പുതിയ ഡ്രോൺ നിയമം ഇന്നുമുതൽ: ശസ്ത്രക്രിയക്കുള്ള അവയവങ്ങൾ വേഗത്തിലെത്തിക്കാൻ പദ്ധതി

രാജ്യത്തെ പുതിയ ഡ്രോൺ ഉപയോഗ ചട്ടങ്ങൾ ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ. ഇതിനോടൊപ്പം ഈ ചെറു ആളില്ലാ വിമാനങ്ങൾ എന്തൊക്ക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാവും എന്ന് കണ്ടെത്താൻ സർക്കാരും കോർപ്പറേറ്റുകളും തിരക്കിട്ട ചർച്ചയിലാണ്.

വ്യോമയാന മന്ത്രാലയം ഇത്തരത്തിൽ മൂന്ന് സാധ്യതകളാണ് പരിശോധിക്കുന്നത്. വ്യോമയാന മന്ത്രി ജയന്ത് സിൻഹ ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിർദേശങ്ങൾ മുന്നോട്ട് വച്ചത്.

വ്യവസായം, എയർ ഫോഴ്‌സ്, വിദ്യാഭ്യാസ രംഗം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ അംഗങ്ങളായ ഒരു കർമ്മസേന രൂപീകരിക്കും. ഈ കർമ്മസേനക്കായിരിക്കും ഡ്രോണിന്റെ പുതിയ ഉപയോഗങ്ങൾ കണ്ടെത്താനും നിലവിലെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കാമെന്ന് പഠിക്കാനുമുള്ള ചുമതല.

1) അവയവ ദാനം: മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള അവയവങ്ങൾ കൊണ്ടുപോകാൻ ഡ്രോൺ ഉപയോഗിക്കാമെന്നതാണ് ഒരു നിർദേശം. ഒരു നഗരപരിധിയിൽ തന്നെ ഡ്രോൺ പോർട്ടുകൾ ഉള്ള ആശുപത്രികൾക്കിടയ്ക്ക് മാത്രമേ ഇക്കാര്യത്തിന് ഡ്രോൺ ഉപയോഗം അനുവദിക്കാനാവൂ. കൂടുതൽ ദൂരം ഇതിനായി അനുവദിക്കുന്നത് അപകടകരമാണെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ ഒരു ഡ്രോൺ കോറിഡോർ തയ്യാറാക്കും. ഇതിലൂടെ ഡ്രോണുകൾക്ക് തടസം കൂടാതെ സഞ്ചരിക്കാം.

2) നഗരങ്ങളിലും ഗ്രാമങ്ങളിലും നിരീക്ഷണത്തിനും ഭൂതല സവിശേഷതകൾ പകർത്തിയെടുക്കുന്നതിനും ഡ്രോൺ ഉപയോഗിക്കാം.

3) കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗിക്കാമെന്നതാണ് മൂന്നാമത്തെ നിർദേശം. ജലസേചനം, വളപ്രയോഗം ഇതിന് വേണ്ട പ്ലാനുകളും മറ്റും തയ്യാറാക്കാൻ ഡ്രോൺ സഹായിക്കും. വിളകളെ നിരീക്ഷിക്കാനും ഡ്രോൺ ഉപകരിക്കും.

ഇതിനുള്ള ചട്ടങ്ങളുടെ പണിപ്പുരയിലാണ് സർക്കാരിപ്പോൾ.

