രണ്ടാം വരവിലെ ‘ത്രില്‍’ പ്രസരിപ്പിച്ച് റേഡിയോ

ഫെബ്രുവരി 13 ലോക റേഡിയോ ദിനം; തിരിച്ചുവരവ് ശക്തമായി അടയാളപ്പെടുത്തി എഫ്.എം. റേഡിയോ

‘നിങ്ങളുടെ മീഡിയാ പ്ലാനുകളില്‍ റേഡിയോയെ മനഃപൂര്‍വ്വം അവഗണിക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ശക്തി തിരിച്ചറിയുന്നില്ല.’ ഒരു സ്വകാര്യ എഫ്.എം. റേഡിയോ ചാനല്‍ പരസ്യത്തിന്റെ ഉള്ളടക്കമായിരുന്നു ഇത്. റേഡിയോയുടെ വാണിജ്യ സാധ്യതകള്‍ ഗൗരവമായി ചിന്തിക്കണമെന്നാണ് ഇതിന്റെ സൂചന.

മലയാളിക്ക് വളരെ പരിചിതമായ മാധ്യമമാണ് റേഡിയോ. വാര്‍ത്തകള്‍ കേള്‍ക്കുന്നതിനപ്പുറം ചലച്ചിത്രഗാനങ്ങളും നാടകവും ചലച്ചിത്ര ശബ്ദരേഖയും കാര്‍ഷിക കാര്യങ്ങളും തുടങ്ങി ഒട്ടേറെ പരിപാടികള്‍ അവര്‍ ആകാശവാണിയിലൂടെ ശ്രവിച്ചുവന്നു. ടെലിവിഷന്‍ ചാനലുകള്‍ കൂട്ടമായി എത്തിയതോടെ റേഡിയോയുടെ പ്രഭാവം അല്‍പ്പം മങ്ങിയെങ്കിലും സ്വകാര്യ എഫ്.എം. റേഡിയോകളിലൂടെ അതിനൊരു രണ്ടാം വരവ് നടത്താനായി.

ടെലിവിഷന്‍ വ്യാപകമായപ്പോള്‍ ഇനി ടെലിവിഷന്റെ കാലം എന്ന് പലരും കരുതി. പിന്നെ സോഷ്യല്‍ മീഡിയ സജീവമായപ്പോള്‍ വിനോദത്തിനും വിജ്ഞാനത്തിനും ഇതു തന്നെ ആശ്രയം എന്നായി. പക്ഷേ, റേഡിയോയും ഒപ്പമുണ്ട്. സ്വകാര്യ എഫ്.എം. റേഡിയോകള്‍ക്കൊപ്പം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റേഡിയോയും ഫോണ്‍ ഇന്‍ പ്രോഗ്രമുകള്‍ പോലെ ശ്രേതാക്കളെ പങ്കെടുപ്പിച്ച് സാമൂഹിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു.

മറ്റു പ്രവൃത്തികള്‍ ചെയ്യുമ്പോഴും പരിപാടികള്‍ ശ്രദ്ധിക്കാനാവുമെന്നതാണ് റേഡിയോയുടെ സവിശേഷത. അടുക്കളയില്‍ ജോലി ചെയ്യുന്ന വീട്ടമ്മയും ഓഫീസിലും വിദ്യാലയങ്ങളിലും പോകാന്‍ തയ്യാറെടുക്കന്നവരും റേഡിയോ ശ്രോതാക്കളാണ്. ഓരോ ശ്രോതാവും ഓരോ ഉപഭോക്താവാണ്. വിവിധ ധനവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ റേഡിയോയുടെ ശ്രോതാക്കളാവുന്നുവെന്നതിനാല്‍ ബ്രാന്‍ഡുകള്‍ക്ക് ഈ മാധ്യമം ഫലപ്രദമായി ഉപയോഗപ്പെടുത്താനാകും.

