കീടനാശിനി സാന്നിധ്യം: ഇന്ത്യന്‍ കാപ്സിക്കം ഇറക്കുമതി വ്യവസ്ഥ കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍
കീടനാശിനികളുടെ അംശം കൂടുതലാണെന്ന സംശയം മൂലം ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള കാപ്സിക്കം ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച ചട്ടം പാലിച്ചുവെന്ന് ഉറപ്പാക്കുന്ന മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് കാപ്സിക്കത്തിനു നിര്‍ബന്ധിതമാക്കി.
കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച ചട്ടം പാലിക്കുന്നതിലെ വീഴ്ച വ്യക്തമായതിനെത്തുടര്‍ന്നാണ് നിയന്ത്രണം കര്‍ശനമാക്കിയത്.
അതേസമയം, ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കറിവേപ്പിലയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി.നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷനില്ലാതെ ഇനി മുതല്‍ വേപ്പില കയറ്റി അയക്കാം.
ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലേക്ക് ഇറക്കുമതി ചെയ്യുന്ന കാപ്‌സിക്കത്തിന് 2018 ജനുവരി മുതലാണ് കീടനാശിനി അവശിഷ്ടങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള നടപടി തുടങ്ങിയത്. 1.4 ബില്യണ്‍ ഡോളറിന്റെ പഴ, പച്ചക്കറി കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2018-19 ലെ ഇന്ത്യയുടെ മൊത്തം കാപ്‌സിക്കം കയറ്റുമതി വെറും 2 മില്യണ്‍ ഡോളറായിരുന്നു.
ഏതൊരു കാര്‍ഷിക ഉല്‍പ്പന്നത്തിനും അധിക കയറ്റുമതി നിയന്ത്രണങ്ങള്‍ വരുന്നത് പൊതുവേയുള്ള നെഗറ്റീവ് സന്ദേശമായി മാറുന്നതിനാല്‍ ഈ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.എങ്കിലും കറിവേപ്പിലയുമായി ബന്ധപ്പെട്ട നല്ല വാര്‍ത്ത ഗുണകരമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണവര്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline