ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ജിഎസ്ടിയും യാത്രാനിരക്കും കുറയ്ക്കണമെന്ന് മന്ത്രിമാര്‍

ദുര്‍വഹമായ നികുതി വെട്ടിക്കുറച്ച് രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ വികാസത്തിനു കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കണമെന്ന് കോവളത്തു ചേര്‍ന്ന സംസ്ഥാന ടൂറിസം മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം ആവശ്യപ്പെട്ടു. നികുതിവ്യവസ്ഥ ലളിതവല്‍കരിച്ച് യുക്തിസഹമാക്കുകയും വേണം.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നികുതി പരിഷ്‌കരണം അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രമേയം കര്‍ണാടക ടൂറിസം മന്ത്രി സി.ടി.രവി അവതരിപ്പിച്ചു. 7500 രൂപയ്ക്ക് മുകളില്‍ പ്രതിദിന വാടകയുള്ള ഹോട്ടലുകളുടെ ജിഎസ്ടി ഇപ്പോള്‍ 28 ശതമാനമാണ്. ഇതിനു താഴെ 2500 രൂപ വരെ വാടകയുള്ള ഹോട്ടലുകള്‍ക്ക് ഈടാക്കുന്നത് 18 ശതമാനവും. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ ഉയര്‍ന്ന നിരക്കുകളാണിതെന്ന് പ്രമേയത്തില്‍ പറയുന്നു.

രാജ്യത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന വിമാനയാത്രാ നിരക്കുകള്‍ കുറച്ചില്ലെങ്കില്‍ ആഗോള ടൂറിസം മേഖലയുമായി മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുകയില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഈ യാത്രാക്കൂലി കാരണം ഉത്സവകാലത്തും സീസണിലുമൊക്കെ ഒഴിവുകാല യാത്രക്കാര്‍ ചെലവു കുറഞ്ഞ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തേടിപ്പോകുന്നു. ഇതിനിടെയാണ് ചില വിമാനക്കമ്പനികള്‍ അപ്രതീക്ഷിതമായി അടച്ചുപൂട്ടിയത്. സര്‍വീസുകള്‍ കുറവുള്ള ഇടത്തരം, ചെറുകിട നഗരങ്ങളിലേയ്ക്കുള്ള യാത്രാനിരക്കുകള്‍ ഇതോടെ വീണ്ടും വര്‍ധിച്ചു.

സംസ്ഥാനാന്തര ടൂറിസ്റ്റ് വാഹന നിരക്കുകള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നു.തടസമില്ലാത്ത യാത്രയ്ക്ക് ഇവ ഏകീകരിക്കേണ്ടതുണ്ട്.പ്രാദേശിക ടൂറിസം സമിതികള്‍ രൂപീകരിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ തമ്മില്‍ ആനുകാലികമായി ആശയവിനിമയം നടത്താനും സഹകരിച്ചുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയുമെന്ന് ഒഡിഷ ടൂറിസം മന്ത്രി ജ്യോതി പ്രകാശ് അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

പ്രാദേശികാടിസ്ഥാനത്തിലും അയല്‍സംസ്ഥാനങ്ങള്‍ ഒന്നിച്ചും പ്രാദേശിക വിനോദസഞ്ചാര സമിതികളും വിനോദസഞ്ചാര സര്‍ക്കീട്ടുകളും രൂപീകരിക്കണം. ടൂറിസം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന സ്വഭാവം നല്‍കാനും തങ്ങളുടെ ടൂറിസം ആകര്‍ഷണങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും ആഗോള തലത്തില്‍ സംയുക്തമായി അവതരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ടൂറിസം-സാസ്‌കാരിക സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it