Top

'സ്ഥിരം അടച്ചുപൂട്ടല്‍' ഭീഷണി നേരിടുമ്പോഴും പിടിച്ചു നില്‍ക്കാന്‍ തന്ത്രങ്ങളുമായി ഹോട്ടലുകള്‍

കേരളത്തിലെ റസ്റ്റൊറന്റുകളുടെ പ്രതിസന്ധി ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ദുരന്തങ്ങളോരോന്നും ഏറ്റവുമധികം പ്രതിസന്ധിയിലാഴ്ത്തിയ മേഖലകളിലൊന്നാണിത്. നോട്ട് നിരോധനവും നിപ്പയും പ്രളയങ്ങളുമൊക്കെ ഹോട്ടല്‍ മേഖലയില്‍ വന്‍ നഷ്ടം വരുത്തി വെച്ചതിനു പിന്നാലെയാണ് കൊവിഡ് 19 എത്തുന്നത്. ലോക്ക് ഡൗണ്‍ നീണ്ടു പോകുന്നതിലൂടെ ഈ മേഖല നേരിടുക സമാനതകളില്ലാത്ത പ്രതിസന്ധിയാകുമെന്നാണ് ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ പ്രതിസന്ധികളെ ഏതു വിധേനയും നേരിടാന്‍ സ്വന്തം വഴികള്‍ തേടുന്നതിനൊപ്പം സര്‍ക്കാരിന്റെ സഹായവും ഉണ്ടാകണമെന്നാണ് ഹോട്ടലുമടകളുടെ ആവശ്യം.

നാലു ലക്ഷം കോടിയിലേറെ പ്രതിവര്‍ഷ വിറ്റുവരവ് നേടുന്ന മേഖലയാണ് ഇന്ത്യയില്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റൊറന്റ്. 70 ലക്ഷത്തിലേറെ പേര്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ ജോലി നല്‍കുന്നുമുണ്ട്. കേരളത്തില്‍ തന്നെ അരലക്ഷത്തിലേറെ സംഘടിത ഹോട്ടലുകളുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഇവയിലൂടെ ഉപജീവനം നേടുന്നത്. അസംഘിടതരും തട്ടുകട പോലെ സ്വയം തൊഴില്‍ സംരംഭമായി കൊണ്ടു നടക്കുന്നവരും അതിലേറെ വരും.
നോട്ട് നിരോധനം മറ്റേതൊരു മേഖലയേയും പോലെ ഹോട്ടലുകള്‍ക്കും ആഘാതമായിരുന്നെന്നും അന്നു മുതലാണ് പ്രതിസന്ധി കനത്തതെന്നും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റൊറന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി ബിജു ലാല്‍ പറയുന്നു. പ്രതിദിനം 30 ലേറെ റസ്‌റ്റൊറന്റുകള്‍ പുതുതായി തുറന്നിടത്തു നിന്നും പത്തിലേക്കും പിന്നീട് പത്തെണ്ണം തുറക്കുമ്പോള്‍ 30 എണ്ണം പൂട്ടിപ്പോകുന്ന സ്ഥിതിയിലേക്കും അതെത്തി. 40-50 ശതമാനം കച്ചവടം കുറഞ്ഞിരിക്കുന്ന സമയത്താണ് കൊവിഡ് എത്തുന്നത്.

സാമ്പത്തിക ആഘാതം മാത്രമല്ല, സാമൂഹ്യ അകലം പാലിക്കല്‍ പോലുള്ള ശീലങ്ങള്‍ തുടങ്ങുന്നതും പുതിയ രീതികള്‍ അവലംബിച്ചില്ലെങ്കില്‍ ഹോട്ടല്‍ മേഖലയ്ക്ക് ചെറുതല്ലാത്ത നഷ്ടം വരുത്തിവെക്കുമെന്നാണ് ഹോട്ടലുടമകള്‍ കരുതുന്നത്. രാജ്യമെമ്പാടും 70 ശതമാനത്തിലേറെ ഫുഡ് ഡെലിവറിയില്‍ കുറവ് ഉണ്ടായിട്ടുണ്ട്.

പുതിയ തന്ത്രങ്ങള്‍

പാര്‍സല്‍ സര്‍വീസുകളില്‍ കോംബോ ഓഫറുകള്‍ അടക്കമുള്ളവയിലൂടെ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുകയും പ്രവര്‍ത്തന ചെലവ് കുറയ്ക്കുകയുമാണ് പുതിയ സാഹചര്യത്തില്‍ ഹോട്ടലുകള്‍ക്ക് അഭികാമ്യമെന്ന് ബിജുലാല്‍ അഭിപ്രായപ്പെടുന്നു. അസോസിയേഷന്‍ തന്നെ ഇതിന് നേതൃത്വം നല്‍കുകയും ചെയ്യും. സെല്‍ഫ് സര്‍വീസ് ഏര്‍പ്പെടുത്തുന്നതോടെ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്താനാകുമെന്നാണ് ഒരു അഭിപ്രായം. ഓരോ പ്രദേശത്തെയും ഹോട്ടലുകള്‍ക്കായി പൊതു അടുക്കള ഉണ്ടാക്കുകയും വിഭവങ്ങള്‍ പൊതുവായി ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ് മറ്റൊരു ആശയം. ഇതോടൊപ്പം എല്ലാ ഹോട്ടലുകളും ഒരേ സമയത്ത് പ്രവര്‍ത്തിപ്പിക്കാതെ രണ്ടു ഷെഡ്യൂളുകളിലായി പ്രവര്‍ത്തിക്കുന്നതും ഗുണകരമാകുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it