സി.ആർ.ഇസഡിലെ ഇളവുകൾ: ടൂറിസം, ഭവനനിർമാണ മേഖലകൾക്ക് നേട്ടം
തീരദേശ മേഖലകളിലെ കെട്ടിട നിര്‍മാണത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ വലിയ തോതിലുള്ള ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2011 ലെ കോസ്റ്റല്‍ റെഗുലേഷന്‍ സോണിലെ (CRZ) ചട്ടങ്ങളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
ഇത് കേരളത്തിലെ തീരദേശ മേഖലകളിലെ ടൂറിസം വ്യവസായത്തിനും പാര്‍പ്പിട നിര്‍മാണ മേഖലക്കും വലിയൊരു ഉത്തേജനമാകുമെന്നാണ് സൂചന.
ഗ്രാമീണ മേഖലകളില്‍ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള ഇളവുകള്‍ നല്‍കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161ല്‍ അധികം ജനസംഖ്യയുള്ള തീരദേശ പഞ്ചായത്തുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം 200 മീറ്ററില്‍ നിന്നും ഇപ്പോള്‍ 50 മീറ്ററായി കുറച്ചിട്ടുണ്ട്.
അതേസമയം ഇത്രയും ജനസാന്ദ്രത ഇല്ലാത്ത പ്രദേശങ്ങളില്‍ 200 മീറ്റര്‍ ദൂരപരിധി ബാധകവുമാണ്. കേരളത്തിലെ തീരദേശ മേഖലകളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലെയും ജനസാന്ദ്രത അതില്‍ കൂടുതല്‍ ആയതിനാല്‍ അവിടെയെല്ലാം ഇളവ് ലഭിക്കുമെന്നത് സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് സഹായകരമാകും.
നിര്‍മാണത്തിന് കൂടുതല്‍ ഭൂമി ലഭിക്കുമെന്നതിനാല്‍ സംസ്ഥാനത്തെ തീരദേശ മേഖലകളിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമൊക്കെ ഇത് ഗുണകരമാകും. നിലവിലുള്ള 50 മീറ്റര്‍ നോ ഡെവലപ്‌മെന്റ് സോണുകളില്‍പ്പോലും ടൂറിസത്തിനായി ടോയ്‌ലറ്റുകള്‍, ചെയിഞ്ച് റൂംസ്, കുടിവെള്ള സംവിധാനം തുടങ്ങിയവയൊക്കെ താല്‍ക്കാലികമായി നിര്‍മിക്കാനാകുമെന്നതാണ് മറ്റൊരു നേട്ടം.
എന്നാല്‍ വേലിയേറ്റ രേഖയുടെ 10 മീറ്ററിനുള്ളില്‍ നിര്‍മാണം പാടില്ല. മലബാര്‍ പ്രദേശത്തെ കടലോര പഞ്ചായത്തുകളിലൊക്കെ കൂടുതല്‍ ടൂറിസം പദ്ധതികള്‍ വരാനും ഇളവുകള്‍ വഴിയൊരുക്കും.
"കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളിലെ ടൂറിസം വികസനത്തെ ഇത് വളരെയേറെ സഹായിക്കും. പ്രത്യേകിച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂടി നിലവില്‍ വന്നതിനാല്‍ ഈയൊരു സാധ്യത പൂര്‍ണ്ണമായും ടൂറിസം മേഖല പ്രയോജനപ്പെടുത്തണം," റെവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പി.എച്ച് കുര്യന്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു.
