5 വര്‍ഷത്തിനകം പുതിയ 100 വിമാനത്താവളങ്ങള്‍ കൂടി തുറക്കാന്‍ പദ്ധതി

2024 ആകുമ്പോഴേക്കും 100 വിമാനത്താവളങ്ങള്‍ കൂടി തുറക്കാന്‍ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളതായി റിപ്പോര്‍ട്ട്. ചെറിയ പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന 1000 പുതിയ വ്യാമയാന പാതകള്‍ തുടങ്ങാനും നിര്‍ദ്ദേശമുണ്ട്.

2025 ഓടെ വികസിതമാക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെകുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത്. വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് വ്യാമയാന വ്യവസായം കൂടുതല്‍ വളര്‍ത്താനും ആലോചനയുണ്ട്. വിമാനത്താവള വികസനത്തില്‍ ഇന്ത്യ ഇപ്പോഴും ചൈനയ്ക്ക് വളരെ പിന്നിലാണ്. 2035 ഓടെ 450 വാണിജ്യ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യം. 2018 ലെ സംഖ്യ ഇരട്ടിയാക്കും.

പ്രാദേശികമായി പരിശീലിപ്പിക്കുന്ന പൈലറ്റുമാരുടെ എണ്ണം ഒരു വര്‍ഷം 600 ആയി ഉയര്‍ത്തും. 2024 ആകുമ്പോഴേക്കും ആഭ്യന്തര വിമാനങ്ങളും 1200 ആയി ഉയര്‍ത്തും. അടുത്ത അഞ്ച് വര്‍ഷം വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍, ഒരു ട്രില്യന്റെ നിക്ഷേപം നടത്താനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.രാജ്യത്തെ സമ്പദ് വ്യവസ്ഥ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇതുപകരിക്കുമെന്നാണ് പ്രതീക്ഷ.

രാജ്യത്തിപ്പോള്‍ 450 റണ്‍വേകള്‍ സജീവമാണ്. 3 വര്‍ഷം മുമ്പ് 75 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുള്ളു. മോദി സര്‍ക്കാര്‍ തുടങ്ങിയ സബ്സിഡി പദ്ധതിയോടെ 38 വിമാനത്താവളങ്ങള്‍ കൂടി സജീവമായി. കണക്ടിവിറ്റി ഇല്ലാത്തതോ, കുറവായതോ ആയ 63 വിമാനത്താവളങ്ങളിലേക്ക് ഫ്്‌ളൈറ്റുകള്‍ തുടങ്ങാന്‍ കരാറുകള്‍ നല്‍കിക്കഴിഞ്ഞു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ തുടങ്ങിയവ രാജ്യത്ത് പ്രാദേശിക യൂണിറ്റുകള്‍ തുറക്കാനും സന്നദ്ധ കാട്ടിയിട്ടുണ്ട്. വിമാന ഇന്ധന നികുതി യുക്തിസഹമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരുന്നു.

നിയമസാധുതയോടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നയത്തിനും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 2024 ഓടെ നിയമസാധുതയുള്ള ഡ്രോണുകളുടെ എണ്ണം 10 ലക്ഷമാകും. 2023 ഓടെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ചരക്ക് നീക്കവും അനുവദിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it