സ്‌പെക്ട്രം ലേല കുടിശിക: മൊറട്ടോറിയം കിട്ടില്ലെന്ന നിരാശയില്‍ കമ്പനികള്‍
സ്‌പെക്ട്രം ലേലത്തിന്റെ കുടിശികത്തുക നല്‍കുന്നതിനു രണ്ടു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം തള്ളാന്‍ കേന്ദ ധനമന്ത്രാലയം തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. രാജ്യം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല നടപടിയെടുക്കുക സാധ്യമല്ലെന്ന നിലപാടാണ് ഉയര്‍ന്ന ഉദ്യാഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടിശ്ശിക അടയ്ക്കുന്ന കാര്യത്തില്‍ നേരത്തെ വോഡഫോണ്‍-ഐഡിയ സര്‍ക്കാരില്‍ നിന്ന് ആശ്വാസം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എല്ലാ ടെലികോം കമ്പനികള്‍ക്കും കുടിശ്ശിക അടയ്ക്കുന്നതിന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം നല്‍കുന്നത് പരിഗണിക്കാന്‍ ടെലികോം വകുപ്പ് നീക്കമാരംഭിച്ചു. ഇതിനിടെയാണ് ധനകാര്യ വകുപ്പ് ഇക്കാര്യത്തില്‍ കടും പിടുത്തമെടുക്കുന്നത്.
ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍) ക്കേസില്‍ സുപ്രീം കോടതിയില്‍നിന്നുണ്ടായ 1.33 ട്രില്യണ്‍ ആഘാതത്തിനു പുറമേ മോറട്ടോറിയം നിഷേധം കൂടി സംഭവിക്കുന്നപക്ഷം, കമ്പനികള്‍ക്കു പിടിച്ചു നില്‍ക്കാനാകാത്ത സാഹചര്യം വരുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. കമ്പനികളെ കൂടുതല്‍ നിരാശാ ഭരിതമാക്കുന്ന സംഭവവികാസമാണിതെന്ന് അവര്‍ പറയുന്നു.