കോവിഡ് വ്യാപനം കൂടുന്നു; കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഹോട്ടലുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഉടമകള്‍
ജൂണ്‍ ഒമ്പത് മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഉടന്‍ ഹോട്ടലുകള്‍ തുറക്കാനിടയില്ലെന്ന് ഹോട്ടലുടമകളുടെ സംയുക്ത തീരുമാനം. കോവിഡ് വ്യാപന സമയത്ത് ഹോട്ടലുകള്‍ തുറന്നാല്‍ രോഗവ്യാപനത്തിനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് ഇവരുടെ നിലപാട്. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുമെന്നാണ് വിവരം.
ഏതൊക്കെ സ്ഥലങ്ങളില്‍ എങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കണമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ യൂണിറ്റ് കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷമാകും കോഴിക്കോട് ജില്ലയില്‍ എന്നുമുതല്‍ ഹോട്ടലുകള്‍ തുറക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.
നിലവിലെ സാഹചര്യത്തില്‍ ജൂലൈ 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടതില്ലെന്നാണ് മലപ്പുറം ജില്ല ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ തീരുമാനം. കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഹോട്ടലുകള്‍ കൂടി തുറന്നാല്‍ രോഗവ്യാപനം കൂടുതലാകുമെന്ന ഭയം നിലനില്‍ക്കുന്നുണ്ടെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ഇവര്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline