ഓണ്‍ലൈന്‍ ടാക്‌സിക്ക് ഐ.ടി.ഐ , സര്‍ക്കാര്‍ സംയുക്ത പദ്ധതി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസുമായി (ഐടിഐ) സഹകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം വരുന്നു. ഇതിനായുള്ള വിശദമായ ചര്‍ച്ചകള്‍ 24ന് തിരുവനന്തപുരത്തു നടക്കും.കേരള മോട്ടോര്‍ വാഹന ക്ഷേമനിധിക്കാണ് പദ്ധതിയുടെ ഏകോപനച്ചുമതല.
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു ബദലായിട്ടാണ് ഊബര്‍ മാതൃകയിലുള്ള പുതിയ ടാക്‌സി സംവിധാനം.തിരക്ക് വര്‍ധിക്കുമ്പോള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന രീതി (സര്‍ജ് പ്രൈസിങ്) ഈ സംവിധാനത്തിലുണ്ടാകില്ല. ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷ, ടാക്‌സി കാറുകള്‍ എന്നിവയാകും പരിധിയില്‍ വരിക. ഭാവിയില്‍ സ്റ്റേജ് കാരിയേജുകളുള്‍പ്പടെ ഉള്‍പ്പെടുത്താനാണ് ക്ഷേമനിധി ബോര്‍ഡ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും 25 ശതമാനത്തോളം വരുമാന വര്‍ധന ഉണ്ടാകുമെന്നാണ് ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.
ഐടിഐയുമായി മുന്‍പ് ധാരണയിലെത്തിയെങ്കിലും ചില വ്യവസ്ഥകളില്‍ ബോര്‍ഡ് ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ ചര്‍ച്ചയ്ക്കുശേഷം കരാര്‍ അന്തിമമാക്കും.തിരുവനന്തപുരത്താകും ആദ്യം നടപ്പാക്കുക. മോട്ടോര്‍ വാഹന ക്ഷേമനിധി അംഗങ്ങളെ പൂര്‍ണമായും ഇതിന്റെ ഭാഗമാക്കും. ചെലവ് ഐടിഐ തന്നെ വഹിക്കും. ഘട്ടംഘട്ടമായി സര്‍വീസ് തുകയില്‍നിന്ന് ഇത് ഈടാക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline