അതിസമ്പന്നര്‍ തമ്മിലുള്ള യുദ്ധം മുറുകുമോ?

നടപടി സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ കഴിഞ്ഞ ദിവസമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ഏറ്റെടുക്കുന്ന നടപടി തടഞ്ഞത്. ആമസോണ്‍ നല്‍കിയ പരാതിയിലാണ് അന്തിമ ഉത്തരവ് വരുന്നതുവരെ ഇടപാട് നിര്‍ത്തിവെക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനോട് ആര്‍ബിട്രേഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, രാജ്യത്തെ നിയമത്തിന് അനുസൃതമായും വ്യക്തമായ നിയമോപദേശം ലഭിച്ചതനുസരിച്ചുമാണ് ഫ്യൂച്വര്‍ റീറ്റെയ്‌ലുമായി കരാറിലെത്തിയതെന്ന ശക്തമായ പ്രസ്താവനയുമായി മുന്നോട്ട് പോകുകയാണ് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ്. ഫ്യൂച്ചര്‍ ഗ്രൂപ്പുമായി വൈകാതെ തന്നെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു വെല്ലുവിളിച്ചിരിക്കുകയാണ് റിലയന്‍സ്.

ഫ്യൂച്ചര്‍ കൂപ്പണിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുക വഴി ബിഗ് ബസാര്‍ അടങ്ങുന്ന ഫ്യൂച്ചര്‍ റീറ്റൈയ്‌ലിന്റെ അഞ്ച് ശതമാനം ഓഹരി ആമസോണ്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ ഫ്യൂച്ചര്‍ സംരംഭങ്ങളുടെ വില്‍പ്പനയില്‍ ആദ്യ അവകാശം ആമസോണിനാണെന്ന് കരാറില്‍ വ്യവസ്ഥയുള്ളതായാണ് ബെസോസ് ടീം ചൂണ്ടിക്കാട്ടുന്നത്. കമ്പനി ഇതേ പോയ്ന്റ് ചൂണ്ടിക്കാട്ടിയാണ് ആര്‍ബിട്രേഷനെ സമീപിച്ചിട്ടുള്ളതും. എന്നാല്‍, ഫ്യൂച്ചര്‍ കൂപ്പണുമായുള്ള കരാര്‍ ആണ് അതെന്നും അതിന് ഫ്യൂച്ചര്‍ റീറ്റെയ്‌ലുമായി ബന്ധമില്ലെന്നുമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വാദം.

അതോടൊപ്പം റിലയന്‍സുമായുള്ള ഇടപാട് നടക്കാതെ വന്നാല്‍ ഫ്യൂച്ചര്‍ റീറ്റെയ്‌ലിന് ഉണ്ടാകുന്ന തിരിച്ചടി കനത്തതാകുമെന്നും കമ്പനി പറയുന്നു. റീറ്റെയ്‌ലിന്റെ കീഴിലുള്ള ബിഗ് ബസാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം തന്നെ പൂട്ടേണ്ടിവരുമെന്നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് കോടതിയെ അറിയിച്ചിട്ടുള്ളത്. 29,000ത്തോളം വരുന്ന തങ്ങളുടെ ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്നും കമ്പനി പ്രതിനിധികള്‍ ആര്‍ബിട്രേഷനെ അറിയിച്ചിട്ടുണ്ട്.

റിലയന്‍സിന്റെ ഏറ്റെടുക്കല്‍ നടപടി സംബന്ധിച്ച തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അംബാനി ഗ്രൂപ്പ്. പുതിയ കരാറില്‍ ഒപ്പു വയ്ക്കുന്നതോടെ രാജ്യത്തെ റീറ്റെയ്ല്‍ ബിസിനസില്‍ കുത്തക സ്ഥാപിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് റിലയന്‍സ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ നിയമോപദേശം സ്വീകരിച്ചശേഷമാണ് കരാറുണ്ടാക്കിയതെന്നും അതുമായി മുന്നോട്ടുപോകുമെന്നും റിലയന്‍സ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഫ്യൂച്ചര്‍ റീറ്റെയ്‌ലുമായി ബന്ധപ്പെട്ട വ്യക്തമായ പ്ലാന്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് ആമസോണിനോട് ആര്‍ബിട്രേഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ജെഫ് ബെസോസ് ആകട്ടെ കട്ടയ്ക്ക് തന്നെ പോരിനിറങ്ങിയിട്ടുണ്ട്. ബെസോസ് എന്ന വമ്പന്‍ സ്രാവായതിനാല്‍ തന്നെ റിലയന്‍സിന്റെ നീക്കത്തിന്റെ അന്തിമ ഫലം എന്താകുമെന്നതാണ് ഇപ്പോള്‍ വ്യവസായ ലോകത്ത് ചര്‍ച്ച. കൊറോണ കാലത്ത് ലോകത്തെ തന്നെ ഞെട്ടിപ്പിച്ച് സമ്പത്ത് വര്‍ധിപ്പിച്ചയാളാണ് ബെസോസ്. 2020 ല്‍ 74 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് ഇപ്പോള്‍ ബെസോസിന്റെ ആസ്തി 189.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. മഹാമാന്ദ്യത്തിനുശേഷം അമേരിക്ക ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിട്ടും ജെഫിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നതും ജെഫിനെയും ആമസോണിനെയും അത്രമേല്‍ റീറ്റെയ്്ല്‍ പോര്‍കളത്തില്‍ ശക്തരാക്കുന്നു. ഏതായാലും രണ്ട് റീറ്റെയ്ല്‍ ഭീമന്മാര്‍ക്കിടയിലുമുള്ള മത്സരം മുറുകുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it