-Ad-

രാജ്യത്തെ നികുതി ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വന്നാലെ ബിസിനസ് സുഗമമാകുകയുള്ളൂവെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്. സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ നികുതി വ്യവസ്ഥ ലളിതമാണ്. മാത്രമല്ല ഇ ഗവേണന്‍സ് സിസ്റ്റം വളരെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇവിടെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസ് ചമയുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ധനം റീറ്റെയ്ൽ ആൻഡ് ബ്രാൻഡ് സമിറ്റ് & അവാർഡ് നൈറ്റിൽ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

സര്‍ക്കാര്‍ എന്തു മാറിയാലും ബ്യൂറോക്രാറ്റുകള്‍ മാറിയിട്ടില്ല. ‘നികുതിയടയ്ക്കൂ, സുഖമായി ഉറങ്ങു’ എന്ന് സര്‍ക്കാര്‍ പരസ്യം നല്‍കുമ്പോള്‍ തന്നെയാണ് പാതിരാത്രിയിലും നീളുന്ന അനാവശ്യ പരിശോധനകളിലൂടെ സംരംഭകരുടെ ഉറക്കം കളയുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എങ്ങനെ നികുതി വെട്ടിക്കാം എന്നതാണ് ആളുകള്‍ ആദ്യം ചിന്തിക്കുന്നത്. വരുമാനത്തിന്റെ 86 ശതമാനവും നേടുന്നത് നികുതിയിലൂടെയായിരിക്കുകയും ദൈനംദിന കാര്യങ്ങള്‍ നടന്നു പോകുന്നത് ആ വരുമാനം കൊണ്ടു കൂടിയാകുന്ന ഒരു രാജ്യം കുറച്ചു കൂടി ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്.

സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്ത് ഇ ഗവേണിംഗ് സിസ്റ്റം മികച്ച രീതിയില്‍ ഉപയോഗിക്കാനാകണം. ഇ മോണിറ്ററിംഗ് നടത്താനുള്ള നടപടിയുണ്ടാവണം.

-Ad-

നികുതി ഘടനയിലും മാറ്റം വേണം. സ്വര്‍ണം ഇറക്കുമതി ചുങ്കം ഇപ്പോള്‍ പത്തു ശതമാനമാണ്. രണ്ട്-മൂന്ന് ശതമാനം ലാഭം മാത്രമെടുത്ത് സ്വര്‍ണം വില്‍ക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത് കൂടുതലാണ്. ഇതോടെ പലരും നികുതി വെട്ടിച്ച് സ്വര്‍ണം കൊണ്ടുവരാന്‍ തയാറാകുന്നു.

നികുതി വിധേയമായി മാന്യമായി സംരംഭം നടത്തുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ രാജ്യത്ത് പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജിഎസ്ടി വന്നത് കാര്യങ്ങള്‍ കുറച്ചു കൂടി നന്നാക്കിയിട്ടുണ്ട്. ഉല്‍പ്പാദനം മുതല്‍ വില്‍പ്പന വരെ ട്രാക്ക് ചെയ്യപ്പെടുന്നു എന്നതാണ് ജിഎസ്ടിയുടെ ഗുണം.

ഇന്നും കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ 21 ാം സ്ഥാനത്താണ്. നമ്മുടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം സംരംഭങ്ങള്‍ക്ക് എതിരാകുന്നു. മറ്റു സംസ്ഥാനങ്ങളില്‍ മികച്ച നിലയില്‍ ഉല്‍പ്പാദന യൂണിറ്റ് പ്രവര്‍ത്തിക്കുമ്പോഴും കേരളത്തില്‍ അത് സാധ്യമാകുന്നില്ല.

വിജയിക്കണോ, ബ്രാന്‍ഡ് ബില്‍ഡിംഗില്‍ മുഴുകുക

ശക്തമായ ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുന്നതിലൂടെ മാത്രമേ ഇന്ത്യന്‍ സംരംഭകര്‍ക്ക് ആഗോള തലത്തിലേക്ക് വളരാനാകൂ. ശക്തമായ ബ്രാന്‍ഡിന്റെ പേരിലാണ് പല വിദേശ ബ്രാന്‍ഡുകളും ചെറിയ മാര്‍ജിന്‍ മാത്രം നല്‍കി ഇവിടെ ഫ്രാഞ്ചൈസികളെ സൃഷ്ടിക്കുന്നത്. നമുക്കും അതിന് കഴിയും. മൊബീല്‍ ഫോണുകളില്‍ പോലും
പുതിയ സാങ്കേതിക വിദ്യകളും രീതികളും അവതരിപ്പിക്കപ്പെടുമ്പോള്‍ അത് നല്ലപോലെ വിനിയോഗിക്കാനാകണം.

മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കാലത്തു തന്നെ ബ്രാന്‍ഡ് ബില്‍ഡിംഗിനെ കുറിച്ച് അവബോധമുണ്ടായിരുന്നു. അന്ന് മുംബൈയിലെ ഒരു കമ്പനിക്കാണ് ഞങ്ങള്‍ കൊപ്ര വിറ്റിരുന്നത്. എന്നാല്‍ പെട്ടെന്ന് ആ കമ്പനി നഷ്ടത്തിലാകുകയും തങ്ങളുടെ പണം തരാന്‍ മാനേജ്‌മെന്റിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.

എന്നാല്‍ ബുദ്ധിപൂര്‍വം നീങ്ങിയ മാനേജ്‌മെന്റ് തങ്ങള്‍ വര്‍ഷങ്ങളായി സൃഷ്ടിച്ചെടുത്ത ബ്രാന്‍ഡ് നാമം ഹിന്ദുസ്ഥാന്‍ ലിവറിന് വില്‍ക്കുകയും നല്ലൊരു തുക നേടുകയും ചെയ്തു. എല്ലാ കടവും അവര്‍ക്ക് വീട്ടാനായത് ബ്രാന്‍ഡ് എന്ന ഒറ്റക്കാര്യം കൊണ്ടാണ്. ഇതാണ് ജൂവല്‍റി ബിസിനസിലിറങ്ങുമ്പോള്‍ ബ്രാന്‍ഡ് ബില്‍ഡിംഗിന് പൂര്‍ണ ശ്രദ്ധ നല്‍കാന്‍ ഇടയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here