ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര ഉത്പ്പാദനം കൂട്ടാന്‍ സര്‍ക്കാര്‍; കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കും

പട്ടിക തയ്യാറാക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം

ആഭ്യന്തര ഉത്പ്പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 350  ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി പലതിന്റെയും ഇറക്കുമതി താഴ്ത്തുകയെന്നതാണ് ലക്ഷ്യം. കസ്റ്റംസ് വരുമാന വര്‍ധനവിനുള്ള സാധ്യതയും മുന്നിലുണ്ട്.

ഇറക്കുമതി തീരുവ ഉയര്‍ത്തേണ്ട ഉല്‍പ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക്‌സ്, ഐടി, വാണിജ്യം, വ്യവസായം എന്നിവയുള്‍പ്പെടെയുള്ള  മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് തീരുവ അടക്കം വര്‍ധിപ്പിച്ച് ഗുണനിലവാരം നിരീക്ഷിക്കാനാണു തയ്യാറെടുക്കുന്നത്. ഉല്‍പ്പന്ന നിലവാരം ഉറപ്പാക്കി ‘മേക്ക് ഇന്ത്യ’ പദ്ധതിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും.

ഇല്ക്ട്രോണിക്, ഐടി മേഖലകളിലെ സാധ്യതകള്‍ മെച്ചപ്പെടുത്തുകയെന്നതും ലക്ഷ്യമാണ്. ടെലിവിഷന്‍ സെറ്റുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഉയര്‍ത്തുന്നത് ആഭ്യന്തര ഉല്‍പാദനത്തിന് ഉത്തേജനം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയില്‍ ഉല്‍പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള വന്‍ നിക്ഷേപവും പരിഗണിക്കുന്നു

ഇന്ത്യയുടെ വ്യാപാര കമ്മി ഉയര്‍ത്തുന്നതില്‍ ഇലക്ട്രോണിക് വസ്തുക്കള്‍ക്ക് വലിയൊരു പങ്കാണുള്ളത്്.തീരുവയില്ലാതെ നിരവധി ഇലക്ട്രോണിക് വസ്തുക്കളുടെ ഇറക്കുമതി അനുവദിക്കുന്ന വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചതാണ് ഇതിന് കാരണമെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറയുന്നു.ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന അന്വേഷണവും തീവ്രമായി നടക്കുന്നുണ്ട്.

രാജ്യത്തെ നിര്‍മ്മാണമേഖലയിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം വലിയ തളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തില്‍ ഒരു ശതമാനത്തിലേക്ക് ചുരുങ്ങി. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പല സാമ്പത്തിക നയങ്ങളുമാണ് വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here