ഈ മേഖലകളില്‍ സൃഷ്ടിക്കപ്പെടുന്നു, മികച്ച അവസരങ്ങള്‍

സൈബര്‍ സെക്യൂരിറ്റി

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖല എത്രത്തോളം വികസിക്കുന്നുവോ അത്രത്തോളം സൈബര്‍സെക്യൂരിറ്റിയെക്കുറിച്ചുള്ള ആശങ്കകളും കൂടുന്നു. വന്‍കിട കമ്പനികള്‍ തങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ഏറെ പണം ചെലവഴിക്കുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ വൈദഗ്ധ്യം നേടിയ പ്രൊഫഷണലുകള്‍ക്ക് സാധ്യതകളേറെയാണ്. വിവിധ സ്ഥാപനങ്ങള്‍ ഈ രംഗത്ത് ഡിപ്ലോമ കോഴ്‌സുകളും ഹ്രസ്വകാല കോഴ്‌സുകളും നടത്തുന്നുണ്ട്.

ഡാറ്റ അനലിറ്റിക്‌സ്

2020ഓടെ ഈ മേഖലയുടെ സാധ്യതകള്‍ കൂടുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ ബിസിനസ് മേഖലകളിലും ഇതിന്റെ പ്രാധാന്യം വര്‍ധിക്കും. ഇന്ത്യയില്‍ തന്നെ നിരവധി സ്ഥാപനങ്ങള്‍ ഡാറ്റ അനലിറ്റിക്‌സിന്റെ സാധ്യതകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രോഡക്റ്റ് ഡിസൈനിംഗ്

ക്രിയാത്മകത വേണ്ട മേഖലകള്‍ക്ക് എന്തൊക്കെ ഓട്ടോമേഷന്‍ വന്നാലും സാധ്യതകള്‍ കുറയില്ല. അവയ്ക്ക് മനുഷ്യബുദ്ധി ആവശ്യമാണെന്നതാണ് ഇതിന് കാരണം. ഇവിടെയാണ് പ്രോഡക്റ്റ് ഡിസൈനേഴ്‌സിന്റെ സാധ്യത. വാഹനങ്ങള്‍, അപ്ലയന്‍സസ്, ഗാഡ്ജറ്റ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഡിസൈനേഴ്‌സിന് സാധ്യതകളേറെയാണ്.

മെഷീന്‍ ലേണിംഗ് എന്‍ജിനീയറിംഗ്

ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡിന്‍ നടത്തിയ സര്‍വേ പ്രകാരം അതിവേഗം വളരുന്ന തൊഴില്‍മേഖലകളില്‍ ഏറ്റവും മുന്നിലെത്തിയത് മെഷീന്‍ ലേണിംഗ് എന്‍ജിനീയറിംഗ് ആണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുടെ ഭാഗമാണ് മെഷീന്‍ ലേണിംഗ്.

മാര്‍ക്കറ്റ് റിസര്‍ച്ച് അനലിസ്റ്റ്

ഏത് തരം ഉല്‍പ്പന്നമാണ് ഉപഭോക്താക്കള്‍ക്ക് വേണ്ടത്, ആര്, എത്ര വിലയില്‍ അത് വാങ്ങും, ആരാണ് എതിരാളികള്‍ തുടങ്ങിയ നിര്‍ണ്ണായകമായ വിവരങ്ങള്‍ മനസിലാക്കാന്‍ കമ്പനികളെ സഹായിക്കുകയാണ് മാര്‍ക്കറ്റ് റിസര്‍ച്ച് അനലിസ്റ്റിന്റെ ജോലി. ഇവര്‍ ഡാറ്റ ശേഖരിച്ച് അത് വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കുന്നു. അതിന് അനുസരിച്ച് വിപണിതന്ത്രങ്ങള്‍ മെനയുകയും മാര്‍ക്കറ്റിംഗ് കാംപെയ്‌നുകള്‍ ഒരുക്കുകയും ചെയ്യുന്നു.

ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് / അനാലിസിസ്

ഏതു കാലഘട്ടത്തിലും മികച്ച അവസരങ്ങളുള്ള മേഖലയാണ് ഫിനാന്‍ഷ്യല്‍ രംഗം. എന്നാല്‍ അതില്‍ എത്തരത്തിലുള്ള വൈദഗ്ധ്യമാണ് നേടുന്നത് എന്നതാണ് പ്രധാനം. വരാനിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍, സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍, കമ്പനിയുടെ ആസ്തി, ബാധ്യത, ചെലവ്, വരുമാനം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തി കമ്പനിയുടെ ദീര്‍ഘകാല ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജി രൂപപ്പെടുത്തുക എന്ന ഫിനാന്‍ഷ്യല്‍ പ്ലാനറുടെ ഉത്തരവാദിത്തം ചെറുതല്ല.

മാനേജ്‌മെന്റ് അനലിറ്റിക്‌സ്

ഒരു സ്ഥാപനം എങ്ങനെ കൂടുതല്‍ കാര്യക്ഷമമായും ഉല്‍പ്പാദനക്ഷമമായും നടത്തിക്കൊണ്ടുപോകാം എന്ന കാര്യത്തില്‍ റിസര്‍ച്ച് നടത്തുകയും അതിനനുസരിച്ച് സ്ഥാപനത്തില്‍ മാനേജ്‌മെന്റ് തന്ത്രങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു. ഏറെ അവസരങ്ങളുള്ള മേഖലയാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it