വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ശ്രദ്ധിക്കാന്‍; ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ ഒരുങ്ങും മുമ്പ്

വിദ്യാഭ്യാസ കാലഘട്ടത്തിലെ വഴിത്തിരിവാണ് ഇന്‍േറണ്‍ഷിപ്പ് കാലഘട്ടം. ഇതുവരെ പഠിച്ച അറിവ് പ്രായോഗികമായി ഉപയോഗിക്കാനുള്ള അവസരം. കഴിവ് തെളിയിച്ചാല്‍ ചിലപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന അതേ സ്ഥാപനത്തില്‍ തന്നെ ജോലി നേടാം. അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കിട്ടിയ അവസരം നിങ്ങള്‍ എങ്ങനെ വിനിയോഗിച്ചെന്ന് ഭാവിയിലെ തൊഴില്‍ദാതാക്കളും ശ്രദ്ധിക്കും. മികച്ച രീതിയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നത് പിന്നീടുള്ള നിങ്ങളുടെ കരിയര്‍ ജീവിതത്തെ ഏറെ സ്വാധീനിക്കും.

ഇന്റേണ്‍ഷിപ്പിനെ നിസാരമായി കാണരുത്. നിങ്ങള്‍ക്ക് ഏത് മേഖലയിലാണ് ജോലി ചെയ്യാന്‍ താല്‍പ്പര്യം, നിങ്ങളുടെ കഴിവുകള്‍ അനുസരിച്ച് എവിടെയാണോ ശോഭിക്കാന്‍ സാധിക്കുന്നത് ആ മേഖലയിലായിരിക്കണം ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടത്. ഇതാ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

 • ഒരോ സ്ഥാപനത്തിലെയും തൊഴില്‍ സംസ്‌കാരവും പ്രവര്‍ത്തന രീതിയുമൊക്കെ വ്യത്യസ്തമാണ്. അതിലേക്ക് പരമാവധി മാറാന്‍ നിങ്ങള്‍ തയാറായാല്‍ നിങ്ങളുടെ കരിയര്‍ സ്‌കില്ലുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായിരിക്കണം പ്രഥമ പ്രാധാന്യം. അതിന് പ്രയോജനകരമാകുന്ന രീതിയിലായിരിക്കണം പ്രവര്‍ത്തനം.
 • ഏറ്റവുമാദ്യം കിട്ടുന്ന ഉദ്യമമാണ് നിങ്ങളുടെ ടേണിംഗ് പോയിന്റ്. അത് തൃപ്തികരമായി ചെയ്താലേ കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാന്‍

  അധികാരികള്‍ക്ക് നിങ്ങളില്‍ വിശ്വാസമുണ്ടാകൂ.

 • നിങ്ങളുടെ ഉദ്യമം പൂര്‍ത്തിയാക്കാന്‍ സ്ഥാപനത്തിലെ ആരുടെയെങ്കിലും സഹായം ആവശ്യമാണെങ്കില്‍ വിനയപൂര്‍വം അത് അഭ്യര്‍ത്ഥിക്കുക.

  പക്ഷേ അവരെ അനാവശ്യ കാര്യങ്ങള്‍ക്കായി ബുദ്ധിമുട്ടിക്കരുത്. മികച്ച പ്രൊഫഷണല്‍ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള സമയം കൂടിയാണിത്. നിങ്ങളെ കരിയറില്‍ സഹായിക്കുന്ന ആളുകളുമായി മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുക.

 • സംസാരശൈലി, വസ്ത്രധാരണം തുടങ്ങിയ ഘടകങ്ങളില്‍ തൊട്ട് എല്ലാക്കാര്യത്തിലും പ്രൊഫഷണലിസം ഉണ്ടാകണം.

