സ്വകാര്യ ചെറുകിട ആശുപത്രികള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍; ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് തിരിച്ചടിയാകുമോ?
ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ചെറുകിട സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും സാമ്പത്തികത്തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണെന്ന് പഠനം.
കൊച്ചി ആസ്ഥാനമായ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (CPPR) 1970 മുതല്‍ 90 കള്‍ വരെയുളള കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറു സ്വകാര്യചികിത്സാ സ്ഥാപനങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ അസൂയാവഹമായ നേട്ടങ്ങള്‍ക്ക് പിന്നില്‍ ചെറുകിട സ്വകാര്യ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പങ്ക് വളരെ വലുതാണ്. എന്നിരുന്നാലും വേണ്ടത്ര പരിഗണന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇവയ്ക്ക് ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കേരളം പോലുള്ള ഒരു സംസ്ഥാനത്തിനു മിനിമം നിലവാരം ഉറപ്പുവരുത്താന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്ന ചോദ്യവും റിപ്പോര്‍ട്ട് ഉന്നയിക്കുന്നുണ്ട്.
സാധാരണക്കാരുടെ ആശുപത്രിച്ചെലവുകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും, ഇതിനെ ചെറുക്കാന്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആളുകള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം മുതലായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്.
ലാഭേച്ഛയോടെ പ്രവൃത്തിക്കുന്ന ബിസിനസുകളുടെ പോലെ ആരോഗ്യ സ്ഥാപനങ്ങളെ കാണുന്നത് ശരിയല്ല. പ്രത്യേകിച്ചൊരു ആരോഗ്യ നയങ്ങളുമില്ലാതെ തന്നെ കേരളം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നിരിക്കെ, കര്‍ശന നിയന്ത്രങ്ങള്‍ കൊണ്ടു വരേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ഉന്നയിക്കുകയാണ് ഈ റിപ്പോര്‍ട്ട്.
പ്രായോഗികമായി പാലിക്കാന്‍ ബുദ്ധിമുട്ടുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് വന്‍കിട ചികിത്സാ സ്ഥാപനങ്ങളേക്കാള്‍ ചെറിയ സ്ഥാപനങ്ങളെ കൂടുതലായി ബാധിക്കും . ഇത് കേരളത്തിലെ ചികിത്സാമേഖലയില്‍ വലിയ ഒരു വിടവ് സൃഷ്ടിക്കും.
കേരളത്തില്‍ ആകെ 1100 സ്വകാര്യ ആശുപത്രികള്‍ ഉള്ളതില്‍ 457 എണ്ണവും 50 ല്‍ താഴെ കിടക്കകള്‍ ഉള്ളവയാണ്. സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന നയങ്ങള്‍ ആരോഗ്യ രംഗത്തെ നിലവാരം ഉയര്‍ത്തുക, ലാഭേച്ഛയോടെയുള്ള ചികിത്സാരീതി നിര്‍ത്തലാക്കുക എന്ന ലക്ഷ്യങ്ങളോടെയാണ്.
കേരള ക്ലിനിക്കല്‍ എസ്സ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ (2017) വ്യവസ്ഥകള്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് പ്രായോഗികമായി പാലിക്കാന്‍ ബുദ്ധിമുട്ടുള്ളവയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇരുപത് കിടക്കയില്‍ താഴെയുള്ള വിഭാഗത്തിലെ സ്ഥാപനങ്ങളെപ്പോലും നിയമത്തിന് കീഴില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.
ഇതുപോലെ ഏകദേശം എണ്‍പതോളം ചട്ടങ്ങള്‍ സ്വകാര്യ ക്ലിനിക്കുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നുണ്ട്. ആയിരത്തിലധികം ക്ലിനിക്കുകള്‍ ഇത്തരം കര്‍ശന നിയന്ത്രണവും പ്രവര്‍ത്തനച്ചെലവും മൂലം ഇതിനകം പൂട്ടിപ്പോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നഴ്‌സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും വേതനം വര്‍ധിപ്പിച്ചത് നിലവിലെ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ് വീണ്ടും കൂട്ടും. രോഗികള്‍ക്ക് നല്‍കുന്ന പരിചരണം കണക്കിലെടുക്കാതെ ബെഡുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ വേതനം നിശ്ചയിച്ചത് ആശുപത്രികള്‍ളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ന്യായമായ വേതനം നഴ്‌സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും അവകാശമാണ്. എന്നാല്‍ മൊത്തം വേതനത്തിലുണ്ടായ വര്‍ദ്ധനവ് 133 ശതമാനമാണ്. ഇത് മൊത്തം വരുമാനത്തിന്റെ 67 ശതമാനം വരും. ഇത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് തികച്ചും അപര്യാപ്തമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ പിന്തുണ വേണ്ടത് അത്യാവശ്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.