പുതിയ നിയമനങ്ങള്‍ മരവിപ്പിച്ച് ഗൂഗിള്‍

കോവിഡ് ആഘാതത്താലുള്ള സാമ്പത്തിക തളര്‍ച്ച മൂലം സൈബര്‍ ലോകത്തെ ഭീമന്‍ കമ്പനിയായ ഗൂഗിള്‍ പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് നിയമനങ്ങള്‍ മരവിപ്പിക്കുന്നതെന്ന് മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്കയച്ച കത്തില്‍ വെളിപ്പെടുത്തി.

പരസ്യ രംഗത്തെ വരുമാനക്കുറവാണ് കമ്പനിയെ വിഷമിപ്പിക്കുന്നത്. മൈക്രോസോഫ്റ്റും ചില മേഖലകളില്‍ റിക്രൂട്ട്‌മെന്റ് താല്‍ക്കാലികമായി നിര്‍ത്തുന്നതായി അറിയിച്ചിരുന്നു. കോവിഡ് ആഗോള സാമ്പത്തിക സ്ഥിതിയെ ആഴത്തില്‍ ബാധിച്ചിരിക്കുന്നതായി സുന്ദര്‍ പിച്ചൈ ചൂണ്ടിക്കാട്ടി. ഗൂഗിളും ഈ പിടിയില്‍ നിന്ന് മോചിതമല്ല. പങ്കാളിത്തത്തിലൂടെയും പരസ്പര ആശ്രയത്തോടെയുമുള്ള ബിസിനസ് രംഗത്താണ് ഗൂഗിളിന്റെ നിലനില്‍പ്പ്. എന്നാല്‍, ഗൂഗിളുമായി ബന്ധപ്പെട്ട് കിടക്കുന്ന കമ്പനികളില്‍ ഭൂരിഭാഗവും കോവിഡ് മൂലം കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ല്‍ 20,000 പുതിയ ജോലിക്കാരെ നിയമിച്ചിരുന്നു ഗൂഗിള്‍. ഈ വര്‍ഷവും അത്ര തന്നെ നിയമനത്തിനു നീക്കമുണ്ടായിരുന്നു.അതാണ് വേണ്ടെന്നു വച്ചത്. അതേസമയം ഡാറ്റാ സെന്ററുകള്‍, മെഷീനുകള്‍ എന്നിവയിലും മാര്‍ക്കറ്റിംഗ് പോലുള്ള തന്ത്രപരമായ മേഖലകളിലും നിക്ഷേപം ഉയര്‍ത്താനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ കോവിഡ് പോരാട്ടത്തെ സഹായിക്കാന്‍ കമ്പനി 800 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് പിച്ചൈ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it