നിര്‍മാണത്തിനായി കൂടുതല്‍ സ്ഥലം
തീരദേശ മേഖലയിലെ നിയന്ത്രങ്ങളില്‍ വരുത്തിയ ഇളവുകളെ ടൂറിസം മേഖലയും സ്വാഗതം ചെയ്യുന്നു. "2011ലെ സി.ആര്‍.ഇസഡ് പോളിസി പ്രകാരം തീരദേശത്ത് ലഭ്യമായിട്ടുള്ള യഥാര്‍ത്ഥ ഭൂമിയുടെ 30 ശതമാനം മാത്രമേ നിര്‍മാണത്തിനായി വിനിയോഗിക്കാനാകുമായിരുന്നുള്ളൂ. ഇപ്പോള്‍ നിയന്ത്രണം കുറച്ചതിനാല്‍ കെട്ടിട നിര്‍മാണത്തിന് കൂടുതല്‍ സ്ഥലം ലഭ്യമാകുമെന്നതാണ് നേട്ടം," കോണ്‍ഫെഡറേഷന്‍ ഓഫ് ടൂ
റിസം ഇന്‍ഡസ്ട്രി ഇന്‍ കേരളയുടെ ജനറല്‍ സെക്രട്ടറിയായ എം.ആര്‍ നാരായണന്‍ പറഞ്ഞു.
കേരള ലാന്‍ഡ് സീലിംഗ് ആക്ട് പ്രകാരം ഒരു കമ്പനിക്ക് കൈവശം വെക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. അതൊരു ജലസ്രോതസിന് സമീപത്താണെങ്കില്‍ പഴയ സി.ആര്‍.ഇസഡ് പ്രകാരം നിര്‍മാണം നടത്താവുന്ന സ്ഥലം ചിലപ്പോള്‍ വെറും മൂന്ന് ഏക്കറായിരിക്കും. എന്നാല്‍ പുതിയ ഇളവുകള്‍ കാരണം നിര്‍മാണ യോഗ്യമായ സ്ഥലം വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കായലുകള്‍, ദ്വീപുകള്‍ എന്നിവിടങ്ങളിലെ നിര്‍മാണത്തിനുള്ള നിരോധനം 50 മീറ്ററില്‍ നിന്നും 20 മീറ്ററായി കുറച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ശാസ്താംകോട്ട, അഷ്ടമുടി, വേമ്പനാട് എന്നീ കായലുകളൊക്കെ വെറ്റ്‌ലാന്‍ഡില്‍ ഉള്‍പ്പെടുന്നതിനാല്‍ 50 മീറ്റര്‍ ദൂരപരിധി ഇവയ്ക്ക് ബാധകമാണ്. അതിനാല്‍ ഇതിലും മാറ്റം വരുത്തിയെങ്കില്‍ മാത്രമേ ടൂറിസം മേഖലയ്ക്ക് പ്രയോജനമുണ്ടാകുകയുള്ളൂ.
നഗരപ്രദേശങ്ങളിലുള്ള തീരദേശ മേഖലകളിലെ കെട്ടിട നിര്‍മാണത്തിന് ഇപ്പോള്‍ ഫ്‌ളോര്‍ സ്‌പെയ്‌സ് ഇന്‍ഡെക്‌സ് (FSI) ബാധകമാക്കിയെന്നതും ഗുണകരമാണ്. അതിനാല്‍ അവിടെയും നിര്‍മാണത്തിനായി കൂടുതല്‍ സ്ഥലം ലഭിക്കുമെന്ന് മാത്രമല്ല അത്തരം മേഖലകളുടെ റീഡെവലപ്‌മെന്റിന് അത് കാരണമാകുകയും ചെയ്യും.
സി.ആര്‍.ഇസഡ് ക്ലിയറന്‍സുകള്‍ പുതിയ നോട്ടിഫിക്കേഷനിലൂടെ വളരെയേറെ ലളിതവല്‍ക്കരിച്ചിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെയും വേലിയിറക്കമുള്ള പ്രദേശങ്ങളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഇനിമുതല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ആവശ്യമുള്ളൂ.
തീരദേശ സംരക്ഷണം ഉറപ്പാക്കാം
നഗര-ഗ്രാമ പ്രദേശങ്ങളിലെ തീരദേശ മേഖലകളിലെ നിര്‍മാണ അനുമതി സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. അതിലേക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്.
