Top

1500 യൂണിറ്റുകളിലായി 2 ലക്ഷം തൊഴില്‍ നഷ്ടം; ഫ്‌ളക്‌സ് നിരോധനത്തിന് ആറു മാസത്തെ സാവകാശം തേടി പരസ്യ പ്രിന്റിങ് മേഖല

ഓണക്കാലത്തിനു തൊട്ടുമുമ്പായി സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധനം നടപ്പിലാക്കിയതിനെച്ചൊല്ലി പരസ്യ പ്രിന്റിങ് മേഖല കനത്ത ആശങ്കയില്‍. നിരോധനം കര്‍ശനമാക്കുന്നതിനു മുമ്പായി ആറു മാസത്തെയെങ്കിലും സമയം നല്‍കണമെന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്.

ഓണ സീസണ്‍ മുന്നില്‍ക്കണ്ട് ആവിഷ്‌കരിച്ച പരസ്യ പദ്ധതികള്‍ പ്രകാരം ആയിരക്കണക്കിന് ഓര്‍ഡറുകള്‍ അവസാന മിനുക്കുപണികളിലിരിക്കവേ വന്ന നിരോധനം പ്രളയ ദുരന്തത്തിനു പിന്നാലെയുള്ള വെള്ളിടിയായാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നതെന്ന് സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പറയുന്നു.

പൂര്‍ത്തിയാക്കിയതും പണി തുടങ്ങിവച്ചതുമായ ഫ്‌ളക്‌സുകള്‍ എന്തുചെയ്യണം?- ഭാരവാഹികള്‍ ചോദിക്കുന്നു. നിരോധനം മൂലം 1500-ലധികം പ്രിന്റിങ് യൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവരും. രണ്ടു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. തുണി, പേപ്പര്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള പ്രായോഗികവും സാമ്പത്തികവുമായ പരിമിതികള്‍ നിലനില്‍ക്കവേ പോളിഎഥിലിനെത്തന്നെ ഈ മേഖല കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് അവര്‍ പറയുന്നു.

പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് നിര്‍മ്മാണവും, ഉപയോഗവും പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമാ പ്രചാരണം, പരസ്യം ഉള്‍പ്പെടെ യാതൊരുവിധ പ്രചാരണത്തിനും പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

പിവിസി ഫ്‌ളക്സിനു പകരം തുണി, പേപ്പര്‍, പോളിഎഥിലിന്‍ തുടങ്ങി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണു നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്ക് ആവരണമുള്ള തുണിക്കും നിരോധനമുണ്ട്. പിവിസി ഫ്‌ളക്സ് ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാനത്തെ മുഴുവന്‍ പരസ്യ പ്രിന്റിങ് ഏജന്‍സികളും ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ഉത്തരവിനു ശേഷവും പിവിസി ഫ്‌ളക്സ് പ്രിന്റ് ചെയ്യുന്നവരില്‍നിന്ന് ചതുരശ്ര അടിക്ക് 20 രൂപ നിരക്കില്‍ പിഴ ഈടാക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാത്തവരില്‍നിന്നും പിഴ ഈടാക്കണമെന്ന നിര്‍ദേശവുമുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്യും.

പുനഃചംക്രമണം ചെയ്യാനാവാത്തതിനാല്‍ പരിസ്ഥിതിക്കു ഭീഷണിയായി മാറുന്നുവെന്നതിനാലാണ് ഫ്‌ളക്‌സ് നിരോധനം വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. നിരോധനം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നെന്ന് പിന്നീട് കുറ്റപ്പെടുത്തുകയും ചെയ്തു.നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും നല്‍കുകയുണ്ടായി. അതേസമയം, ഫ്‌ളക്‌സ് പുനഃചംക്രമണം ചെയ്യാവുന്നതാണെന്നും സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് പ്ലാന്റ് തുടങ്ങിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതാണെങ്കിലും ഫലമുണ്ടായില്ലെന്നു ഭാരവാഹികള്‍ പറയുന്നു.

