ചൈനയ്ക്ക് മുന്തിരിയോട് പ്രിയം, നേട്ടമാക്കാൻ ഇന്ത്യ
ചൈന ഒരുവർഷം ഇറക്കുമതി ചെയ്യുന്നത് 630 മില്യൺ ഡോളറിന്റെ മുന്തിരിയാണ്. ഇന്ത്യയുടെ കയ്യിലാണെങ്കിൽ ഇത് ധാരാളമുണ്ട് താനും. ഈ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ചൈനയിലെ പ്രമുഖ ഇറക്കുമതി വ്യവസായികളെ രാജ്യത്തേക്ക് ക്ഷണിച്ചിരിക്കുകയാണ് സർക്കാർ.
ചൈനയിലെ മുന്തിരി വിപണി വളരെ വലുതാണ്. ഇതിന്റെ ഭൂരിഭാഗവും അവർ ഇറക്കുമതി ചെയ്യുകയാണ്. നിലവിൽ ഇന്ത്യ ചൈനയിലേക്ക് മുന്തിരി കയറ്റുമതി ചെയ്യുന്നുണ്ട്. 2017ൽ 6.7 മില്യൺ ഡോളറിന്റെ മുന്തിരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുൻവർഷത്തേക്കാൾ ഇരട്ടി.
എന്നാൽ, ഇത് ചൈനയുടെ മൊത്തം ഇറക്കുമതിയുടെ വെറും ഒരു ശതമാനം മാത്രമേ ഉള്ളൂ. ഇന്ത്യയുടെ മൊത്തം മുന്തിരി കയറ്റുമതിയുടെ രണ്ട് ശതമാനവും. ഇന്ത്യ ഒരു വർഷം വിവിധ രാജ്യങ്ങളിലേക്കായി 300 മില്യൺ ഡോളറിന്റെ മുന്തിരി കയറ്റുമതി ചെയ്യുന്നുണ്ട്.
ഈ രംഗത്ത് ഇന്ത്യയുടെ സാധ്യതകൾ മെച്ചപ്പെടുത്താനായി എപിഇഡിഎ ഒരു ബയർ-സെല്ലെർ മീറ്റ് മുംബൈയിൽ നടത്തിയിരുന്നു. ചൈനയിൽ നിന്നുള്ള 23 ഇറക്കുമതി വ്യവസായികളും നൂറോളം ഇന്ത്യൻ കയറ്റുമതിക്കാരും ഇതിൽ പങ്കെടുത്തു.
ചൈനീസ് വ്യവസായികൾ രാജ്യത്തെ പ്രമുഖ മുന്തിരി ഉൽപ്പാദന കേന്ദ്രമായ നാസിക് സന്ദർശിക്കും.
സോയ, വെണ്ടയ്ക്ക, വാഴപ്പഴം, പപ്പായ, ചോളം, സപ്പോട്ട തുടങ്ങിയവയുടെ ചൈനയിലെ വിപണിയും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
ചൈനയിലെ വൻ വിപണി ഇന്ത്യയ്ക്കായി തുറക്കുന്നത് രാജ്യത്തെ കർഷകർക്കും ഗുണം ചെയ്യും.