കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ ഇളവ്: നിര്‍മാണ മേഖലയ്ക്ക് നേട്ടമാകും

തറ വിസ്തീര്‍ണ അനുപാതത്തിലടക്കം ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ ഭേദഗതി സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നിര്‍മാണ മേഖലയ്ക്ക് ആശ്വാസം പകരുന്നു. 2019 ല്‍ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടവും ഭേഗതി ചെയ്തപ്പോള്‍ അത് മേഖലയ്ക്ക് വലിയ പ്രഹരമാണുണ്ടാക്കിയത്. ഭേഗദതിക്കെതിരെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്ന് കടുത്ത എതിര്‍പ്പും ഉണ്ടായി. സ്ഥലത്തിനനുസരിച്ച് കെട്ടിടത്തിന് എത്ര വിസ്തീര്‍ണം ആകാം എന്ന തറ വിസ്തീര്‍ണ അനുപാതത്തില്‍ പാര്‍ക്കിംഗ് ഏരിയ, ഇലക്ട്രിക്കല്‍ റൂം, വരാന്ത, ലിഫ്റ്റ് തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തിയപ്പോള്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന ബില്‍ഡര്‍മാര്‍ക്കും മറ്റും പ്രോജക്റ്റുകള്‍ തന്നെ നടത്താനാവാത്ത സ്ഥിതി വന്നു. മാത്രമല്ല, 18000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഡിറ്റോറയങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങള്‍ക്ക് 10 മീറ്റര്‍ വീതിയുള്ള റോഡ് സൗകര്യം ഉണ്ടായിരിക്കണമെന്ന നിബന്ധനകളും കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്.

18000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് വേണ്ട റോഡിന്റെ വീതി എട്ടു മീറ്റര്‍ മതി .വ്യവസായത്തിനുള്ള കെട്ടിടങ്ങളാണെങ്കില്‍, 6000 ചതുരശ്ര മീറ്റര്‍ വരെ അഞ്ചു മീറ്ററും 6000 ചതുരശ്രമീറ്ററില്‍ കൂടുതലാണെങ്കില്‍ റോഡിന് ആറു മീറ്റര്‍ വീതിയും മതിയാകും.
മൂന്നു വര്‍ഷം പ്രവൃത്തി പരിചയമുള്ള ലൈസന്‍സികള്‍ക്ക് (സീനിയര്‍ സൂപ്പര്‍വൈസര്‍) എന്‍ജിനീയര്‍ -ബി തസ്തികയിലേക്ക് പ്രമോഷന് അര്‍ഹതയുണ്ടാകും.

എല്ലാ വീടുകള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധമാണെന്ന നിബന്ധനയില്‍ നിന്ന് അഞ്ചു സെന്റില്‍ താഴെ ഭൂമിയില്‍ നിര്‍മിക്കുന്ന വീടുകളെയും 300 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തൃതിയുള്ള വീടുകളെയും ഒഴിവാക്കി.

കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ നാലു വശവും ഒഴിച്ചിടേണ്ട സ്ഥലം (സെറ്റ് ബാക്ക്) കണക്കാക്കുമ്പോള്‍ മുമ്പ് ചെയ്തിരുന്ന പോലെ ശരാശരി സെറ്റ്ബാക്ക് തന്നെ തുടരാന്‍ തീരുമാനം .1000 കോഴികള്‍, 20 പശുക്കള്‍, 50 ആടുകള്‍ തുടങ്ങിവയെ വളര്‍ത്തുന്നതിനായുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് വേണ്ട ചട്ടങ്ങളില്‍ വരുത്തി ഭേദഗതി സംബന്ധിച്ച് രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറത്തിറക്കും. എന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരികയെന്ന് വിജ്ഞാപനത്തിലുണ്ടാകും.

നിര്‍മാണ മേഖലയ്ക്ക് ഉണര്‍വാകും

പുതിയ തീരുമാനം നിര്‍മാണ മേഖലയുടെ തിരിച്ചു വരവിന് കാരണമാകുമെന്ന് വര്‍മ ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ അനില്‍ വര്‍മ അഭിപ്രായപ്പെടുന്നു. 2019 നവംബറില്‍ കൊണ്ടു വ്ന്ന ഭേദഗതികള്‍ നിര്‍മാണ മേഖലയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അതിനു ശേഷം ആകെ മൂന്നോ നാലോ പ്രോജക്റ്റുകള്‍ക്കുള്ള അപേക്ഷകളാണ് സര്‍ക്കാരിലേക്ക് പോയത്. പ്രമുഖ ബില്‍ഡര്‍മാരൊന്നും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമില്ല. 2019 ലെ ഭേദഗതിയില്‍ മാറ്റം വരുത്താന്‍ തയാറായിരുന്നില്ലെങ്കില്‍ റിയല്‍ എസ്‌റ്റേറ്റില്‍ വില വര്‍ധനയിലേക്ക് നയിക്കുമായിരുന്നു.

അപ്പാര്‍ട്ട്‌മെന്റുകളുടെ കാര്യത്തില്‍ ചതുരശ്രയടിക്ക് കുറഞ്ഞത് 1000 രൂപയെങ്കിലും വര്‍ധിപ്പിക്കേണ്ട സ്ഥിതിയിലായിരുന്നു ബില്‍ഡര്‍മാര്‍. അതിനു പിറകേ റെറ നിയമങ്ങള്‍ കൂടി കര്‍ശനമാക്കിയതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല പ്രതിസന്ധിയിലായി. കോവിഡ് വ്യാപകമായതോടെ തീര്‍ത്തും സ്തംഭനാവസ്ഥയിലുമായി.

'ഇപ്പോള്‍ വീടുകള്‍ക്ക് ആവശ്യക്കാര്‍ വന്നു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ബയേഴ്‌സില്‍ 50-60 ശതമാനവും പ്രവാസി മലയാളികളാണ്. അതില്‍ 80 ശതമാനത്തോളവും ഗള്‍ഫ് മേഖലയിലുള്ളവരും. പ്രതിസന്ധിയുണ്ടെങ്കിലും ഗള്‍ഫില്‍ നിന്നുള്ള പണം വരവ് ഉണ്ടാകുന്നുണ്ട്. എന്നാല്‍ പല സാഹചര്യങ്ങളാല്‍ റിയല്‍എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ അവര്‍ മടി കാട്ടി. ഇപ്പോള്‍ നിക്ഷേപിക്കാന്‍ തയാറാവുന്നുണ്ട്. ഈ അവസരത്തില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളിലുണ്ടാകുന്ന മാറ്റം ഗുണകരമാകും' , അനില്‍ വര്‍മ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it