മികച്ച എഞ്ചിനീയര്‍മാരിലൂടെയേ 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ കൈവരൂ: നിതി ആയോഗ് സിഇഒ

ഏറ്റവും മികവാര്‍ന്ന എഞ്ചിനീയര്‍മാരെ സൃഷ്ടിക്കാതെ ഇന്ത്യക്ക് 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ കൈവരിക്കാന്‍ കഴിയില്ലെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. എഞ്ചിനീയര്‍മാരാണ് രാജ്യം പണിയുന്നത്; ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യ വികസന കുതിച്ചുചാട്ടത്തിന് ജനങ്ങളെ പ്രാപ്തരാക്കുന്നു-അദ്ദേഹം പറഞ്ഞു.

പാനസോണിക് ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്ത ഉന്നത സ്‌കോളര്‍ഷിപ്പ് ലഭിച്ച 30 പേരെ അഭിനന്ദിക്കുന്നതിനു സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിതി ആയോഗ് സിഇഒ. 'യുവ സ്റ്റാര്‍ട്ടപ്പുകള്‍ സാധ്യമാക്കിയ വലിയ മുന്നേറ്റം ഇന്ന് നാം രാജ്യത്ത് കാണുന്നു. ഇ-കൊമേഴ്സ് രംഗത്തു മാത്രമല്ല അവ തിളങ്ങുന്നത്. വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലകളിലെയെല്ലാം സജീവ മാതൃകകളായിക്കഴിഞ്ഞു യുവ സ്റ്റാര്‍ട്ടപ്പുകള്‍. മണ്ണിനെയും കാലാവസ്ഥയെയും അടിസ്ഥാനമാക്കിയുള്ള തത്സമയ ഡാറ്റ ഉപയോഗിച്ച് അവ കൃഷിക്കാരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.വിദ്യാഭ്യാസ രംഗത്ത് നിലവാരമുയര്‍ത്താന്‍ കൃത്രിമബുദ്ധിയും യന്ത്ര പഠനവും പ്രയോജനപ്പെടുത്തുന്നു. '-അദ്ദേഹം പറഞ്ഞു.

ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ സ്വകാര്യമേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. 19 ഐഐടികളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണു സ്‌കോളര്‍ഷിപ്പ് നല്‍കിയത്.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it