Top

കേരളത്തിലെ വ്യവസായങ്ങള്‍ അതിര്‍ത്തി കടക്കുന്നു

ഒന്നുകില്‍ വ്യവസായം നിര്‍ത്തിപ്പോകുക, അല്ലെങ്കില്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകുക. കേരളം ഏറെ അഭിമാനത്തോടെ ഒരുകാലത്ത് ഉയര്‍ത്തിക്കാട്ടിയിരുന്ന കഞ്ചിക്കോട് വ്യവസായ മേഖലയിലെ വ്യവസായങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ രണ്ടു വഴികളേയുള്ളൂ.

സര്‍ക്കാരിന്റെ അവഗണന വളം വെയ്ക്കുന്ന ഈ പ്രതിസന്ധിയുടെ ഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടം വിട്ടത് നൂറിലേറെ വ്യവസായ ശാലകളാണ്. ടെക്‌സ്റ്റൈല്‍ മേഖലയിലെ വമ്പന്‍ സ്ഥാപനമായ കിറ്റെക്‌സ് ഗാർമെന്റ്‌സ് മുതല്‍ ചെറുകിട വ്യവസായങ്ങള്‍ വരെ പെടുന്നു ഈ പട്ടികയില്‍.

ചെറുകിട സ്ഥാപനങ്ങള്‍ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായി പൂട്ടിപ്പോകുമ്പോള്‍ വലിയ സ്ഥാപനങ്ങള്‍ തങ്ങളുടെ വികസന പദ്ധതികളുടെ ഭാഗമായുള്ള പുതിയ ഫാക്റ്ററികള്‍ തമിഴ്‌നാട്ടിലേക്ക് പറിച്ചു നടുകയാണ്. പുതുതായി ഒരു സ്ഥാപനവും കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം ജനറല്‍ സെക്രട്ടറി കിരണ്‍.

എന്താണ് കഞ്ചിക്കോടിന് കുഴപ്പം?

തൊഴില്‍ പ്രശ്‌നം

ഈയിടെയായി കഞ്ചിക്കോട്ടു നിന്നു കേള്‍ക്കുന്നതൊക്കെയും തൊഴില്‍ പ്രശ്‌നങ്ങളെ കുറിച്ചാണ്. അതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്. പ്രവര്‍ത്തനം തന്നെ നിലച്ചു പോകുന്ന തരത്തിലാണ് സമര പരിപാടികള്‍. അങ്ങനെയാണ് 3000 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയുമായി വന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് തിരികെ പോയത്. 600 പേരെ നിയമിക്കുകയും അവിദഗ്ധരായ അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് രണ്ടു വര്‍ഷം തുടര്‍ച്ചയായി സമരം നടന്നത്.

അതോടെ മനംമടുത്ത് സ്ഥാപനം കഞ്ചിക്കോട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. നിലവില്‍ ബ്രോകേഡ് ഗ്രൂപ്പില്‍ സമരം നടക്കുകയാണ്. മൂന്നാമത്തെ ഫാക്റ്ററി സ്ഥാപിക്കാനൊരുങ്ങിയപ്പോഴാണ് ശമ്പള വര്‍ധനയെന്ന ആവശ്യവുമായി തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. ശമ്പളം കൂട്ടാന്‍ മാനേജ്‌മെന്റ് ഒരുങ്ങിയെങ്കിലും മുന്‍കാല പ്രാബല്യത്തോടെ വേണമെന്ന തൊഴിലാളികളുടെ നിര്‍ബന്ധത്തിന് മുന്നില്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നു. പ്രമുഖ സോപ്പ് നിര്‍മാതാക്കളായ ഗുഡ്ബയ് സോപ്‌സ് തങ്ങളുടെ പുതിയ ഫാക്റ്ററി കോയമ്പത്തൂരിലാണ് നിര്‍മിക്കുന്നത്.

അശാസ്ത്രീയമായ മിനിമം വേതന നിര്‍ണയവും വ്യവസായത്തെ ബാധിക്കുന്നു. ഗുജറാത്ത്, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ 120 രൂപയാണ് മിനിമം വേതനം എന്നിരിക്കെ 600 രൂപ മിനിമം വേതനമുള്ള കേരളത്തില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങനെ വിപണിയില്‍ പിടിച്ചു നില്‍ക്കും ?

സ്ഥലം പ്രശ്‌നം തന്നെ

2012 ല്‍ ഇവിടെ കിന്‍ഫ്രയ്ക്ക് കീഴിലുള്ള ഒരു സെന്റ് സ്ഥലം 16,000 രൂപയ്ക്ക് ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 85,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. കിന്‍ഫ്രയ്ക്ക് പുറത്ത് 30,000 രൂപയക്ക് സ്ഥലം ലഭ്യമാണ് എന്നിരിക്കെയാണിത്. സ്ഥലത്തിന് വില കുറവാണെന്ന ആകര്‍ഷണം കൂടിയാണ് ഇതോടെ ഇല്ലാതായത്.

റോഡ് സൗകര്യം ലഭ്യമാക്കുന്നുവെന്നത് മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്ന അടിസ്ഥാന സൗകര്യം. തരിശ് ഭൂമിയില്‍ ബാക്കിയെല്ലാം വ്യവസായികള്‍ സ്വന്തം നിലയ്ക്ക് ഒരുക്കണം. 30 വര്‍ഷത്തെ ലീസിന് തരുന്ന ഭൂമി വ്യവസായി മറ്റൊരാള്‍ക്ക് കൈമാറുകയാണെങ്കില്‍ അധികമായി കിട്ടുന്ന പണം സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്.

നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ഏതെങ്കിലും പാര്‍ട്ണര്‍മാരെ ചേര്‍ത്ത് നിക്ഷേപം സ്വീകരിക്കാമെന്നു കരുതിയാലും കിന്‍ഫ്രയുടെ പിടി വീഴും. പാര്‍ട്ണര്‍മാരെ ചേര്‍ക്കണമെങ്കില്‍ ആറു ലക്ഷം രൂപ വരെ കിന്‍ഫ്രയ്ക്ക് ഫീസ് നല്‍കണം. അതും 49 ശതമാനം വരെ ഓഹരികളേ വില്‍ക്കാനും പാടുള്ളൂ.

വ്യവസായം നിര്‍ത്തുന്നതിലും കുരുക്ക്

ഒരു വഴിയുമില്ലാതെ സ്ഥാപനം പൂട്ടി സ്ഥലവും കൈമാറി ചുമ്മാതങ്ങ് പോകാന്‍ വ്യവസായിയെ സര്‍ക്കാര്‍ അനുവദിക്കില്ല. സ്ഥലം വാങ്ങിയ വിലയ്ക്ക് തന്നെ കൈമാറണം. അതിനും നിയമക്കുരുക്കുകള്‍ ഏറെയുണ്ട്. ഒരു തരത്തിലുള്ള നഷ്ടപരിഹാരത്തിനും വ്യവസായി അര്‍ഹനുമാകുന്നില്ല.

സര്‍ക്കാര്‍ ഗൗനിക്കുന്നില്ല

കഞ്ചിക്കോടിന്റെ പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്ന് വ്യവസായികള്‍ ആരോപിക്കുന്നു. വ്യവസായികള്‍ കൊള്ളക്കാരെന്ന ചിന്താഗതി ഇപ്പോഴും ഇവിടെ മാറിയിട്ടില്ല. കൈക്കൂലി എല്ലാ വകുപ്പുകളിലും ഇപ്പോഴും നിര്‍ബാധം തുടരുന്നു.

അണ്ടര്‍ഗ്രൗണ്ട് കേബിള്‍ വഴി വൈദ്യുതിയെത്തിക്കുക, മാലിന്യ സംസ്‌കരണത്തിന് പ്ലാന്റ് നിര്‍മിക്കുക, അഴുക്കുചാല്‍ സംവിധാനം ഒരുക്കുക, വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളടക്കം ഏര്‍പ്പെടുത്താനുള്ള മുറവിളി ഉയര്‍ന്നു തുടങ്ങിയിട്ട് കാലമേറെയായി. തുടക്കത്തില്‍ ഉണ്ടാക്കിയ സൗകര്യങ്ങളില്‍ നിന്ന് ഒരു പുരോഗതിയും പിന്നീട് ഉണ്ടായിട്ടില്ല.

ഉപയോഗിക്കാതെ ഭൂമി

റെയ്ല്‍ കോച്ച് ഫാക്ടറിക്കായി 406 ഏക്കറോളം ഭൂമി വളച്ചു കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും, കോച്ച് ഫാക്റ്ററി സ്വപ്നം മാത്രമായ സ്ഥിതിക്ക് അത് വിനിയോഗിക്കാനുള്ള നടപടിയുണ്ടാകുന്നില്ല. കിന്‍ഫ്രയില്‍ തന്നെ ഇനിയും 30 ഏക്കര്‍ വിറ്റുപോകാനുണ്ട്. 350 ഏക്കറോളം ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിനായി നീക്കി വെച്ചതിലും വ്യവസായങ്ങളൊന്നുമില്ല. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന് (BEML) വേണ്ടി നീക്കിവെച്ച 200 ഏക്കറും എട്ടു പത്തു വര്‍ഷമായി ഉപയോഗിക്കാതെ

കിടക്കുന്നു.

തമിഴ്‌നാട് മാടിവിളിക്കുന്നു

കേരളം വ്യവസായികളോട് പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍ എല്ലാവിധ സൗകര്യങ്ങളുമൊരുക്കി തമിഴ്‌നാട് വ്യവസായികളെ മാടിവിളിക്കുകയാണ്. ഇവിടെ ലഭിക്കുന്നതിന്റെ പത്തിലൊന്ന് വിലയ്ക്ക് ഭൂമി കിട്ടും അവിടെ. വൈദ്യുതിയും മുടങ്ങാതെ ലഭിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളും വ്യവസായ സൗഹൃദത്തിന് പേരുകേട്ടവയാണ്. എല്ലാറ്റിനുമുപരി വ്യവസായം വളര്‍ന്നു വരണമെന്ന് മനസുള്ള ജനങ്ങളും സര്‍ക്കാരുമവിടെയുണ്ട്.

എട്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ എല്ലാവിധ സൗകര്യങ്ങളും നല്‍കുന്ന തമിഴ്‌നാട് ഉണ്ടെന്നിരിക്കെ ഇനി ആരു വരാനാണ് കഞ്ചിക്കോട്ട് വ്യവസായം നടത്താന്‍ എന്നാണ് കഞ്ചിക്കോട്ടെ വ്യവസായികള്‍ ചോദിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it