ഇന്നുമുതൽ നിലവിൽ വരുന്ന പുതിയ ഡ്രോൺ നിയമങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് എന്ന വിഭാഗത്തിന് കീഴിലാണ് ഡ്രോണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമത്തില്‍ ഭാരമനുസരിച്ച് ഡ്രോണുകളെ അഞ്ച് വിഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

  • 250 ഗ്രാമോ അതില്‍ താഴെയോ ഭാരമുള്ള ഡ്രോണുകളെയാണ് നാനോ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്.
  • 250 ഗ്രാമിനും രണ്ട് കിലോയ്ക്കും ഇടയിലുള്ള ഡ്രോണുകളെ മൈക്രോ എന്ന വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
  • രണ്ട് കിലോയ്ക്കും 25 കിലോയ്ക്കും ഇടയിലുള്ളത് സ്മോള്‍ വിഭാഗമാണ്.
  • 25 കിലോയ്ക്കും 150 കിലോയ്ക്കും ഇടയില്‍ മീഡിയം വിഭാഗം
  • 150 കിലോയ്ക്ക് മുകളിലുള്ളത് ലാര്‍ജ് വിഭാഗം

നിയമങ്ങൾ

  • 250 ഗ്രാമിന് താഴെയുള്ള ഡ്രോണ്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. എന്നാല്‍ മൈക്രോ, സ്മോള്‍, മീഡിയം, ലാര്‍ജ് വിഭാഗത്തിലുള്ളവ രജിസ്റ്റര്‍ ചെയ്യണം.
  • സ്മോള്‍, മീഡിയം, ലാര്‍ജ് വിഭാഗത്തിലുള്ള ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ റിമോട്ട് പൈലറ്റ് ലൈന്‍സ് നേടേണ്ടതുണ്ട്. (നാനോ, മൈക്രോ വിഭാഗങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്).
  • ഈ വിഭാഗങ്ങളിലുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 വയസും വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയുമാണ്. ഇംഗ്ലിഷ് അറിഞ്ഞിരിക്കുകയും വേണം.
  • അനുമതികള്‍ നേടുന്നതിനായി ഡിജിറ്റല്‍ സ്കൈ പ്ലാറ്റ് ഫോം ഒരുക്കും. ഇതിൽ രജിസ്റ്റർ ചെയ്ത് യുഐഎൻ (unique identification number) നേടണം. ഇത് ജനുവരി മുതൽ പ്രവർത്തനം തുടങ്ങും.
  • 250 ഗ്രാമിന് മുകളിലുള്ള ഡ്രോണ്‍ വിദേശത്തുനിന്ന് വാങ്ങിക്കൊണ്ടുവരുന്നതിന് ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് ഇംപോര്‍ട്ട് ക്ലിയറന്‍സിന് അപേക്ഷിക്കണം.
  • ഡ്രോണ്‍ ഉപയോഗത്തിനുള്ള ഉയരപരിധി 400 അടി വരെയാണ്.
  • ഡ്രോണുകള്‍ പറത്താന്‍ പാടില്ലാത്ത ഇടങ്ങള്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
  • എയര്‍പോര്‍ട്ടുകളുടെ അഞ്ചുകിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലും രാജ്യാന്തര അതിര്‍ത്തികളുടെ 25 കിലോമീറ്റര്‍ പരിധിക്കുള്ളിലും സെക്രട്ടറിയേറ്റിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമൊക്കെ ഡ്രോണ്‍ പറത്തല്‍ നിരോധിച്ചിട്ടുണ്ട്.
  • നിയമം തെറ്റിച്ചാല്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടിവരും. (നിരോധിത ഇടങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്)

വിവാഹച്ചടങ്ങുകളിലും മറ്റും ഡ്രോൺ ഫോട്ടോഗ്രഫി ഏർപ്പെടുത്തുന്നുണ്ടെങ്കിൽ നിയമങ്ങൾ പാലിക്കാൻ ഇനി മുതൽ ശ്രദ്ധ ചെലുത്തണം. വിവിധ കമ്പനികള്‍ വില്‍ക്കുന്ന ഡ്രോണുകളിലേറെയും 300 ഗ്രാമിന് മുകളിലുള്ളവയാണെന്നത് സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു. 250 ഗ്രാമിന് താഴെയുള്ള ഡ്രോണുകള്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് വിഭാഗത്തിലുള്ളവയോ കുട്ടികളുടെ കളിപ്പാട്ടമോ ആണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it