ലോക്ഡൗണിലും വളം വില്‍പ്പന കുതിച്ചു; ആവേശത്തില്‍ ഫാക്ട്

ലോക്ഡൗണ്‍ കാലത്ത് വളം വില്‍പ്പന വന്‍ തോതില്‍ ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെയും മികച്ച മണ്‍സൂണ്‍ പ്രവചനത്തിന്റെയും ആത്മവിശ്വാസത്തില്‍ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഫാക്ട്. 18 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന 2019-20 സാമ്പത്തിക വര്‍ഷം കൈവരിച്ചതിനു പിന്നാലെയാണ് ലോക്ഡൗണ്‍ കാലത്തെ അപ്രതീക്ഷിത നേട്ടം.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഫാക്ടംഫോസിന്റെ വില്‍പ്പന 94,517 ടണ്ണായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റത് 46,367 ടണ്‍ മാത്രം. ഏപ്രില്‍, മെയ് മാസങ്ങളില്‍ അമോണിയം സള്‍ഫേറ്റ് വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ 18,665 ടണ്ണില്‍ നിന്ന് 22,161 ടണ്ണായി ഉയര്‍ന്നുവെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശക്തമായ വില്‍പ്പനക്കണക്കുകള്‍ മറികടക്കാന്‍ ഇക്കൊല്ലം ഫാക്ടിനു കഴിയുമെന്ന സൂചനയാണ് ഇതുവരെയുള്ളത്. 2020 മാര്‍ച്ച് മാസത്തില്‍ 66,034 ടണ്‍ രാസവളങ്ങളുടെ വില്‍പ്പന നടന്നു. 2019-20 സാമ്പത്തിക വര്‍ഷം എല്ലാ വളം ഉല്‍പന്നങ്ങളുടെയും ചേര്‍ന്നുള്ള വില്‍പന 11,29,476 ടണ്‍ ആയിരുന്നു.

നല്ല മഴക്കാലം തുടരുമെന്ന പ്രവചനം പൊതുമേഖലാ കമ്പനിക്കു പ്രതീക്ഷ പകരുന്നു. ജൂണ്‍ ഒന്നിനും ജൂണ്‍ 9 നും ഇടയില്‍ ഇടുക്കി, വയനാട്, എറണാകുളം എന്നിവയൊഴികെ മിക്ക ജില്ലകളിലും കേരളത്തില്‍ ശരാശരിയില്‍ കൂടുതല്‍ മഴ പെയ്തതെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ നില തുടരുമെന്നതിനാല്‍ വളത്തിനു ഡിമാന്‍ഡ് ഇനിയും ഉയരുമെന്ന് ഫാക്ട് വിശ്വസിക്കുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ഫാക്ടിന് ശക്തമായ സാന്നിധ്യമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it