തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളം: സുപ്രീം കോടതിയില്‍ ഹര്‍ജി

ലോക്ക് ഡൗണ്‍ കാലയളവില്‍ കരാര്‍ തൊഴിലാളികള്‍ക്കുള്‍പ്പടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം മുഴുവനായി നല്‍കിയിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ മുംബൈ ആസ്ഥാനമായുള്ള ടെക്‌സ്റ്റൈല്‍ കയറ്റുമതി സ്ഥാപന ഉടമ സുപ്രീം കോടതിയില്‍.

കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിനും അത്തരത്തിലുള്ള ഉത്തരവ് ഇറക്കാന്‍ അധികാരമില്ലെന്നും അതിന് ഭരണഘടനാ സാധുതയില്ലെന്നും കാട്ടിയാണ് നഗരീക എക്‌സ്‌പോര്‍ട്ട്‌സ് ഹര്‍ജി നല്‍കിയത്. 2005 ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന് ഇത്തരത്തിലുള്ള ഉത്തരവ് നല്‍കാന്‍ അധികാരമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ക് ഡൗണ്‍ കാലത്ത് 100 ശതമാനം വേതനം നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 14, ആര്‍ട്ടിക്ക്ള്‍ 19 എന്നിവയുടെ ലംഘനവുമാണെന്ന് ഹരജിക്കാരന്‍ പറയുന്നു.
അടച്ചിടല്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സംരംഭകരിലേക്ക് കൂടുതല്‍ ബാധ്യതകള്‍ കെട്ടിവെക്കുന്നതിനു പകരം പ്രൊവിഡന്റ് ഫണ്ട് ഡിപ്പാര്‍ട്ട്‌മെന്റിന് ആരും ക്ലെയിം ചെയ്യാത്തതിനെ തുടര്‍ന്ന് ലഭിച്ച 351 കോടി രൂപയുടെ പിഎഫ് നിക്ഷേപം പ്രയോജനപ്പെടുത്തി തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് വേണ്ടതെന്നും ഹരജിക്കാരന്‍ പറയുന്നു.

ലോക്ക് ഡൗണില്‍ സ്ഥാപനം പ്രവര്‍ത്തിക്കാതിരുന്നിട്ടും 1500 ലേറെ വരുന്ന തൊഴിലാളികള്‍ക്ക് 1.75 കോടി രൂപ വേതനമായി നല്‍കിയെന്നും മേയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തുടര്‍ന്നും മുഴുന്‍ ശമ്പളം നല്‍കാനാവില്ലെന്നും പകുതി ശമ്പളം നല്‍കാമെന്നും ഹരജിക്കാരന്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it