതാണ്. ഇനിയുള്ള കാലത്ത് നിങ്ങളുടെ വ്യക്തിബന്ധങ്ങൾ, ഒരു തൊഴിലിൽ നിന്നും മറ്റൊരു തൊഴിലിലേക്ക് കൊണ്ടുപോകാവുന്ന കഴിവുകൾ, ഒരു തൊഴിലിൽ നിന്നും മറ്റൊരു തൊഴിലിലേക്ക് മാറാൻ നിങ്ങൾക്കുള്ള കഴിവ് ഇതൊക്കെയാണ് നിങ്ങളുടെ തൊഴിൽ ജീവിതത്തിന് മുതൽക്കൂട്ടാവുന്ന മൂലധനം ആകാൻ പോകുന്നത്.

അപ്പോൾ നിങ്ങൾക്ക് സാധിക്കാവുന്ന ഏറ്റവും നല്ല കോളേജിൽ പഠിക്കുക. നല്ല കോളേജ് എന്നാൽ ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉള്ളത്, ഏറ്റവും ഫ്ലെക്സിബിൾ ആയിട്ടുള്ള കരിക്കുലം ഉള്ളത്, ഏറ്റവും നല്ല അധ്യാപകർ ഉള്ളത് എന്നിങ്ങനെയാണ് തീരുമാനിക്കേണ്ടത്. കോളേജിലെ ലൈബ്രറി എയർ കണ്ടീഷൻ ആണോ, ഹോസ്റ്റലിൽ നല്ല ഭക്ഷണമാണോ എന്നുള്ളതൊക്കെ നല്ല കോളേജിനെ തീരുമാനിക്കുന്ന ഘടകങ്ങൾ ആകരുത്. അതുകൊണ്ടാണ് അമേരിക്കയിലും ഇംഗ്ലണ്ടിലും ഉളള കോളേജുകളിൽ സാധിക്കുമെങ്കിൽ പോകാൻ ഞങ്ങൾ നിർദ്ദേശിക്കാറുള്ളത്, അതുകൊണ്ടാണ് ഡൽഹി യൂണിവേഴ്സിറ്റിയിലെ നല്ല കോളേജുകളിൽ എക്കണോമിക്സ് പഠിക്കുന്നത് കേരളത്തിലെ ശരാശരി കോളേജുകളിൽ എൻജിനീയറിങ്ങ് പഠിക്കുന്നതിലും നല്ലതാണെന്ന് ഞങ്ങൾ പറയാറുള്ളത്.

പക്ഷെ നിർഭാഗ്യവശാൽ കൂടുതൽ ആളുകളും എന്ത് പഠിക്കണം എന്ന തിരഞ്ഞെടുപ്പ് നടത്തുന്നത് അങ്ങനെയല്ല. ഏതെങ്കിലും ഒരു പുതിയ കോഴ്സ് യൂണിവേഴ്സിറ്റികൾ തുടങ്ങും, അതാണ് ഭാവി എന്ന് കുറച്ചു കരിയർ വിദഗ്ധരും മറ്റുളളവരും പറയും, കുട്ടികൾ അതിന്റെ പുറകേ പോകും. കുറച്ചു നാൾ കഴിയുമ്പോൾ കുട്ടികൾ പെരുവഴിയാകും, കരിയർ വിദഗ്ദർ പുതിയ നിർദ്ദേശങ്ങളും ആയി വരും.

ഒരുകാലത്ത് എൻവിറോണ്മെന്റൽ സയൻസ് ആയിരുന്നു ഇവരുടെ ഫേവറിറ്റ്. പരിസ്ഥിതിയാണ് ഭാവി എന്നൊക്കെ പറഞ്ഞു. കേരളത്തിൽ ഉൾപ്പടെയുള്ള യൂണിവേഴ്സിറ്റികൾ ഡിഗ്രി കോഴ്സ് തുടങ്ങി. നല്ല മാർക്ക് മാത്രമല്ല കൂടുതൽ സാമൂഹ്യബോധം ഉള്ള കുട്ടികൾ അത് പഠിക്കാൻ പോയി. പക്ഷെ നിർഭാഗ്യവശാൽ അന്നും ഇന്നും ഈ രംഗത്തെ തൊഴിൽ അവസരങ്ങൾ "ഹൈപ്പിന്" ഒത്ത് ഉയരന്നിട്ടില്ല. കഷ്ടപ്പെടുന്ന കുട്ടികളെ ഞാൻ എത്രയോ കാണുന്നു.

