ഏഷ്യ-പസഫിക് വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പിടാനുള്ള സാധ്യത മങ്ങി

ചൈന മുന്‍കൈയെടുത്തു രൂപം നല്‍കാന്‍ തുനിയുന്ന ഏഷ്യ-പസഫിക് വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവെക്കാന്‍ സാധ്യതയില്ലെന്നു സൂചന.വ്യവസായ മേഖലയും കാര്‍ഷിക മേഖലയും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പാണുയര്‍ത്തുന്നതെന്ന് ആര്‍എസ്എസ് സാമ്പത്തിക വിഭാഗത്തിലെ സ്വദേശി ജാഗ്രന്‍ മഞ്ച് ഭരവാഹി അശ്വനി മഹാജന്‍ പറഞ്ഞു.

16 രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ കാര്യ മന്ത്രിമാര്‍ ഈ ആഴ്ച ബീജിംഗില്‍ ഇതു സംബന്ധിച്ച് യോഗം ചേരുന്നുണ്ട്. ലോകജനസംഖ്യയുടെ 45 ശതമാനം വരുന്ന പ്രദേശത്തെ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നിര്‍ദ്ദിഷ്ട കരാറിലൂടെ കഴിയുമെന്നാണു ചൈന പറയുന്നത്.അതേസമയം, കരാറില്‍ ഉള്‍പ്പെടുത്തേണ്ട സംരക്ഷിത വസ്തുക്കളുടെ പട്ടിക സംബന്ധിച്ച് ചൈനയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാണ്.

ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ തീരുവ വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു.കൂടാതെ ഇത് വിലകുറഞ്ഞ ക്ഷീരോല്‍പ്പന്നങ്ങളുടെയും മറ്റും ഇറക്കുമതിക്കിടയാക്കും. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയുടെ ഭീഷണി ചൂണ്ടിക്കാട്ടി സ്റ്റീല്‍, എഞ്ചിനീയറിംഗ്, വാഹന വ്യവസായികളും ഇന്ത്യ കരാറില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്തുവരുന്നുണ്ട്.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it