റബർ മേഖലയിൽ മൂല്യ വർദ്ധനവിന് ഊന്നൽ നൽകുമെന്ന് സുരേഷ് പ്രഭു

റബർ വ്യവസായത്തിൽ മൂല്യവർദ്ധനവിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു. കൊച്ചിയിൽ ഇന്നാരംഭിച്ച ഇന്ത്യ റബർ മീറ്റിൽ (ഐആർഎം 2018) പങ്കെടുക്കാനെത്തിയവരെ വീഡിയോ കോൺഫറൻസിൽ കൂടി അധിസംബോധന ചെയ്യവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇതിനായി വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് സുരേഷ് പ്രഭു ഉറപ്പുനൽകി.

റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച കർമ്മ സേന (ടാസ്ക് ഫോഴ്‌സ്) അവരുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

ഒക്ടോബർ 30, 31 തീയതികളിലായി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ മുപ്പതോളം വിദേശ പ്രതിനിധികളും വിദഗ്ധരുമുൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുക്കും.

സമ്മേളനം ഉദ്‌ഘാടനം ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മീഷൻ മെമ്പർ സെക്രട്ടറിയും റബർ ബോർ‍ഡ് മുൻ ചെയർമാനുമായ ഷീല തോമസ് സുസ്ഥിരമായ മൂല്യശ്രേണി റബർ മേഖലയ്ക്കുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമിപ്പിച്ചു. സംസ്കരണ മേഖലയ്ക്ക് ഗുണമേന്മയുള്ള റബറും കർഷകർക്ക് ന്യായ വിലയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

റബർ ഇൻഡസ്ട്രിയിലെ എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒത്തുചേരുന്ന ഒരേയൊരു സമ്മേളനമാണ് ഇന്ത്യ റബർ മീറ്റ് എന്ന റബർ ബോർഡ് ചെയർമാൻ ഡി. ആനന്ദൻ വിലയിരുത്തി.

റബർ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ ചെയർമാനും ഐആർഎം 2018 വൈസ് ചെയർമാനുമായ വിനോദ് സൈമൺ നന്ദി പ്രകാശിപ്പിച്ചു.

റബർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. 'ടുവേർഡ്‌സ് സസ്‌റ്റെയിനബിൾ റബർ വാല്യൂ ചെയിൻ' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. വിദഗ്‌ധരടങ്ങുന്ന രണ്ട് പാനൽ ചർച്ചകളും ഉണ്ടായിരിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it