"300 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് അഥോറിറ്റിയില്‍ പോകാതെ പഞ്ചായത്തുകളില്‍ നിന്നുതന്നെ ക്ലിയറന്‍സ് ലഭിക്കുമെന്നത് സാധാരണ ജനങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമാകും," പി.എച്ച് കുര്യന്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ തീരത്ത് നിന്നും 50 മീറ്റര്‍ അകലെയുള്ള വീടുകളിലേക്കോ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളിലേക്കോ മാറ്റി താമസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ തീരദേശത്തെ 50 മീറ്റര്‍ സ്ഥലത്തെ വീടുകളില്ലാത്ത സോണാക്കാനും കടല്‍ക്ഷോഭത്തെയും സുനാമിയെയും ചെറുക്കുന്ന മരങ്ങളും മറ്റും അവിടെ വച്ചുപിടിപ്പിച്ച് അതിനെ ഒരു ഗ്രീന്‍ ബെല്‍റ്റായി മാറ്റാനും സാധിക്കുമെന്ന് കുര്യന്‍ അഭിപ്രായപ്പെട്ടു.
കടല്‍ക്ഷോഭം കൊണ്ടുള്ള തീരശോഷണത്തെ ചെറുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് നേട്ടം. ഈ പരിധിക്കുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയഭൂമി ഉണ്ടെങ്കില്‍ അവിടെ അവര്‍ക്ക് വീട് വെക്കാനാകില്ലെങ്കിലും അതിനകത്തെ മരങ്ങള്‍ ആവശ്യാനുസരണം മുറിച്ചെടുക്കുന്നതിനും വീണ്ടും അവ പ്ലാന്റ്് ചെയ്ത് ആദായം എടുക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്താല്‍ തീരദേശ സംരക്ഷണം വളരെയേറെ മെച്ചപ്പെടുത്താനും സാധിക്കും.
കോസ്റ്റല്‍ ടൂറിസം രംഗത്ത് പരിവര്‍ത്തനം അനിവാര്യം
തീരദേശത്തെ ടൂറിസം പദ്ധതികളിലൂടെ തദ്ദേശവാസികള്‍ക്ക് കൂടി നേട്ടം ലഭിക്കേണ്ടതുണ്ട്. ഇതിലേക്കായി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ കണ്ടെത്തി തൊഴില്‍ വൈദഗ്ധ്യം നല്‍കി ജോലി കൊടുക്കാന്‍ സംരംഭകര്‍ തയാറാകണമെന്ന് പി.എച്ച് കുര്യന്‍ ചൂണ്ടിക്കാട്ടി. അത് നമ്മുടെ റെസ്‌പോണ്‍സിബിള്‍ ടൂറിസത്തിന്റെ ഭാഗമാകുകയും വേണം.
കാരണം തദ്ദേശവാസികളുടെ എതിര്‍പ്പാണ് പലപ്പോഴും കോസ്റ്റല്‍ ടൂറിസം പദ്ധതികളില്‍ പ്രശ്‌നമാകുന്നത്. പഞ്ചായത്തുകള്‍ക്ക് വരുമാനം ലഭിക്കുന്നതുപോലെ പ്രദേശ വാസികള്‍ക്കും വരുമാനം ലഭിക്കുന്ന തരത്തില്‍ കോസ്റ്റല്‍ ടൂറിസത്തെ പരിവര്‍ത്തനം ചെയ്യുകയാണ് വേണ്ടത്. പ്രദേശവാസികളുമായി യാതൊരു ബന്ധവുമില്ലാത്തതിനാലാണ് ടൂറിസം ലോബിയെന്നും റിസോര്‍ട്ട് മാഫിയ എന്നുമൊക്കെയുള്ള ആക്ഷേപം സംരംഭകര്‍ കേള്‍ക്കേണ്ടിവരുന്നത്.
അതിനാല്‍ മൊത്തം ജീവനക്കാരില്‍ 20 ശതമാനം പേരെങ്കിലും പരിശീലനം നല്‍കിയ തദ്ദേശവാസികളായിരിക്കണം. നമ്മുടെ തീരപ്രദേശങ്ങളുടെ ഉന്നമനത്തിന് അത് വഴിതുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.