റിലയന്‍സ് ജിയോയില്‍ ഗൂഗിള്‍ 33,733 കോടിയുടെ നിക്ഷേപം നടത്തും

റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുകളില്‍ ആഗോള ടെക് ഭീമന്‍ ഗൂഗിള്‍ 33,733 കോടി രൂപയുടെ നിക്ഷേപം നടത്തും. റിലയന്‍സ് ഇന്ത്യയുടെ 43-ാം വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗൂഗിളിന് നല്‍കുന്നത് 7.7 ശതമാനം ഓഹരികളായിരിക്കും.

ഇന്ത്യയെ 2 ജി മുക്തമാക്കുന്നതിന്് വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ ഗൂഗിളും ജിയോയും കൈകോര്‍ക്കുമെന്നും അംബാനി പറഞ്ഞു. ഇതിനായി എന്‍ട്രി ലെവല്‍ 4ജി, 5ജി ഫോണുകള്‍ക്കായി ഗൂഗിളും ജിയോയും ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കും. നിലവില്‍ 2 ജി ഫീച്ചര്‍ ഫോണുകളുപയോഗിക്കുന്ന 35 കോടി ഇന്ത്യക്കാരെ കമ്പനി ലക്ഷ്യമിടുന്നു. താങ്ങാവുന്ന വിലയുള്ള സ്മാര്‍ട്ട് ഫോണുകളുടെ ഉടമകളാക്കി ഇവരെ മാറ്റും.

സ്പെക്ട്രം ലഭ്യമായാലുടനെ അടുത്ത വര്‍ഷത്തോടെ രാജ്യത്ത് 5ജി ട്രയല്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയാകും ഇതിനായി പ്രയോജനപ്പെടുത്തുക. വ്യത്യസ്തമേഖലകളില്‍ 5 ജി അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും. മാധ്യമം, ധനകാര്യം, ഇ-കൊമേഴ്സ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങിയ രംഗങ്ങളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആമസോണ്‍, നെറ്റ്ഫ്ളിക്സ് തുടങ്ങിയ 12 ആപ്പുകള്‍ക്കായി ഏക ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു. ജിയോ ടിവി പ്ലസ് എല്ലാ ജിയോ സെറ്റ് ടോപ് ബോക്‌സ് ഇപഭോക്താക്കള്‍്കകും ലഭ്യമാക്കും.വോയ്സ് സര്‍ച്ച് സാങ്കേതികവിദ്യ ഇതില്‍ ഉപയോഗിക്കും.
രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വിവരം പ്രദാനം ചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. അതിന് ജിയോയുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നുപ്രവര്‍ത്തിക്കാന്‍ ഗൂഗിളിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഡിജിറ്റല്‍ ഇക്കണോമിയുടെ ശാക്തീകരണത്തിന് അത് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ചെറുകിട കച്ചവടക്കാരെ ഉള്‍ക്കൊള്ളിച്ച് 200 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോ മാര്‍ട്ടും വാട്‌സാപ്പും കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവും അംബാനി നടത്തി.

ഫേസ്ബുക്കും, അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ക്കോമും ഈയടുത്ത് ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യയില്‍ അടുത്ത ഏഴ് വര്‍ഷത്തിനിടെ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചൈയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് 33,733 കോടി രൂപ ഗൂഗിള്‍ റിലയന്‍സില്‍ നിക്ഷേപിക്കുന്ന വിവരം മുകേഷ് അംബാനി ഓഹരി ഉടമകളെ അറിയിച്ചത്. വലിയ കമ്പനികളിലും സ്റ്റാര്‍ട്ടപ്പുകളിലും പാര്‍ട്ണര്‍ ഷിപ്പുകളിലും ഗൂഗിള്‍ നിക്ഷേപം ഉണ്ടാകുമെന്ന് പിച്ചൈ പറഞ്ഞിരുന്നു. സുന്ദര്‍ പിച്ചൈയും ഡിജിറ്റല്‍ സാങ്കേതിക വിദ്യ വഴി നടത്തിയ റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിച്ചു. ജിയോ പ്ലാറ്റ്ഫോമുമായുള്ള കൂട്ടുകെട്ട് അദ്ദേഹം സ്ഥിരീകരിച്ചു.

ഒരു ലക്ഷം കോടി രൂപ വരുമാനം നേടുന്ന രാജ്യത്തെ ആദ്യ കമ്പനിയായി റിലയന്‍സ്. പുറത്തിറക്കി വൈകാതെതന്നെ ജിയോ മീറ്റിന് 50 ലക്ഷം ഡൗണ്‍ലോഡ് ലഭിച്ചതായും അംബാനി പറഞ്ഞു.പകരം വെയ്ക്കാനില്ലാത്ത സംഭാവനയാണ് രാജ്യത്ത സമ്പദ്ഘടനയ്ക്ക് റിലയന്‍സ് നല്‍കുന്നതെന്ന് മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നികുതിദായകരാണ് റിലയന്‍സ്. ആദായനികുതിയിനത്തില്‍ 8,368 കോടി രൂപയാണ് കമ്പനി നല്‍കിയത്. ജിഎസ്ടി, വാറ്റ് എന്നിവയായി 69,372 കോടി രൂപയും.

ഓഗ്മന്റഡ് റിയാലിറ്റി വീഡിയോ മീറ്റിങ് സാധ്യമാകുന്ന ജിയോ ഗ്ലാസ് വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ചു. സിംഗിള്‍ കേബിള്‍ ഉപയോഗിച്ച് 25 ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനത്തിന് 75 ഗ്രാം മത്രമാണ് ഭാരം. ഇഷ അംബാനിയും ആകാശ് അംബാനിയും ചേര്‍ന്ന് ജിയോ പ്ലസ് ടിവി പ്ലസ് അവതരിപ്പിച്ചു.

രാജ്യത്തിന് അകത്തും പുറത്തും നിന്നായി ഒരു ലക്ഷം ഓഹരിയുടമകള്‍ റിലയന്‍സ് ഇന്ത്യയുടെ 43-ാം വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തതായാണ് കണക്ക്.നിലവിലെ പ്രത്യേക സാഹചര്യങ്ങളാല്‍ സൗദി ആരാംകോയുമായി മുന്‍ ധാരണ പ്രകാരമുള്ള സാമ്പത്തിക, സാങ്കേതിക, വിപണന സഹകരണ പദ്ധതികള്‍ പുരോഗമിച്ചിട്ടില്ലെന്ന് റിലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ വ്യക്തമാക്കി.യോഗത്തിനു ശേഷം റിലയന്‍സ് ഓഹരി വില 3.7 ശതമാനം കുറയാനുള്ള കാരണമിതാകാമെന്ന വിപണി വൃത്തങ്ങള്‍ കരുതുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it