രണ്ട് വര്‍ഷത്തെ നികുതി അവധി വേണമെന്ന് അച്ചടി മാധ്യമങ്ങള്‍

തകര്‍ന്നുകൊണ്ടിരിക്കുന്ന അച്ചടി മാധ്യമ മേഖലയ്ക്ക് അടിയന്തിര ആശ്വാസം തേടി ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി ധനമന്ത്രി നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി. രണ്ട് വര്‍ഷത്തെ നികുതി അവധി നല്‍കണമെന്നും ന്യൂസ്പ്രിന്റിന്റെ എല്ലാ ഇറക്കുമതി തീരുവയും നീക്കം ചെയ്യണമെന്നും നിവേദനത്തില്‍ പറയുന്നു.

കൊറോണ വൈറസ് ബാധ, ന്യൂസ് പ്രിന്റിനും പരസ്യത്തിനുമുള്ള ദുര്‍വഹ നികുതി എന്നിവ വ്യവസായത്തെ ഗുരുതരമായാണ് ബാധിച്ചിട്ടുള്ളതെന്നും ആഭ്യന്തര പത്ര വ്യവസായം തകര്‍ച്ചയുടെ വക്കിലാണെന്നും ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. ഇതുവരെ സങ്കല്‍പ്പിക്കാനാവാതിരുന്ന അവസ്ഥയിലേക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മേഖല കൂപ്പുകുത്തി. പത്രങ്ങളുടെ പ്രചാരണത്തെ ലോക്ഡൗണ്‍ സാരമായി ബാധിച്ചു. പരസ്യങ്ങളും ഇല്ലാതായതോടെ പത്രങ്ങളുടെ നിലനില്‍പ്പ് സാധ്യമാക്കുന്ന രണ്ട് പ്രധാന വരുമാന മാര്‍ഗങ്ങളും ഇടിഞ്ഞു.

മാധ്യമങ്ങളുടെ പ്രവര്‍ത്തനം നാടിന് അത്യന്താപേക്ഷിതമാണ്. വ്യക്തിപരമായ വലിയ അപകടസാധ്യത മാറ്റിവച്ചാണ് ജനങ്ങള്‍ക്ക് അവശ്യവിവരങ്ങള്‍ നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രവര്‍ത്തന നിരതരാകുന്നത്-കത്തില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം, ന്യൂസ്പ്രിന്റിന് 10% ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഈ വര്‍ഷം ബജറ്റില്‍ ആ 10% നീക്കം ചെയ്തുവെങ്കിലും ഇപ്പോഴും മുമ്പുണ്ടായിരുന്ന 5% തീരുവ നല്‍കേണ്ടിവരുന്നു. ഇത് പിന്‍വലിക്കണം.

കഴിഞ്ഞ വര്‍ഷം പ്രശസ്ത ഇംഗ്ലീഷ് പത്രങ്ങളായ ഡിഎന്‍എ, ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍ എന്നിവ അച്ചടി പതിപ്പുകള്‍ അടച്ചുപൂട്ടിയ കാര്യം നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ ഡിജിറ്റല്‍ ഭീമന്മാര്‍ക്കിടയില്‍ ആഭ്യന്തര ഇന്ത്യന്‍ പത്രങ്ങളുടെ നിലനില്‍പ്പ് രാജ്യത്തിന് ആവശ്യമാണെന്ന് ഐ എന്‍ എസ് അഭിപ്രായപ്പെട്ടു.

ദിനപത്രങ്ങള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും സുരക്ഷിതമായല്ലെന്ന പ്രചാരണം തെറ്റാണെന്ന് ഐഎന്‍എസ് കേരള റീജ്യണല്‍ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി പല നടപടികളും മാധ്യമ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ അധികവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും ഐഎന്‍എസ് അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it