യു.എസ് സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകളിലൂടെ ഇന്ത്യയില്‍ നിന്ന് ചാകരക്കൊയ്ത്ത്

അമേരിക്കയിലെ പേരുകേട്ട ഓണ്‍ലൈന്‍ പഠന പദ്ധതികളിലൂടെ പ്രശസ്ത സര്‍വകലാശാലകള്‍ ഇന്ത്യയില്‍ നിന്ന് കൊയ്‌തെടുക്കുന്നത് അനേക കോടി ഡോളര്‍. പ്രധാനമായും ഇന്ത്യയെയും ചൈനയെയും മുന്നില്‍ക്കണ്ട് വലിയ മുതല്‍ മുടക്കോടെ ഈ രംഗത്ത് വന്‍ വികസന പരിപാടികളാണ് വിവിധ സര്‍വകലാശാലകള്‍ ആവിഷ്‌കരിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ പഠന രംഗത്തേക്ക് ഏകദേശം 50 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങിക്കഴിഞ്ഞു മിഷിഗണ്‍ സര്‍വകലാശാല. വിര്‍ച്വല്‍ റിയാലിറ്റി ഉള്‍പ്പടെ അധ്യാപനം സുഗമവും കാര്യക്ഷമവുമാക്കാനുപകരിക്കുന്ന പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരികയാണു ലക്ഷ്യമെന്ന്
സര്‍വകലാശാല പ്രസിഡന്റ് മാര്‍ക്ക് ഷ്‌ലിസെല്‍ പറഞ്ഞു

കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഭാഷകള്‍, ഡാറ്റ സയന്‍സ്, ബിസിനസ് സയന്‍സ് എന്നിവയാണ് ഇന്ത്യക്കാര്‍ പഠിക്കുന്ന പ്രധാന വിഷയങ്ങള്‍. എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസത്തിന് ഇന്ത്യില്‍ മുന്‍ തൂക്കം ലഭിച്ചുവരുന്നു. അധ്വാനിക്കുന്ന ബിരുദധാരികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പുതുക്കേണ്ടതിനെപ്പറ്റിയുള്ള ധാരണയാണതിനു കാരണമെന്ന്
മാര്‍ക്ക് ഷ്‌ലിസെല്‍ നിരീക്ഷിക്കുന്ന്ു.

മിഷിഗണ്‍ സര്‍വകലാശാല ഒരു പതിറ്റാണ്ട് മുമ്പാണ് ഓണ്‍ലൈന്‍ പഠന പദ്ധതിക്കു തുടക്കം കുറിച്ചത്. അതിനുശേഷം, ആറ് ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ കോഴ്‌സുകളില്‍ ചേര്‍ന്നതില്‍ പത്തിലൊന്ന് ഇന്ത്യയില്‍ നിന്നാണ്. മിഷിഗണ്‍ സര്‍വകലാശാല പങ്കാളികളായ യുഎസ് ആസ്ഥാനമായുള്ള എഡ്ടെക് പ്ലാറ്റ്ഫോമായ കോഴ്സെറയ്ക്ക് ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്.

സ്റ്റാന്‍ഫോര്‍ഡിന്റെ മെഷീന്‍ ലേണിംഗ് മൊഡ്യൂളിനുശേഷം അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ കോഴ്സാണ് മിഷിഗണ്‍ സര്‍വകലാശാലയുടെ ' പ്രോഗ്രാമിംഗ് ഫോര്‍ എവരിവണ്‍'. ഈ മേഖലയിലെ മികച്ച പ്രൊഫസര്‍മാര്‍ക്ക് ഒരു ദശലക്ഷം വരെ വിദ്യാര്‍ത്ഥികളാണ് നിലവിലുള്ളതെന്ന് ഷ്‌ലിസെല്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലയിലെ 30 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ കിട്ടിയതിലേറെ ശിഷ്യസമ്പത്താണ് ഒരൊറ്റ ഓണ്‍ലൈന്‍ കോഴ്സിലൂടെ ഇവര്‍ക്കു കൈവരുന്നത്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പോല നിരവധി സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പഠന പദ്ധതികളിലൂടെ ഇന്ത്യയില്‍ നിന്നു കോടികള്‍ കൊയ്യുന്നു.

ഇന്ത്യയിലെ കോളേജുകളും സര്‍വ്വകലാശാലകളും നിരവധി പ്രശ്നങ്ങളാല്‍ വലയുന്നത് മൂലവും ഓണ്‍ലൈന്‍ കോഴ്സുകളെ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നുണ്ടെന്ന് ഷ്‌ലിസെല്‍ പറയുന്നു. അധ്യാപകരുടെ അഭാവം മൂലമുള്ള മോശം ഫാക്കല്‍റ്റി-വിദ്യാര്‍ത്ഥി അനുപാതം, കുറഞ്ഞ നിലവാരമുള്ള ഗവേഷണം തുടങ്ങിയവ മാറാതെ അവശേഷിക്കുന്നു. എങ്കിലും പരമ്പരാഗത വിദ്യാഭ്യാസത്തിന് പൂര്‍ണ ബദലാകില്ല ഓണ്‍ലൈന്‍ കോഴ്സുകളെന്ന കാര്യം അദ്ദേഹം ഊന്നിപ്പറയുന്നു. ഈ ശൈലിക്ക് സ്വതസ്സിദ്ധമായ പോരായ്മകളുണ്ട്. അവ പരിഹരിക്കാനുമാകില്ല.