അനധികൃത പരസ്യ ബോര്‍ഡുകളുടെ ആധിക്യത്തിനെതിരെ ഹൈക്കോടതി നല്‍കിയ ഉത്തരവാണ് പുതിയ സ്വഭാവമാര്‍ജിച്ച് ഫ്‌ളക്‌സ് നിരോധനമായി മാറിയതെന്ന് കേരള അഡ്വര്‍ട്ടൈസിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു. ഇതുമൂലം ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനു ഫ്‌ളക്‌സ് ഉപയോഗിച്ചിരുന്നില്ല.

ഫ്‌ളക്‌സ് നിരോധിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മൂലം പരിസ്ഥിതി മലിനീകരണത്തിനു സാധ്യതയില്ലെന്നതാണു യാഥാര്‍ത്ഥ്യം - വിജയകുമാര്‍ ചൂണ്ടിക്കാട്ടി. വലിയ ഫ്‌ളക്‌സുകള്‍ ഫലപ്രദമായി പുനരുപയോഗിക്കാന്‍ കഴിയും. ഇതിനുള്ള പ്രോസസിംഗ് യൂണിറ്റ് കര്‍ണ്ണാടകത്തിലെ മാണ്ഡ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ചെറിയ ഫ്‌ളക്‌സുകളാകട്ടെ ഗ്രാന്യൂളുകളാക്കി റോഡ് ടാറിംഗിനും മറ്റും ഉപയോഗിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള പരിപാടികള്‍ പുരോഗതി കൈവരിക്കുന്നതിനിടെയാണു ലക്ഷക്കണക്കിനു പേരുടെ ജീവിതമാര്‍ഗ്ഗമടയാനിടയാക്കുന്ന നിരോധനം വന്നത്. ഉപഭോക്തൃ വിപണിയിലും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താനും നിരോധനം കര്‍ക്കശമാക്കുന്നതിന് ആറു മാസമെങ്കിലും സാവകാശം തേടാനും മേഖല സംയുക്ത നീക്കമാരംഭിച്ചിട്ടുണ്ടെന്ന് വിജയകുമാര്‍ അറിയിച്ചു.

ഫ്‌ളക്‌സിനു പകരം പോളിഎഥിലിന്‍ ഉപയോഗിക്കുന്നത് അധിക മുതല്‍മുടക്കിനിടവരുത്തുമെന്ന് ദശാബ്ദങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന എറണാകുളം ടി ഡി റോഡിലെ ചിത്രാ പ്രിന്റേഴ്‌സ് ഉടമകളായ ചിത്രപ്രകാശും രാജേഷ് കുമാറും ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഫ്‌ളക്‌സ് അച്ചടി യന്ത്രങ്ങള്‍ ഉപയോഗശൂന്യമാകും. പോളി എഥിലിനില്‍ മികവാര്‍ന്ന അച്ചടി സാധ്യമാക്കുന്നതിനുള്ള യന്ത്രത്തിന് 30-50 ലക്ഷം രൂപ വില വരും.

പോളിഎഥിലിന്‍ ഇവിടെ കിട്ടിത്തുടങ്ങാനും സമയമെടുക്കുമെന്നാണു മനസിലാകുന്നത്. ഫ്‌ളക്‌സ് പുനഃചംക്രമണം സംബന്ധിച്ച് ഇനിയും അവ്യക്തതകള്‍ നിലനില്‍ക്കുന്നതായി അവര്‍ പറഞ്ഞു. എന്തായാലും പുതിയ സമ്പ്രദായത്തിലേക്കു വരുന്നതിന് സാവകാശം അനുവദിച്ചില്ലെങ്കില്‍ ഈ മേഖല വലിയ കുഴപ്പത്തിലാകും - ചിത്രപ്രകാശും രാജേഷ് കുമാറും പറഞ്ഞു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it