ഇന്ത്യയില്‍ പിടി മുറുക്കി ആഗോള ഹോസ്പിറ്റാലിറ്റി ഭീമന്മാര്‍

ആഗോള ഹോസ്പിറ്റാലിറ്റി രംഗത്തെ വമ്പന്മാര്‍ക്ക് ഇന്ത്യ ഒരു സുപ്രധാന മാര്‍ക്കറ്റ് ആയി മാറുകയാണ്. മാരിയറ്റ് , ഹയാത് എന്നീ ഭീമന്മാരുള്‍പ്പടയുള്ള അന്താരാഷ്ട്ര ഹോട്ടല്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ വന്‍ വിപുലീകരണ പദ്ധതികളാണ് ഒരുക്കുന്നത് .

തങ്ങളുടെ പ്രധാന ബ്രാന്‍ഡുകളെല്ലാം തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരികയും വന്‍ നഗരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു നഗരങ്ങളിലും സാന്നിധ്യമുറപ്പിക്കുക എന്ന തന്ത്രവും ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് വന്‍ ബ്രാന്‍ഡുകള്‍ പിടി മുറുക്കുന്നുവെന്നതിന്റെ സൂചനയാണ്.

102 ഹോട്ടലുകളിലായ് 22,000 മുറികളുമായ് മാരിയറ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് മുന്നിട്ടു നില്കുന്നു. 50 പുതിയ ഹോട്ടലുകളിലായ് 12,000 മുറികള്‍ തുറക്കാന്‍ അവര്‍ക്കു പദ്ധതിയുണ്ട്.

ഹയാത് ഗ്രൂപ്പിന് ഇന്ത്യയില്‍ നിലവില്‍ 29 ഹോട്ടലുകളിലായ് 7,000 മുറികളുമുണ്ട്. ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ഇരട്ടിയാക്കുവാനും അവര്‍ ലക്ഷ്യമിടുന്നു . റാഡിസണ്‍ ഗ്രൂപ്പിന് 2018 ല്‍ ഒന്‍പതു ഹോട്ടലുകള്‍ തുറക്കാനും വര്‍ഷാന്ത്യത്തോടെ എണ്ണം 100 ലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്.

മെട്രോ ഇതര നഗരങ്ങളില്‍ ശ്രദ്ധ

മെട്രോ ഇതര നഗരങ്ങളായിരിക്കും ആഗോള ബ്രാന്‍ഡുകളുടെ പുതിയ പോര്‍ക്കളം. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കോര്‍ ഹോട്ടല്‍സ് ടയര്‍ 2, 3 നഗരങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ 80 ഹോട്ടലുകള്‍ ഇന്ത്യയില്‍ തുറക്കുകയെന്ന പദ്ധതിയാണ് അക്കോറിനുള്ളത്.

ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് ശേഷമുണ്ടായ ഡിമാന്‍ഡ് ആണ് ടയര്‍ 2, 3 നഗരങ്ങളിലേക്ക് ശ്രദ്ധ തിരിയാനുണ്ടായ ഒരു കാരണം. മധ്യവര്‍ഗത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായ ഉണര്‍വും അന്താരാഷ്ട്ര ഹോട്ടല്‍ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ പ്രതീക്ഷ നല്‍കുന്നു. ഇതിനായി ഇക്കോണമി ഹോട്ടല്‍ മേഖലയ്ക്ക് വന്‍ കിട ബ്രാന്‍ഡുകള്‍ പ്രാമുഖ്യം കൊടുത്തേക്കാം .

Related Articles
Next Story
Videos
Share it