ഫ്‌ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് 9,000 കോടി നിക്ഷേപിക്കും

ആമസോണുമായും ജിയോമാര്‍ട്ടുമായും മല്‍സരിക്കാന്‍ അധിക ഊര്‍ജം

Flipkart raises $1.2 billion from Walmart
-Ad-

അമേരിക്കന്‍ റീട്ടെയില്‍ വമ്പന്മാരായ വാള്‍മാര്‍ട്ടില്‍ നിന്ന് പ്രമുഖ ഇന്ത്യന്‍ ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് 1.2 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 9,000 കോടി രൂപ) നിക്ഷേപം സമാഹരിച്ചു. പുതിയ നിക്ഷേപമെത്തിയതോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ ആകെ മൂല്യം 24.9 ബില്യണ്‍ ഡോളറിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ രണ്ടു ഗഡുവായി ഫ്ളിപ്പ്കാര്‍ട്ടിന് പുതിയ നിക്ഷേപം സ്വന്തമാകുമെന്ന വാര്‍ത്തയിലൂടെ  അസ്വസ്ഥത പടരുന്നത് ആമസോണ്‍ ഇന്ത്യയിലേക്കും അലിബാബയുടെ പിന്തുണയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബിഗ്ബാസ്‌ക്കറ്റിലേക്കും റീട്ടെയ്ല്‍ വിപണിയില്‍ ചുവടുറപ്പിച്ചു തുടങ്ങിയ റിലയന്‍സിലേക്കുമാണ്.

2018 മേയില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ 1,600 കോടി ഡോളറിന് വാള്‍മാര്‍ട്ട് സ്വന്തമാക്കിയിരുന്നു. ഗൂഗിള്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75,000 കോടി രൂപ മുതല്‍മുടക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഫ്‌ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് കൂടുതല്‍ നിക്ഷേപവുമായി എത്തുന്നത്.ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ടിന്റെ പക്കലാണ് ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ടിന്റെ ഭൂരിഭാഗം ഓഹരികളും.കോവിഡ് പ്രതിസന്ധി മൂലം ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇന്ത്യയില്‍ പെട്ടെന്നുണ്ടായ ഡിമാന്‍ഡ് കണക്കിലെടുത്താണ് അധിക മൂലധനം സമാഹരിക്കുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് വ്യക്തമാക്കി. ഇ-കൊമേഴ്‌സ് വമ്പന്മാരായ ആമസോണ്‍, ഇന്ത്യയില്‍ 100 കോടി ഡോളര്‍ (7,500 കോടി രൂപ) കൂടി നിക്ഷേപിച്ച് ബിസിനസ് വിപുലീകരിക്കുകയാണ്. റിലയന്‍സിന്റെ നേതൃത്വത്തിലുള്ള ജിയോമാര്‍ട്ടും ഓണ്‍ലൈന്‍ വിപണിയില്‍ മുന്നേറുന്നുണ്ട്.

സുഹൃത്തുക്കളായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് 2007-ല്‍ ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ വിറ്റുകൊണ്ടാണ് ഫ്‌ളിപ്കാര്‍ട്ടിനു തുടക്കം കുറിച്ചത്. പിന്നീട് മറ്റു മേഖലകളിലേക്കും കടന്നു. 2018-ല്‍ വാള്‍മാര്‍ട്ടിന്റെ വരവോടെ ആദ്യം സച്ചിനും പിന്നീട് ബിന്നിയും കമ്പനി വിട്ടു ഫ്ളിപ്പ്കാര്‍ട്ട്, ഡിജിറ്റല്‍ പെയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ, ഫാഷന്‍ വെബ്സൈറ്റായ മിന്ത്ര, ലോജിസ്റ്റിക്സ്/ഡെലിവറി സേവനമായ ഇകാര്‍ട്ട് എന്നിവയെല്ലാം ഇപ്പോള്‍ ഫ്ളിപ്പ്കാര്‍ട്ട് ഗ്രൂപ്പിന് കീഴിലാണ്. 2020 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രതിമാസം സജീവമായ ഉപഭോക്താക്കളുടെ എണ്ണം 45 ശതമാനം വര്‍ധിച്ചെന്നും ഓരോ ഉപഭോക്താവും നടത്തുന്ന ഇടപാടുകള്‍ 30 ശതമാനം കൂടിയെന്നും ഉപഭോക്താക്കള്‍ വെബ്സൈറ്റ്/ആപ്പ് സന്ദര്‍ശിക്കുന്ന കണക്ക് പുറത്തുവിട്ടുകൊണ്ട് ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചിരുന്നു. പ്രതിമാസം 1.5 ബില്യണ്‍ ഉപഭോക്തൃ സന്ദര്‍ശനമെന്ന ഡിജിറ്റല്‍ നാഴികക്കല്ലും കമ്പനി അടുത്തിടെ പിന്നിട്ടു.

-Ad-

നിലവിലെ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യന്‍ ഉപഭോക്താക്കളുടെ വളരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്രഥമ ലക്ഷ്യം- ഫ്ളിപ്പ്കാര്‍ട്ട് സിഇഓ കല്യാണ്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തത്തില്‍ ഫ്ളിപ്പ്കാര്‍ട്ട് സാങ്കേതികമായി ബഹുദൂരം മുന്നേറി. നിലവില്‍ ഇലക്ട്രോണിക്സ്, ഫാഷന്‍ മേഖലകളില്‍ ഫ്ളിപ്പ്കാര്‍ട്ടിനാണ് ആധിപത്യം. മറ്റു വിഭാഗങ്ങളിലും ഫ്ളിപ്പ്കാര്‍ട്ടിന് ശക്തമായ സാന്നിധ്യമുണ്ട്. എളുപ്പമായ പെയ്മെന്റ് സംവിധാനവും തടസ്സമില്ലാത്ത ഡെലിവറി സൗകര്യങ്ങളും ഫ്ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നുണ്ടെന്ന് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. രാജ്യത്തെ അടുത്ത 200 മില്യണ്‍ ഉപഭോക്താക്കളെയും ഓണ്‍ലൈന്‍ ഷോപ്പിങ് തരംഗത്തിലേക്ക് കൊണ്ടുവരികയാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ ലക്ഷ്യമെന്നും സിഇഒ അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here