പിന്നെ അത് ബയോ ടെക്‌നോളജി ആയി. അന്നത്തെ വിദഗ്ദ്ധർ തന്നെ, അടുത്ത നൂറ്റാണ്ട് ബയോടെക്‌നോളജി ആണെന്ന് പറഞ്ഞു. ഡിഗ്രി കോഴ്‌സുകൾ തുടങ്ങി, മിടുക്കരും മിടുക്കികളും ആയ കുട്ടികൾ അതിന് പുറകെ പോയി. അവരുടെ തൊഴിൽ സാദ്ധ്യതകൾ എന്താണെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ഒരു വിശകലനം നടത്തിയിരുന്നോ ?

ഇപ്പോൾ ഈ സ്ഥാനത്ത് ഡാറ്റ സയൻസാണ്. നാലാം വ്യവസായ വിപ്ലവം വരുന്നു, ഡാറ്റ ആണ് പുതിയ ഓയിൽ, റോബോട്ടിക്‌സ്, ബിഗ് ഡാറ്റ അനാലിസിസ്, സൈബർ ഫോറെസ്ൻസിക്സ് ഇതൊക്കെയാണ് ഭാവി. ശരിയാണ്.

പക്ഷെ ഇതിന്റെയൊക്കെ തൊഴിൽ രംഗം എത്രമാത്രം വികസിച്ചിട്ടുണ്ട് ?, ആരും കേട്ടിട്ടില്ലാത്ത ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും പുതിയൊരു ഡിഗ്രിയുമായി കമ്പോളത്തിൽ എത്തിയാൽ തൊഴിൽ സാധ്യത എന്താണ് ?

ഞങ്ങളുടെ നിർദ്ദേശം ഇതാണ്. ഡിഗ്രി എടുക്കാൻ പോകുമ്പോൾ വളരെ സ്പെഷ്യലിസ്റ്റ് ആയിട്ടുള്ള ഒരു വിഷയം തിരഞ്ഞെടുക്കാതിരിക്കുക. കമ്പ്യൂട്ടർ സയൻസോ മെക്കാനിക്കലോ ഒക്കെ ആയി തുടങ്ങിയിട്ട് വേണമെങ്കിൽ മാസ്റ്റേഴ്സ് എടുത്തോ അല്ലെങ്കിൽ സർട്ടിഫിക്കേഷൻ എടുത്തോ ബിഗ് ഡേറ്റയിലേക്കൊക്കെ മാറാം. അതാണ് ശരി.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം ഇറങ്ങുന്നത്. അതിൽ നാദിയ മൊയ്തു ഒരു മഞ്ഞക്കുപ്പായം ഇട്ടു. അക്കാലത്ത് ഒട്ടും പോപ്പുലർ അല്ലായിരുന്ന നിറമായിരുന്നു അത്, പക്ഷെ സിനിമ ഇറങ്ങിയതോടെ തുണിക്കടകളിൽ ഒക്കെ മഞ്ഞ തുണിക്ക് വലിയ ഡിമാൻഡ് ആയി. നാടുനീളെ മഞ്ഞക്കിളികളായി.

നമ്മുടെ പല കരിയർ ചോയ്സുകളും ഇതുപോലെയാണ്. തുണിക്കടയിൽ ഇരിക്കുന്ന ഓരോ ഡ്രെസ്സിനും ആവശ്യക്കാരുണ്ട്, അത് വിലയും, നിറവും, തുണിയുടെ തരവും അനുസരിച്ച് ആർക്കെങ്കിലും ഒക്കെ ചേർന്നതുമായിരിക്കും. പക്ഷെ പലപ്പോഴും നമ്മൾ ആ കാര്യം ചിന്തിക്കാതെ ഏറ്റവും പുതിയ ഫാഷന്റെ പുറകെ പോകും.
മഞ്ഞ കുപ്പായം നമുക്ക് ചേരില്ല എന്ന് തോന്നിയാൽ അല്ലെങ്കിൽ ഫാഷൻ മാറിയാൽ അത് മാറ്റി പച്ചക്കുപ്പായം ആക്കാൻ അത്ര ബുദ്ധിമുട്ടില്ല. പക്ഷെ മൂന്നു വർഷം കൊണ്ടൊരു ഡിഗ്രി എടുത്താൽ പിന്നെ തിരിച്ചു പോക്ക് എളുപ്പമല്ല. അതുകൊണ്ട് ആദ്യത്തെ തിരഞ്ഞെടുക്കൽ ആലോചിച്ച് വേണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it