മലേഷ്യക്കു മാപ്പില്ല; പാമോയില്‍ ഇന്തോനേഷ്യയില്‍ നിന്ന് തന്നെ
മലേഷ്യയെ
ഒഴിവാക്കിയതിനു പിന്നാലെ ഇന്തോനേഷ്യയില്‍ നിന്ന് ശുദ്ധീകരിച്ച 11 ലക്ഷം
ടണ്‍ പാമോയില്‍ ഇറക്കുമതിക്ക് ഇന്ത്യ ലൈസന്‍സ് നല്‍കി. അതേസമയം, പാമോയില്‍
ഇറക്കുമതിയില്‍ ഇത്ര വേഗം ഇന്ത്യ തീരുമാനമെടുക്കുമെന്ന് അന്താരാഷ്ട്ര വിപണി
പ്രതീക്ഷിച്ചിരുന്നില്ല.
ലോകത്ത്
ഏറ്റവുമധികം പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ
മാസമാണ് മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം
ഏര്‍പ്പെടുത്തിയത്. മലേഷ്യയായിരുന്നു ഇന്ത്യയുടെ പ്രധാന പാമോയില്‍
ദാതാക്കള്‍. എന്നാല്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനും
രാജ്യത്ത് പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നതിനുമെതിരെയുള്ള മലേഷ്യന്‍
പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ പ്രസ്താവനയക്ക്
തിരിച്ചടിയേല്‍പ്പിച്ചുള്ള നടപടിയായിരുന്നു ഇത്. കേന്ദ്രസര്‍ക്കാരിന്റെ
നീക്കം അവരെ ഞെട്ടിച്ചു.
ഇതോടെ, ഇന്ത്യയുടെ
രോഷം തണുപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി
വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവുമായി മലേഷ്യ മുന്നോട്ടു
വന്നിട്ടുണ്ട്. എന്നാല്‍, മലേഷ്യയില്‍ നിന്നുള്ള കൂടുതല്‍
ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍
ഇക്കാര്യത്തിലുള്ള നിലപാട് കടുപ്പിച്ചു.
അതേസമയം
ഇന്ത്യയിലെ ഭക്ഷ്യ എണ്ണ സംസ്‌കരണ കമ്പനികള്‍ പാമോയിലിന്റെ ഇറക്കുമതിക്ക്
നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ദീര്‍ഘകാലമായി
ആവശ്യപ്പെടുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതിക്ക്
ഏര്‍പ്പെടുത്തിയ നിയന്ത്രണം പെട്ടെന്ന് പിന്‍വലിക്കില്ലെന്നാണ് ഇന്ത്യന്‍
കമ്പനികളും കരുതിയിരുന്നത്.
അതേസമയം, ശുദ്ധീകരിച്ച പാമോലിന്‍ ഇറക്കുമതി ചെയ്യുന്നത് പ്രതിഷേധാര്‍ഹമായ നടപടിയാണെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോള്‍വന്റ് എക്‌സ്ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ (എസ്ഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു. പ്രാദേശിക ശുദ്ധീകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ ഭക്ഷ്യ എണ്ണ വ്യവസായ മേഖലയുടെ നീക്കം ഇതോടെ അസ്ഥാനത്താകും. വ്യവസായ മന്ത്രാലയത്തിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ശുദ്ധീകരിച്ച പാം ഓയില്‍ വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നതില്‍ വിയോജിപ്പുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline