ഗുണവും വിലയും കുറഞ്ഞ ശ്രീലങ്കന്‍ കോക്കനട്ട് പൗഡര്‍ നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം

ശ്രീലങ്കയില്‍ നിന്നുള്ള കോക്കനട്ട് പൗഡര്‍ ഇറക്കുമതിക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. കേരളം,കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കോക്കനട്ട് പൗഡര്‍ യൂണിറ്റുകളുടെ നിലനില്‍പ്പിന് ഇറക്കുമതി നിയന്ത്രണമാവശ്യമാണെന്ന നാളികേര വികസന ബോര്‍ഡിന്റെ അഭിപ്രായം സ്വീകരിച്ചാണ് വാണിജ്യ മന്ത്രാലയം ഇതിനുള്ള നടപടിയെടുക്കുന്നത്.

ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ (സാഫ്ത) ആനുകൂല്യത്തോടെ കുറഞ്ഞ വിലയ്ക്ക് യഥേഷ്ടം നടത്തിവരുന്ന ഇറക്കുമതി ആഭ്യന്തര ഉല്‍പാദന രംഗത്തു വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിട്ടുള്ളതെന്ന്് നാളികേര വികസന ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ ഉല്‍പാദന യൂണിറ്റുകളുടെ എണ്ണം 150 ല്‍ നിന്ന് 50 ആയി കുറഞ്ഞു.

ജലാംശം നീക്കിയ നാളികേരപ്പൊടിക്ക് ആഭ്യന്തര വില കിലോഗ്രാമിന് 128 രൂപയുള്ളപ്പോള്‍ ശ്രീലങ്കന്‍ ഉല്‍പ്പന്നത്തിന്റെ വില കിലോഗ്രാമിന് 100 രൂപ മാത്രം.ബേക്കറികളുള്‍പ്പെടെയുള്ള ആഹാര നിര്‍മ്മാണ മേഖല സ്വാഭാവികമായും ഇറക്കുമതിച്ചരക്കിനു പിന്നാലെ പോകുന്നു. ബ്രാന്‍ഡ് അടിത്തറയില്‍ വിപണനം ചെയ്യുന്നവരാകട്ടെ ആഭ്യന്തര ഉല്‍പ്പന്നവും ഇറക്കുമതി ഉല്‍പ്പന്നവും കൂടിക്കലര്‍ത്തി വില്‍ക്കുന്നു. ശ്രീലങ്കയില്‍ നിന്നുള്ള പൗഡറിന്റെ ഗുണനിലവാരം മോശമായതിനാലാണിത്.

ആഗോളതലത്തില്‍ പ്രധാന നാളികേര ഉല്‍പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ കേര കര്‍ഷകര്‍ക്കു മതിയായ വില കിട്ടുന്നില്ലെന്ന പരാതി രൂക്ഷമായപ്പോഴാണ് ജലാംശം നീക്കിയ നാളികേരപ്പൊടി മൂല്യവര്‍ദ്ധിത ഉല്‍പന്നമായി രംഗത്തു വന്നത്. രാജ്യം അയ്യായിരത്തിലധികം ടണ്‍ കയറ്റുമതി ചെയ്ത കാലമുണ്ടായിരുന്നു. ഇപ്പോള്‍ കയറ്റുമതി നാമമാത്രമായതിനു പുറമേ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി.

കിലോഗ്രാമിന് 150 രൂപയെങ്കിലും ഇറക്കുമതി വില നിശ്ചയിക്കുകയോ മതിയായ ചുങ്കം ഏര്‍പ്പെടുത്തുകയോ വേണമെന്ന ശിപാര്‍ശയാണ് നാളികേര വികസന ബോര്‍ഡ് വാണിജ്യ മന്ത്രാലയത്തിനു നല്‍കിയിട്ടുള്ളത്. സാഫ്ത കരാര്‍ നിലവിലുണ്ടെങ്കിലും ആഭ്യന്തര ഉല്‍പാദന രംഗത്തെ പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇറക്കുമതി നിയന്ത്രണം പ്രായോഗികമാക്കാവുന്നതേയുള്ളൂവെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it