പെട്രോള്‍ പമ്പുകളിലെ ക്രെഡിറ്റ് കാര്‍ഡ് ഇളവുകള്‍ ഇനി ലഭിക്കില്ല
പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ഒക്‌റ്റോബര്‍ ഒന്നുമുതല്‍ ഇളവുകള്‍ ലഭിക്കില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടരവര്‍ഷം മുമ്പായിരുന്നു പെട്രോളിയം കമ്പനികള്‍ ഇളവ് ഏര്‍പ്പെടുത്തിയത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുമ്പോള്‍ ലഭ്യമാക്കിയിരുന്ന 0.75 ശതമാനം ഡിസ്‌കൗണ്ട് ആണ് എടുത്തുമാറ്റിയിട്ടുള്ളത്.
എന്നാല്‍ ഡെബിറ്റ് കാര്‍ഡിനും മറ്റു ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്കുമുള്ള ഇളവുകള്‍ തുടരും. ഇളവുകള്‍ ലഭിക്കില്ലെന്ന വിവരം ക്രെഡിറ്റ്കാര്‍ഡ് കമ്പനികള്‍ ഉപയോക്താക്കളെ അറിയിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളോട് 2016 ലാണ് നോട്ട് നിരോധനത്തിനു പിന്നാലെ ഇളവുകള്‍ നല്‍കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ അറിയിപ്പു നല്‍കിയിരുന്നത്.