ആയുര്‍വേദത്തെ ഒരു ആഗോള ബ്രാന്‍ഡാക്കാന്‍ എന്തൊക്കെ ചെയ്യണം?

നൂറ്റാണ്ടുകളായി ഇന്ത്യാക്കാരുടെ ആരോഗ്യസംരക്ഷണത്തിനുള്ള ഒരു ഉപാധിയായിരുന്നു ആയുര്‍വേദമെങ്കിലും ഇന്നതിനെ ഒരു മുഖ്യധാരാ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റമായി ഇന്ത്യയില്‍പ്പോലും പരിഗണിക്കുന്നില്ലെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായൊരു അവസ്ഥ. രാജ്യത്തെ 10 ശതമാനം ആളുകള്‍ പോലും ഇന്ന് ആയുര്‍വേദം ഉപയോഗിക്കുന്നില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോഡേണ്‍ മെഡിസിന്റെ ഭീമമായ കടന്നുകയറ്റത്തില്‍ ആയുര്‍വേദ ചികിത്സാ രീതികള്‍ പിന്തള്ളപ്പെടുന്നുവെന്നതും നിഷേധിക്കാനാകില്ല.

നമ്മുടെ ആയുര്‍വേദ ഔഷധങ്ങളെ ഫുഡ് സപ്ലിമെന്റുകളായും ആയുര്‍വേദ കോസ്‌മെറ്റിക്‌സുമായാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നത്. അതേസമയം രണ്ട് വര്‍ഷം മുന്‍പ് ആയുര്‍വേദത്തെ ഒരു ചികിത്സാ സമ്പ്രദായമായി സ്വിറ്റ്‌സര്‍ലന്റ് അംഗീകരിച്ചുവെന്നതാണ് ശ്രദ്ധേയമായൊരു നേട്ടം. എന്നാല്‍ മറ്റുള്ള വിദേശരാജ്യങ്ങളും ഇതിനെ ഒരു ചികിത്സാ സമ്പ്രദായമായി അംഗീകരിച്ചാല്‍ മാത്രമേ ആയുവേദത്തെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അതോടൊപ്പം നമ്മുടെ തനതായ അനേകം ആയുര്‍വേദ ഔഷധങ്ങളെ ഔഷധങ്ങളായി തന്നെ കയറ്റുമതി നടത്തുന്നതിനുള്ള സാഹചര്യവും രൂപപ്പെടുകയാണെങ്കില്‍ അതിലൂടെ വലിയൊരു വിപണിയാകും തുറന്നുകിട്ടപ്പെടുന്നത്.

ആസൂത്രിത നടപടികള്‍ അത്യാവശ്യം

ഈയൊരു ലക്ഷ്യം സാദ്ധ്യമാക്കുന്നതിന് ആയുര്‍വേദത്തിലെ വ്യത്യസ്ത മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു മുന്നേറ്റം ആവശ്യമാണെന്ന് വിദഗ്ധര്‍ ഒന്നടങ്കം പറയുന്നു. ഉദാഹരണമായി ക്ലിനിക്കല്‍ രംഗത്ത് ആത്യാധുനികവും ആഗോളനിലവാരത്തിലുള്ളതുമായ ഹോസ്പിറ്റലുകള്‍ ഉണ്ടാകണം. യഥാര്‍ത്ഥ ആയുര്‍വേദ ചികിത്സ അത്തരം ഹോസ്പിറ്റലുകളില്‍ ഉറപ്പാക്കുകയും ചെയ്യണം.

ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ തനതായ നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുകയും ഔഷധങ്ങളുടെ നിര്‍മ്മാണം, ഗുണനിലവാരം എന്നിവയിലൊക്കെ കേന്ദ്ര സര്‍ക്കാരും ഇന്‍ഡസ്ട്രിയും കൈകോര്‍ത്തുകൊണ്ട് നിശ്ഛിത മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുകയും വേണം. വിപണിയിലെ സാന്നിദ്ധ്യം ശക്തമാക്കാന്‍ നൂതന വിപണന തന്ത്രങ്ങള്‍ക്ക് രൂപംകൊടുക്കുകയും ചെയ്യണം.

മെഡിസിനല്‍ പ്ലാന്റ്‌സിന്റെ കൃഷിയാണ് ഊന്നല്‍ നല്‍കേണ്ട മറ്റൊരു സുപ്രധാന മേഖല. കാരണം ആയുര്‍വേദത്തിന്റെ നിലനില്‍പിനും വളര്‍ച്ചക്കും മെഡിസിനല്‍ പ്ലാന്റ്‌സിന്റെ ലഭ്യത അത്യന്താപേക്ഷിതമാണ്. ആയുര്‍വേദത്തിന്റെ ഭാവികാല മുന്നേറ്റത്തിനുള്ള മറ്റൊരു അടിസ്ഥാന ഘടകമാണ് റിസര്‍ച്ച്. ആധുനിക കാലഘട്ടത്തിനും ജനങ്ങളുടെ ജീവിതശൈലിക്കും അനുസരണമായി ആയുര്‍വേദ ഔഷധങ്ങളെ അവയുടെ ഔഷധമൂല്യത്തിന് ഒട്ടുംതന്നെ ചോര്‍ച്ചയുണ്ടാകാതെ പുതിയൊരു രൂപത്തിലേക്ക് മാറ്റിയെടുക്കാനും സാധിക്കണം.

ഉദാഹരണമായി ഒന്നര മാസത്തേക്ക് 3 നേരവും കഷായം ഉണ്ടാക്കി കഴിക്കുകയെന്നത് ഇന്നത്തെ ജീവിതശൈലിയില്‍ ഒട്ടുംതന്നെ പ്രയോഗികമല്ല. പകരം അതിനെ ഫലപ്രദമായൊരു ടാബ്ലറ്റായോ മറ്റേതെങ്കിലും രൂപത്തിലോ രോഗികള്‍ക്ക് കഴിക്കാവുന്ന വിധത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം. കൂടാതെ ആയുര്‍വേദത്തിലുള്ള നമ്മുടെ മഹാത്തായ പരമ്പരാഗത വിജ്ഞാനത്തെ ബയോടെക്‌നോളജി പോലുള്ള നൂതന ശാസ്ത്രസങ്കേതങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് കൂടുതല്‍ നൂതനമായ ഔഷധങ്ങളുടെ വികാസത്തിലേക്കും ഈ മേഖല ചുവടുറപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഇന്നൊവേഷന് വലിയൊരു ഊന്നല്‍ നല്‍കുന്നതിനും ഇന്‍ഡസട്രി മുന്‍കൈയെടുക്കേണ്ടിയിരിക്കുന്നു.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it