ഇന്ന് വിവിധ എഫ്.എം. ചാനലുകള്‍ ശ്രോതാക്കള്‍ക്ക് തിരഞ്ഞെടുക്കാമെന്നത് റേഡിയോയുടെ സാധ്യത കൂട്ടുന്നുവെന്ന് നിലവില്‍ റാസല്‍ഖൈമ റേഡിയോയിലെ പ്രൊഡ്യൂസറായ ചാവറ ആഡ് മീഡിയ മുന്‍ ക്രിയേറ്റീവ് ഹെഡ് ബി. വിനോദ് ചന്ദ്രന്‍ നിരീക്ഷിക്കുന്നു. മാത്രമല്ല ഇന്നത്തെ എഫ്.എം. റേഡിയോയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന റേഡിയോ ജോക്കികള്‍ ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ഊര്‍ജസ്വലരാണ്. അതുകൊണ്ടുതന്നെ ശ്രോതാക്കളുമായി സംവദിക്കുന്ന പരിപാടികള്‍ വളരെ ഫലവത്താകുന്നു.പരിപാടികള്‍ക്കൊപ്പമുള്ള പരസ്യഗാനങ്ങള്‍ കേള്‍ക്കുന്ന പല ശ്രോതാക്കള്‍ക്കും അത് ഏത് പരിപാടിയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പരസ്യ ഗാനങ്ങളും സന്ദേശങ്ങളും വീണ്ടും വിണ്ടും കേള്‍ക്കുന്ന ശ്രോതാള്‍ക്ക് പിന്നീട് പരസ്യത്തിലെ ട്യൂണുകളുുടെയോ വാചകങ്ങളുടെയോ ആദ്യ ഭാഗം വരുമ്പോള്‍തന്നെ അത് ഏതു ബ്രാന്‍ഡിന്റെയാണെന്ന് മനസ്സിലാക്കാനാകും. ഇത് ഉല്‍പ്പന്നങ്ങളെയും ബ്രാന്‍ഡുകളെയും ഓര്‍മിപ്പിക്കും. റേഡിയോയില്‍ ഉപയോഗിച്ച പരസ്യഗാനങ്ങളുടെയോ പശ്ചാത്തല സംഗീതത്തിന്റെയോ ട്യൂണുകള്‍ തന്നെയാവും ടെലിവിഷനില്‍ ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കുന്നത്.

റേഡിയോയില്‍ പരസ്യം കേള്‍ക്കുന്ന ശ്രോതാക്കള്‍ ടെലിവിഷന്‍ പരസ്യം കണ്ടിട്ടുള്ളവരാണെങ്കില്‍ അവരുടെ മനസ്സില്‍ അതിലെ ദൃശ്യങ്ങള്‍ കടന്നുവരും. പ്രത്യേകിച്ച് വന്‍കിട ബ്രാന്‍ഡുകള്‍ വിവിധ മാധ്യമങ്ങളെ ഉള്‍ക്കൊള്ളിച്ച് പരസ്യങ്ങള്‍ നല്‍കുമെന്നതിനാല്‍ അച്ചടി മാധ്യമങ്ങള്‍ക്കും ഇതു ബാധകമാണ്. ഇവിടെ ബ്രാന്‍ഡിന്റെ പേര് ഓര്‍മ്മപ്പെടുത്താനുള്ള സഹായമാണ് റേഡിയോ ചെയുന്നത്.

റേഡിയോ പരിപാടികള്‍ സമയസൂചകമായി അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഇതു കേട്ടുകൊണ്ട് മറ്റ് പ്രവൃത്തികള്‍ ചെയ്യുന്നവരുണ്ട്. അവര്‍ക്ക് ഓരോ പരിപാടികള്‍ കഴിയുമ്പോഴോ അല്ലെങ്കില്‍ ആരംഭിക്കുമ്പോഴോ പ്രവൃത്തികള്‍ തീര്‍ക്കണമെന്ന നിശ്ചയവും ഉണ്ടാകാം. ഇതനുസരിച്ച് ജനപ്രിയ പരിപാടികള്‍ കണ്ടെത്തി അതിന്റെ സമയക്രമത്തില്‍ പരസ്യം നല്‍കാം.

റേഡിയോയുടെ തിരിച്ചുവരവെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് എഫ്.എം. റേഡിയോയുടെ ആവിര്‍ഭാവമാണ്. വന്‍കിട ബ്രാന്‍ഡുകള്‍ക്കു പുറമെ പ്രാദേശിക ബ്രാന്‍ഡുകള്‍ക്കും എഫ്.എം. റേഡിയോ സഹായകമാവുന്നു. എഫ്എം റേഞ്ചില്‍ വരുന്ന വ്യാപാര സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും സന്ദേശങ്ങള്‍ ഇതില്‍ നല്‍കാനാവും. പ്രക്ഷേപണ രീതികളിലെ മാറ്റവും പരിപാടികളിലെ വ്യത്യസ്തതയും ശ്രോതാക്കളെ ആകര്‍ഷിക്കുന്നു. സ്വകാര്യ എഫ്എം ചാനലുകളെടുത്താല്‍ അവതരണത്തിലെ പുതുമയും വ്യത്യസ്തതയും കൊണ്ടുവരുന്നവര്‍ക്ക് ജനപ്രീതി നേടി മുന്നേറാനാവുമെന്ന് വ്യക്തമായിക്കഴിഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here