അതേസമയം, സാങ്കേതികവിദ്യയുടെ വളര്‍ച്ച വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ കോഴ്സുകളുടെ രംഗപ്രവേശം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. പരമ്പരാഗത രീതിയില്‍ കോളേജ്, സര്‍വകലാശാല വിദ്യാഭ്യാസം നേടാനാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ മുന്നോട്ടുവെക്കുന്നത് വലിയ സാധ്യതകളാണ്. വേണമെങ്കില്‍ ജോലിയോടൊപ്പം തന്നെ കോഴ്സുകള്‍ ചെയ്യാമെന്ന സൗകര്യവും ഓണ്‍ലൈന്‍ പഠനരീതിയെ ആകര്‍ഷകമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

നിലവില്‍ ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ ജോലി എളുപ്പമാക്കാനോ സ്ഥാനക്കയറ്റത്തിനോ ആവശ്യമായ എന്ത് കഴിവാണോ ആവശ്യം, അത് ആര്‍ജിച്ചെടുക്കാന്‍ സഹായിക്കുന്ന ധാരാളം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ലഭ്യമാണ്. വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത പ്രൊഫഷണല്‍ കോഴ്‌സുകളും ഡിപ്ലോമ കോഴ്‌സുകളും നിരവധി വെബ്‌സൈറ്റുകള്‍ വഴി നല്‍കുന്നുണ്ട്. ഇതില്‍നിന്ന് ആവശ്യമായ കോഴ്‌സ് കൃത്യമായി തിരിച്ചറിഞ്ഞ് വേണം തിരഞ്ഞെടുക്കാന്‍.

വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാഷാ പഠനത്തിനുള്ള കോഴ്‌സുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നുണ്ട്. പ്രത്യേക സോഫ്റ്റ്വെയറുകളേക്കുറിച്ചോ നെറ്റ്വര്‍ക്കുകളേക്കുറിച്ചോ പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ലഭ്യം. സിവില്‍ സര്‍വീസ് പോലുള്ള മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനവും പേഴ്‌സണാലിറ്റി ട്രെയിനിങ്ങുമുള്‍പ്പെടെ ധാരാളം കോഴ്‌സുകള്‍ വേറെ.

ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പഠനരീതി ഏതുതരത്തിലുള്ളതാണെന്ന് തുടക്കത്തില്‍തന്നെ നോക്കണം. മുന്‍കൂട്ടി റെക്കോര്‍ഡു ചെയ്തുവെച്ച വീഡിയോ വഴിയാണ് കോഴ്‌സ് പഠിപ്പിക്കുന്നതെങ്കില്‍ അത്തരം കോഴ്‌സുകള്‍ ഒഴിവാക്കുകയാണു നന്ന്. ഇവയില്‍ സമകാലിക മാറ്റങ്ങള്‍ ഉണ്ടാകണമെന്നില്ല.
വെബിനാര്‍ പോലുള്ള ലൈവ് സെഷനുകള്‍ വളരെ ഉപകാരപ്രദമായി കാണാറുണ്ട്. കോഴ്‌സ് പഠിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സംശയദൂരീകരണം നടത്താനും ഇത്തരം സെഷനുകള്‍ സഹായിക്കും. കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വെബ്‌സൈറ്റുകളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം.

ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്ന ഏജന്‍സികളില്‍ മിക്കവയും ഇന്ത്യയിലെയോ വിദേശത്തെയോ മികച്ച വിദ്യാഭ്യാസ സ്ഥാപനവുമായോ സര്‍വകലാശാലയുമായോ അഫിലിയേറ്റ് ചെയ്തിട്ടുണ്ടാകും. കോഴ്സിന് ചേരും മുന്‍പ് ഇക്കാര്യം ഉറപ്പുവരുത്തണം. അഫിലിയേഷന്‍ ഉറപ്പാക്കുന്നതോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന് പൊതുവേയുള്ള മതിപ്പ് എത്രത്തോളമുണ്ടെന്ന് അറിയാനും ശ്രമിക്കണം. പൊതുവില്‍ നല്ല അഭിപ്രായമുള്ള സര്‍വകലാശാലയുടെ / സ്ഥാപനത്തിന്റെ പേര് ബയോഡാറ്റയില്‍ ചേര്‍ക്കാനായാല്‍ നിങ്ങളേക്കുറിച്ചുള്ള മതിപ്പുയരുമെന്ന കാര്യം മനസില്‍ വെക്കുക.

നിശ്ചിത കാലയളവും ഫീസും എല്ലാ കോഴ്സുകള്‍ക്കുമുണ്ടാകും. ഫീസ് അടയ്ക്കുന്നതിന് മുന്‍പ് സമാനമായ മറ്റ് കോഴ്സുകളുമായി താരതമ്യം ചെയ്യുന്നതും സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കുന്നതും നല്ലതാണ്. ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ ജോലിയും പഠനവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്നതിന് കൃത്യമായ ധാരണയുണ്ടാകണം. കൂടുതല്‍ ഓണ്‍ലൈന്‍ സെഷനുകളില്‍ പങ്കെടുക്കാന്‍ അനുയോജ്യമായ സമയം തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സ്വായത്തമാക്കുന്ന പുതിയ അറിവുകള്‍ തൊഴിലിടത്തില്‍ പ്രയോഗിച്ചുനോക്കുന്നതുവഴി പഠിക്കുന്ന കോഴ്സിന്റെ കാര്യക്ഷമത അറിയാനുമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it