ഹോങ്കോംഗിലേക്കും വിലക്ക്; എയര്‍ ഇന്ത്യയ്ക്ക് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്?

ദുബായിലേക്കുള്ള യാത്രാവിലക്ക് നീങ്ങിയതിനു തൊട്ടുപിന്നാലെ ഹോങ്കോങ്ങിലേക്കും എയര്‍ഇന്ത്യ ഫ്‌ളൈറ്റുകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്, വിശദാംശങ്ങളറിയാം.

hong-kong-bans-air-india-flights-till-october-3-what-actually-happened
-Ad-

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഹോങ്കോങ്ങിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിരോധിച്ച് കൊണ്ട് ഹോങ്കോംഗ് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്. നിലവിലെ അറിയിപ്പു പ്രകാരം എയര്‍ ഇന്ത്യയുടെ ഹോങ്കോങ്ങിലേക്കുള്ള സര്‍വ്വീസുകള്‍ രണ്ടാഴ്ചത്തേക്കാണ്( ഒക്ടോബര്‍ 3 വരെ) നിര്‍ത്തിവച്ചിരിക്കുന്നത്. വിമാനങ്ങളില്‍ കൊവിഡ് -19 പോസിറ്റീവ് യാത്രക്കാരെ കയറ്റുന്ന വിമാനക്കമ്പനികള്‍ക്കെതിരെ ഹോങ്കോംഗ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓഗസ്റ്റ് മാസം തന്നെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നെങ്കിലും അടിയന്തര ആരോഗ്യ ചട്ടങ്ങള്‍ സെപ്റ്റംബര്‍ 15 ന് കര്‍ശനമാക്കുകയും ഇത് പ്രകാരം, അഞ്ച് കൊവിഡ് -19 യാത്രക്കാരോ അതില്‍ കൂടുതലോ യാത്ര ചെയ്യുന്ന വിമാനക്കമ്പനികള്‍ക്കും അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടോ മൂന്നോ അതിലധികമോ കൊവിഡ് രോഗികളായ യാത്രക്കാരെ വഹിച്ചെത്തുന്ന വിമാനങ്ങള്‍ക്കും ഹോങ്കോങ്ങില്‍ വിലക്ക് നേരിടേണ്ടി വരുമെന്നാണ് വിവരം. നേരത്തെ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രത്യേക അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിലേക്ക് കൊവിഡ് -19 പോസിറ്റീവ് യാത്രക്കാരെ വിമാനത്തില്‍ എത്തിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓഗസ്റ്റില്‍ നിയന്ത്രണം വന്നത്.

ദുബായിലെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ എയര്‍ ഇന്ത്യയുടെ സബ്‌സിഡിയറിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 2 വരെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഇന്ത്യന്‍ വിമാനക്കമ്പനി കൊവിഡ് -19 രോഗബാധിതരായ യാത്രക്കാരെ ദുബായില്‍ എത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ഗള്‍ഫ് എമിറേറ്റ്‌സിലെ വ്യോമയാന അധികൃതര്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു.

-Ad-

ഇതനുസരിച്ച് ഷെഡ്യൂള്‍ പ്രകാരം എല്ലാ എയര്‍ ഇന്ത്യ വിമാനങ്ങളും സര്‍വീസ് നടത്തപുമെന്നും കമ്പനി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ വക്താക്കള്‍ ഹോങ്കോംഗ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ തീരുമാനം പുന: പരിശോധിക്കാന്‍ എയര്‍ലൈന്‍ ഹോങ്കോങ്ങിലെ സിവില്‍ ഏവിയേഷന്‍ വകുപ്പിന് കത്ത് നല്‍കുമെന്ന് മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ട്.

മധ്യവര്‍ഗക്കാര്‍ ഏറെ ആശ്രയിക്കുന്ന വിമാന സര്‍വീസ് എന്ന നിലയില്‍ എയര്‍ ഇന്ത്യയ്ക്ക് വരുന്ന തുടര്‍ച്ചയായ നിരോധനപ്രഖ്യാപനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ആശങ്കകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇതിനോടകം തന്നെ എയര്‍ഇന്ത്യ സര്‍വീസ് തെരഞ്ഞെടുക്കുന്നവര്‍ ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here