ജെറ്റ് എയർവേയ്സ് ഏറ്റെടുക്കൽ ചർച്ചയിൽ യൂസഫലിയുടെ പേര് ഉൾപ്പെട്ടതെങ്ങനെ!  

ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഒന്നിലധികം തവണ ഉയർന്നു കേട്ട പേരാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടേത്. ജെറ്റ് എയർവേയ്സിൽ നിക്ഷേപിക്കാൻ എത്തിഹാദ് തയ്യാറായാൽ യൂസഫലി അതിന്റെ ഇന്ത്യൻ ഇന്ത്യൻ പാർട്ണർ ആയേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

2013 ൽ ജെറ്റിന്റെ 24 ശതമാനം ഓഹരി എത്തിഹാദ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ യൂസഫലി പ്രധാന പങ്ക് വഹിച്ചിരുന്നു.

മാത്രമല്ല, ജെറ്റ് എയർവേയ്സ് മേധാവി നരേഷ് ഗോയൽ കഴിഞ്ഞയാഴ്ച്ചഏറ്റെടുക്കൽ അഭ്യർത്ഥനയുമായി യൂസഫലിയെ സമീപിക്കുകയും ചെയ്തിരുന്നു എന്നാണ് വാർത്തകൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ എയർലൈൻ കമ്പനിയിൽ നിക്ഷേപിക്കാൻ താല്പര്യമില്ലാത്തതിനാൽ അദ്ദേഹം ഓഫർ നിരസിക്കുകയായിരുന്നു.

താൻ ഇപ്പോൾ വ്യോമയാന മേഖലയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നില്ലെന്നും പകരം റീറ്റെയ്ൽ. ഹോസ്പിറ്റാലിറ്റി, മൈസ് രംഗങ്ങളിലാണ് കമ്പനിയുടെ ശ്രദ്ധയെന്നും യൂസഫലി ഹിന്ദു ബിസിനസ് ലൈനിന് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു.

ഷോപ്പിംഗ് മാളുകൾ, ഹോട്ടൽ ചെയ്‌നുകൾ, ഐറ്റി ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയവയിൽ ലുലു ഗ്രൂപ്പ് വൻ നിക്ഷേപങ്ങളാണ് ഈയിടെ നടത്തിയത്; കേരളത്തിനു പുറമെ, ഉത്തര്‍പ്രദേശ്, നോയിഡ, വാരാണസി എന്നീ സ്ഥലങ്ങളിലും നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഗ്രൂപ്പ്.

ഇന്നലെ പ്രവർത്തനമാരംഭിച്ച കണ്ണൂർ എയർപോർട്ട്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ യൂസഫലിക്ക് നിക്ഷേപമുണ്ട്.

എത്തിഹാദിന്റെ 'ജെറ്റ് റെസ്ക്യൂ പ്ലാൻ'

അബുദാബി ആസ്ഥാനമായ എത്തിഹാദ് എയർവേയ്സ് ജെറ്റിന്റെ പുതിയ 150 മില്യൺ ഡോളറിന്റെ വായ്പക്ക് ഗ്യാരണ്ടി നിൽക്കാൻ സമ്മതിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ബാങ്കുകളോട് ജെറ്റിന്റെ വായ്പാ പരിധി ഉയർത്തി നൽകണമെന്നും എത്തിഹാദ് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച തീരുമാനം ബാങ്കുകൾ അറിയിച്ചിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it