ഇനി കമ്പനി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • നിങ്ങളുടെ അഭിരുചി, കഴിവ്, പിന്നീട് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മേഖല തുടങ്ങിയവയുമായി ബന്ധട്ടെ സ്ഥാപനം ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ തെരഞ്ഞെടുക്കുക.
 • സ്ഥാപനത്തിന്റെ പേരും പെരുമയും മാത്രം നോക്കാതെ നിങ്ങള്‍ക്ക് മികച്ച മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്ന സംവിധാനം അവിടെയുണ്ടോ? കൂടുതലെന്തെങ്കിലും അവിടെ ചെയ്യാനാകുമോ? തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
 • ഇന്റേണ്‍ഷിപ്പിലൂടെ ജോലിയാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ അതിന് സാധ്യതയുള്ള കമ്പനിയാണോ എന്ന് ശ്രദ്ധിക്കുക. അവിടെ മുമ്പ് ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുള്ളവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളെക്കാള്‍ സ്വകാര്യ സ്ഥാപനങ്ങളായിരിക്കും ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
 • മിക്ക പ്രമുഖ സ്ഥാപനങ്ങളും ഇപ്പോള്‍ ഇന്റേണ്‍ഷിപ്പ് അഥവാ പ്രോജക്റ്റ് ചെയ്യാനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കുന്നുണ്ട്. പക്ഷേ ഇത്തരം സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളോട് ഒരു ഉത്തരവാദിത്തം ഉള്ളതായാണ് കണ്ടുവരുന്നത്. എങ്കിലും ഇക്കാര്യം പ്രത്യേകം അന്വേഷിക്കണം. ഏതെങ്കിലും പ്രത്യേക മേഖലകളില്‍ മികച്ച പരിശീലനമാണ് ആവശ്യമെങ്കില്‍ ഫീസ് കൊടുത്തിട്ടായാലും അത്തരം സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല.
 • ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതോടൊപ്പം പണവും സമ്പാദിക്കണം എന്നാണ് ചിന്തയെങ്കില്‍ അതിനും മാര്‍ഗമുണ്ട്. ചിലകമ്പനികള്‍ സ്റ്റൈപ്പന്റ് നല്‍കുന്നുണ്ട്. ഇത്തരം കമ്പനികള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ജോലി ചെയ്യുന്നതിന് പ്രതിഫലം തരുന്നതുകൊണ്ട് തന്നെ അത്തരം കമ്പനികള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതില്‍ ശ്രദ്ധിക്കും. ഇത് തുടക്കക്കാരെന്ന നിലയില്‍ പരിശീലനം ലഭിക്കുന്നതിന് ഏറെ സഹായിക്കും.
 • ഏതെങ്കിലും സ്ഥാപനം തെരഞ്ഞെടുക്കുന്നതിന് മുമ്പ് അവിടെ മുമ്പ് ഇന്റേണ്‍ഷിപ്പ് ചെയ്ത വരോടോ അവിടത്തെ ജീവനക്കാരോടോ സ്ഥാപനത്തിന്റെ സ്വഭാവത്തെറ്റി ചോദിക്കാം.
 • ഏതെങ്കിലും കമ്പനി തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ ആ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച്, കമ്പനിയുടെ ലഘുചരിത്രം, മിഷന്‍, നല്‍കുന്ന സേവനങ്ങള്‍ എന്നിവയൊക്കെ മനസിലാക്കണം.
 • ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പിനായി അവസരം കിട്ടിയാല്‍ എല്ലാം തീര്‍ന്നു എന്ന് വിചാരിക്കരുത്. കോഴ്സിന്റെ അവസാനഘട്ടത്തില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയാറാക്കാനുള്ള മാര്‍ഗമായി മാത്രം ഇന്റേണ്‍ഷിപ്പിനെ കാണരുത്. കാണുക. നിങ്ങളുടെ കഴിവുകള്‍ മൂര്‍ച്ച കൂട്ടാനുള്ള അവസരമായും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള അവസരമായും ഇന്റേണ്‍ഷിപ്പിനെ കാണുക.

(ലേഖനം ധനം മാഗസിൻ 2010 മെയ് മാസം പ്രസിദ്ധീകരിച്ചത് )

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it