പുതിയ നിയമം ബിസിനസ് അവസരമാക്കി അദാനി
തുറമുഖം, ഖനനം...ദാ ഇപ്പോൾ എയർപോർട്ട്...അങ്ങനെ അപരിചിതമായ മേഖലകളിൽ കൂസലില്ലാതെ കയറിച്ചെന്നാണ് ഗൗതം അദാനിയെന്ന വജ്രവ്യാപാരി ഇന്നു നമ്മൾ കാണുന്ന 10 ബില്യൺ ഡോളർ നെറ്റ് വർത്ത് ഉള്ള ബിസിനസുകാരനായത്.
ഇപ്പോൾ അദാനി ഉന്നവെച്ചിരിക്കുന്നത് പുതിയൊരു ബിസിനസ് രംഗമാണ്. കേന്ദ്രസർക്കാരും റിസർവ് ബാങ്കും ഡേറ്റ ലോക്കലൈസേഷൻ നയവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച സ്ഥിതിയ്ക്ക് ആ രംഗത്താണ് അദാനി പുതിയ അവസരം കണ്ടിരിക്കുന്നത്.
ഇപ്പോൾ ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശത്ത് സ്റ്റോർ ചെയ്യുന്ന വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ ഡേറ്റ ശേഖരിച്ചു വെക്കേണ്ടി വരുമ്പോൾ അതിനുള്ള സംവിധാനവും വേണ്ടേ? അത് അദാനി നൽകും എന്നതാണ് ഇപ്പോഴത്തെ പ്ലാൻ.
ആമസോൺ, ഗൂഗിളിന്റെ ആൽഫബെറ്റ് എന്നിവർക്ക് ഇന്ത്യയിൽ ഡേറ്റ സ്റ്റോറേജ് സേവനങ്ങൾ നൽകുക എന്ന പുതിയ രംഗത്തേയ്ക്ക് കടക്കാനൊരുങ്ങുകയാണ് അദാനിയെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് ഡേറ്റ പാർക്ക് സ്ഥാപിക്കാൻ അടുത്ത 20 വർഷത്തിനുള്ളിൽ 700 ബില്യൺ രൂപയോളം നിക്ഷേപിക്കാനാണ് അദാനി പദ്ധതിയിടുന്നത്. ഒരിക്കൽ ഡേറ്റ ലോക്കലൈസേഷൻ നിയമമായിക്കഴിഞ്ഞാൽ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്ക് ഡേറ്റ സ്റ്റോറേജിന് വലിയ ആവശ്യം ഉയരും. അതാണ് കമ്പനി ലക്ഷ്യമിടുന്നത്.
അദാനിയുടെ ഒരു ബിസിനസ് ശൈലിയാണിതിൽ പ്രതിഫലിക്കുന്നത്. പുതുപുത്തൻ ബിസിനസ് രംഗം കണ്ടെത്തുക. പ്രത്യേകിച്ചും സർക്കാരിന് താല്പര്യമുള്ള ഒന്ന്. അതിനു ശേഷം വേണ്ട ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കുക. ആ പ്രൊജക്ടിനെ ഒന്നാമത്തെത്തിക്കും വരെ പരിശ്രമിക്കുക.