ഡിസംബര്‍ 1 മുതല്‍ ഫാസ്റ്റാഗ് : മാറ്റമില്ലെന്ന് എന്‍.എച്ച്.എ.ഐ

ദേശീയപാതകളിലെ എല്ലാ ടോള്‍ ബൂത്തുകളിലും ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഒക്ടോബറില്‍ നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ഇടിസി) പ്രോഗ്രാമിന്റെ കീഴിലുള്ള ഫാസ്റ്റ്ടാഗ് ഇടപാടുകളുടെ എണ്ണം 31.46 ദശലക്ഷമായി ഉയര്‍ന്നു. 702.86 കോടി രൂപയാണ് ഇടപാട് മൂല്യം. ഫാസ്റ്റാഗ് വില്‍പ്പനയിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.

വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒട്ടിക്കേണ്ട സ്റ്റിക്കറാണ് ഫാസ്റ്റാഗ്.ഫാസ്റ്റാഗുള്ള വാഹനം ടോള്‍ പ്ലാസയില്‍ പണമിടപാടുകള്‍ക്കായി നിര്‍ത്തേണ്ടതില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് സമയവും ഇന്ധനവും ലാഭിക്കാനാവും.തെരഞ്ഞെടുത്ത ടോള്‍ പ്ലാസകള്‍, ബാങ്ക് ശാഖകള്‍, റീട്ടെയില്‍ പിഒഎസ് ലൊക്കേഷനുകള്‍, ഇഷ്യുവര്‍ ബാങ്ക് വെബ്സൈറ്റ്, മൈ ഫാസ്റ്റ്ടാഗ് ആപ്പ്, ഓണ്‍ലൈന്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി ഫാസ്റ്റാഗ് വാങ്ങാം. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ്/എന്‍ഇഎഫ്ടി/ആര്‍ടിജിഎസ്/യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി ടാഗ് റീചാര്‍ജ്ജ് ചെയ്യാം. പെട്രോള്‍ പമ്പുകളിലും ഫാസ്റ്റാഗ് ഉടന്‍ ലഭ്യമാകും. പെട്രോള്‍ വാങ്ങുന്നതിനും പാര്‍ക്കിങ് ഫീസ് അടയ്ക്കുന്നതിനും പിന്നീട് ഇത് ഉപയോഗിക്കാനാവും

പുതിയ ഫാസ്റ്റാഗിനായി സൈന്‍ അപ്പ് ചെയ്യുമ്പോള്‍ ബാങ്കുകള്‍ 100 രൂപ ജോയിനിംഗ് ഫീസായും 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഈടാക്കുന്നു. പേയ്മെന്റുകള്‍ നടത്തുന്നതിന് ഇടപാട് മൂല്യത്തിന്റെ 1-1.5 ശതമാനവും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. യുപിഐ വഴി പണമടയ്ക്കല്‍ മിക്ക പ്ലാറ്റ്‌ഫോമുകളിലും സൗജന്യമാണ്. 2017 ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ കാറുകളും പ്രീ ആക്റ്റിവേറ്റഡ് ഫാസ്റ്റാഗുകളോടു കൂടിയാണ് പുറത്തിറക്കുന്നത്.

ഫാസ്റ്റാഗ് വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ട്, ഓണ്‍ലൈന്‍ വാലറ്റ് മുതലായവയുമായി ലിങ്കു ചെയ്യാന്‍ കഴിയും. വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോഴെല്ലാം ഫീസ് അക്കൗണ്ടില്‍ നിന്നോ വാലറ്റില്‍ നിന്നോ കുറയ്ക്കുന്നു. ഫാസ്റ്റാഗ് വഴി ടോള്‍ അടയ്ക്കുന്ന വാഹന യാത്രികര്‍ക്ക് മൊത്തം ടോള്‍ അടച്ചതിന്റെ 2.5% ക്യാഷ് ബാക്ക് ലഭിക്കും.ടാഗില്‍ നടന്ന എല്ലാ ഇടപാടുകളെ കുറിച്ചും ഉപഭോക്താവിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം ലഭിക്കും.

ടോള്‍ പ്ലാസയിലെ വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കുകയാണ് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുന്നതിന്റെ ലക്ഷ്യമെന്ന് എന്‍എച്ച്എഐ അധികൃതര്‍ പറഞ്ഞു.
രാജ്യത്തൊട്ടാകെയുള്ള 528ല്‍ അധികം ടോള്‍ പ്ലാസകളില്‍ ഫാസ്റ്റാഗ് ഇടപാടുകള്‍ ഇപ്പോള്‍ത്തന്നെ നടക്കുന്നുണ്ട്. ഇതിന് പുറമെ സംസ്ഥാന ഹൈവേകളിലും സിറ്റി ടോള്‍ പ്ലാസകളിലും പ്രാദേശിക, നഗര വാസികള്‍ക്കും ഡിജിറ്റല്‍ ടോള്‍ പേയ്മെന്റ് സൗകര്യം ഫാസ്റ്റാഗ് നല്‍കുന്നുണ്ടെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.ഡിസംബര്‍ ഒന്നിനു ശേഷം പണമായി ടോള്‍ വാങ്ങുന്ന ഒരു ലെയിന്‍ മാത്രമേ ബൂത്തുകളിലുണ്ടാകൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it