അരാംകോയ്ക്കും ബി.പിക്കും പിന്നാലെ ഇന്ത്യയില്‍ വേരു പടര്‍ത്താന്‍ ആഗോള പെട്രോ കെമിക്കല്‍സ് കമ്പനികളും
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ ബിസിനസില്‍ 20 ശതമാനം ഓഹരി വാങ്ങാന്‍ സൗദി അരാംകോ പദ്ധതിയിട്ടതോടെ ഇന്ത്യയുടെ എണ്ണ, വാതക മേഖല ആഗോള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഇഷ്ട സങ്കേതമായി മാറുകയാണെന്നു വ്യക്തമായി.
അരാംകോയുമായുള്ള സഹകരണത്തിനു പുറമേ, ഇന്ത്യയിലുടനീളം റീട്ടെയില്‍ സര്‍വീസ് സ്റ്റേഷന്‍ ശൃംഖലയും വ്യോമയാന ഇന്ധന ബിസിനസും ഉള്‍പ്പെടുന്ന ഒരു പുതിയ സംയുക്ത സംരംഭം രൂപീകരിക്കാന്‍ ആര്‍ഐഎല്ലും ബിപിയും ഒരുക്കമാരംഭിച്ചു. ബിപിക്കും സൗദി അരാംകോയ്ക്കും പിന്നാലെ എണ്ണ, പെട്രോ കെമിക്കല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍, ഫ്രഞ്ച് ,ചൈനീസ്, തായ്‌വാനീസ്, അബുദാബി, കുവൈറ്റ് ഭീമന്മാരും ഇന്ത്യയിലേക്കു കണ്ണെറിഞ്ഞുകഴിഞ്ഞു.
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയുടെ ആവശ്യം കുറഞ്ഞുവരികയാണെങ്കിലും അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്‍പന്നങ്ങള്‍, പെട്രോകെമിക്കല്‍സ് എന്നിവയുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ചുരുക്കം ചില വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
2023 വരെ എല്ലാ വര്‍ഷവും ഇന്ത്യയില്‍ വാഹന ഇന്ധനങ്ങളുടെ ആവശ്യം 5 ശതമാനം ഉയരുമെന്നാണ് ക്രിസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനുശേഷം സാവധാനം കുറഞ്ഞുതുടങ്ങും. അതേസമയം, പെട്രോ കെമിക്കല്‍സ് മേഖലയിലും ഇന്ത്യയില്‍ എട്ട് ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക്് പ്രതീക്ഷിക്കുന്നു. ഈ മേഖലയില്‍ കയറ്റുമതി കൂടുമെന്നും കണക്കുണ്ട്.