സ്വകാര്യ ട്രെയിന്‍ ഓടിത്തുടങ്ങി; വൈകുന്ന ഓരോ മണിക്കൂറിനും 100 രൂപ വീതം നഷ്ടപരിഹാരം

സ്വകാര്യ ട്രെയിന്‍ ഓടിത്തുടങ്ങി; വൈകുന്ന ഓരോ മണിക്കൂറിനും 100 രൂപ വീതം നഷ്ടപരിഹാരം
Published on

ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ സ്വകാര്യസംരംഭമായി സര്‍വീസ് ആരംഭിച്ച ട്രെയിന്‍ വൈകിയോടിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ഉറപ്പ്. ഒരു മണിക്കൂറിലേറെ വൈകിയാല്‍ 100 രൂപയും, 2 മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയുമാണ് ലഭിക്കുക.

രണ്ടാം മോദി സര്‍ക്കാരിന്റെ നൂറ് ദിവസത്തെ പദ്ധതികളില്‍പ്പെടുത്തിയാണ് ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംഗ് ആന്റ് ടൂറിസം സംരംഭമായ ഐആര്‍സിടിസിയുടെ ആഭിമുഖ്യത്തില്‍ ലക്‌നൗ-ഡല്‍ഹി  തേജസ് എക്‌സ്പ്രസ് ഇന്നലെ സര്‍വീസാരംഭിച്ചത്.ഈ പാതയില്‍ ഏറ്റവും കുറഞ്ഞസമയം കൊണ്ട് ഓടിയെത്തുന്ന തീവണ്ടിയാവും ഇത്. ഒരു എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചും ഒന്‍പത് ചെയര്‍ കാര്‍ കോച്ചുകളും തീവണ്ടിയിലുണ്ടാവും.ആകെ 758 സീറ്റുകള്‍.ചരിത്രത്തിലാദ്യമായാണ് യാത്രക്കാര്‍ക്ക് അങ്ങോട്ട് പിഴ നല്‍കുന്ന സമ്പ്രദായം റെയില്‍വേ ആവിഷകരിച്ചത്.

യാത്രക്കാര്‍ക്കായി ചായ, കോഫി, കുടിവെള്ളം എന്നിവ തീവണ്ടിയില്‍ സജ്ജമാക്കിയിട്ടുണ്ട്.ട്രെയിന്‍ ഹോസ്റ്റ്‌സുമാരുടെ സേവനവും ലഭ്യം.  ലക്‌നൗ മുതല്‍ ഡല്‍ഹി വരെ ഏസി ചെയര്‍ കാറിന് 1,125 രൂപയും, എക്‌സിക്യൂട്ടിവ് ചെയറിന് 2,310 രൂപയുമാണ് ടിക്കറ്റ് നിരക്ക്.തേജസ് എക്‌സ്പ്രസ്സിലെ എല്ലാ യാത്രക്കാര്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജുണ്ട്.മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കന്നിയാത്ര ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഭാവിയില്‍ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും ഐആര്‍സിടിസിക്കു പുറത്തുള്ള സ്വകാര്യ സംരംഭകര്‍ക്കായി വിട്ടു നല്‍കാന്‍ റെയില്‍വേ തീരുമാനമെടുത്തുകഴിഞ്ഞു. മുംബൈ-ഹൈദരാബാദ് പാതയിലാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്താന്‍ ഐആര്‍സിടിസി ലക്ഷ്യമിടുന്നത്. പിന്നാലെ പ്രധാനപ്പെട്ട മറ്റു പാതകളിലും സ്വകാര്യ തീവണ്ടികള്‍ പരീക്ഷിക്കും. വിജയകരമായാല്‍ സ്വകാര്യ തീവണ്ടികള്‍ രാജ്യത്തുടനീളം ഓടിത്തുടങ്ങും. തിരുവനന്തപുരം-എറണാകുളം റൂട്ടാണ് കേരളത്തില്‍നിന്ന് സാധ്യതാപട്ടികയിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com