'കേരളത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് ഒട്ടേറെ പദ്ധതികള്‍'

മാറ്റത്തിന്റെ പാതയിലാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി). കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ തേടുന്ന സൗകര്യങ്ങള്‍ ഒരുക്കി നല്‍കി പുതിയ കാലത്തിന്റെ സാധ്യതകള്‍ സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കായി പരമാവധി പ്രയോജനപ്പെടു ത്താനുള്ള ശ്രമമാണ് കോര്‍പ്പറേഷന്‍ നടത്തുന്നത്. സംരംഭകര്‍ക്ക് വേണ്ട വിവിധതരം സാമ്പത്തിക സഹായ പദ്ധതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ബിസിനസ് തുടങ്ങുന്നതിനുവേണ്ട അംഗീകാരങ്ങളും അനുമതികളും, യുവസംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ സീഡ് ഫണ്ടും മെന്റര്‍ പോര്‍ട്ടലും തുടങ്ങിയവയൊക്കെ കോര്‍പ്പറേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്… പുതിയ രംഗങ്ങളിലെ അവസരങ്ങള്‍ പരമാവധി മുതലെടുക്കുന്നതിനായി ലൈഫ് സയന്‍സ് പാര്‍ക്ക്, മെഗാ ഫുഡ് പാര്‍ക്ക് എന്നിങ്ങനെ വിവിധ പദ്ധതികളാണ് കെ.എസ്.ഐ.ഡി.സി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും മാനേജിംഗ് ഡയറക്ടര്‍ എം.ജി രാജമാണിക്കം ഐ.എ.എസ് വിശദീകരിക്കുന്നു

കേരളത്തിലേക്ക് എത്തുന്ന പുതിയൊരു നിക്ഷേപകന് എന്തൊക്കെ സേവനങ്ങളാണ് കെ.എസ്.ഐ.ഡി.സി നല്‍കുന്നത്?

ഒരു നിക്ഷേപകന് വേണ്ട വിവിധതരം സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ കെ.എസ്.ഐ.ഡി. സിക്കുണ്ട്. ഉദാഹരണമായി ഇക്വിറ്റി, ടേം ലോണ്‍, വര്‍ക്കിംഗ് കാപ്പിറ്റല്‍ ടേം ലോണ്‍, എക്വിപ്‌മെന്റ് ലോണ്‍, കോര്‍പ്പറേറ്റ് ലോണ്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ആവശ്യാനുസരണമുള്ള വിവിധതരം സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. നിക്ഷേപകര്‍ക്കാവശ്യമായ ഡെവലപ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, അതായത് ഡെവലപ്ഡ് ലാന്‍ഡും ബില്‍റ്റപ്പ് ഏരിയയും ഞങ്ങള്‍ക്കുണ്ട്. കൂടാതെ വിവിധ വകുപ്പുകളില്‍ നിന്നുള്ള അംഗീകാരങ്ങളും അനുമതികളും കെ.എസ്.ഐ.ഡി.സി തന്നെ സമയബന്ധിതമായി സംരംഭകര്‍ക്ക് വാങ്ങിക്കൊടുക്കും. അതിലേക്കായി കെ-സ്വിഫ്റ്റ് എന്നൊരു ഓണ്‍ലൈന്‍ പോര്‍ട്ടലും ഞങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സമയബന്ധിതമായി അനുമതികള്‍ നേടാമെന്നതിനാല്‍ ധാരാളം സംരംഭകര്‍ ഇപ്പോള്‍ അതുപയോഗിക്കുന്നുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങളും സേവനങ്ങളുമൊക്കെ എം.എസ്.എം.ഇ വിഭാഗത്തിലുള്ള നിക്ഷേപകര്‍ക്കുള്ളവയാണ്.

ഇതിനെല്ലാം പുറമേ സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് വേണ്ടി സീഡ് ഫണ്ടിംഗ്, മെന്ററിംഗ്, ഇന്‍കുബേഷന്‍ സെന്റര്‍ എന്നീ സേവനങ്ങളും കെ.എസ്.ഐ.ഡി.സി നല്‍കുന്നു. സീഡ് ഫണ്ടിംഗ് മുഖേന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും കോഴിക്കോട് സൈബര്‍ പാര്‍ക്കിലുമാണ് ഇന്‍കുബേഷന്‍ സെന്ററുള്ളത്. കേരളം ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നുള്ളൊരു ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആക്ടി വിറ്റിയും കെ.എസ്.ഐ.ഡി.സി നടത്തുന്നുണ്ട്. കോര്‍പ്പറേഷന്റെ ബിസിനസ് വര്‍ധിപ്പിക്കുക മാത്രമല്ല, വന്‍കിട വ്യവ സായങ്ങള്‍ കേരളത്തിലേക്ക് വരാന്‍ വേണ്ടിയുള്ള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷനാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും റോഡ്‌ഷോകള്‍ സംഘടിപ്പിക്കുക, ട്രേഡ് ഫെയറുകളില്‍ പങ്കെടുക്കുക തുടങ്ങിയവയും ഞങ്ങള്‍ നിര്‍വഹിക്കുന്നു. നിക്ഷേപക പ്രോല്‍സാഹനത്തിന്റെ ഭാഗമായി ജനുവരിയില്‍ ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള 2020ഉം സംഘടിപ്പിക്കുന്നുണ്ട്.

ഒരു എന്‍.ബി.എഫ്.സി എന്നതില്‍ നിന്നും വ്യവസായ വികസനത്തിനുള്ള ഒരു പ്രൊമോഷണല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സി മാറാനുള്ള കാരണം?

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു സംരംഭകന് ബാങ്കുകളില്‍ നിന്നും വായ്പ നേടുക എളുപ്പമായിരുന്നില്ല. വായ്പകള്‍ക്ക് ഈടായി ആസ്തികള്‍ നല്‍കണമെന്ന് മാത്രമല്ല പലിശ നിരക്കുകളും വളരെ ഉയര്‍ന്നതായിരുന്നു. അത്തരമൊരു കാലഘട്ടത്തിലാണ് കെ.എസ്.ഐ.ഡി.സി ഒരു എന്‍.ബി. എഫ്.സിയായി പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ കാലക്രമേണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ മത്സരാധിഷ്ഠിത പലിശ നിരക്കുകളിലേക്ക് മാറുകയുണ്ടായി. അതോടെയാണ് സംസ്ഥാനത്തെ വ്യാവസായിക വളര്‍ച്ചയെയും നിക്ഷേപത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിലേക്ക് കെ.എസ്.ഐ.ഡി.സി മാറിയത്. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന നിലയില്‍ കെ.എസ്.ഐ.ഡി.സിക്ക് രണ്ട് ചുമതലകളാണുള്ളത്. കേരളത്തിലേക്ക് പരമാവധി നിക്ഷേപം കൊണ്ടുവരുക എന്നതാണ് അതിലൊന്ന്. കെ.എസ്.ഐ.ഡി.സിയിലേക്ക് ബിസിനസ് കൊണ്ടുവരുകയെന്നതാണ് രണ്ടാമത്തെ ദൗത്യം. അതിലേക്കായി ഏറ്റവും ആകര്‍ഷകമായ പലിശ നിരക്കുകളാണ് കോര്‍പ്പറേഷന്‍ നടപ്പാക്കിയിട്ടുള്ളത്. ഉദാഹരണമായി 8.4 ശതമാനം തൊട്ടാണ് ഞങ്ങളുടെ പലിശ നിരക്കുകള്‍ ആരംഭിക്കുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷനെന്നത് മുന്‍പും ഞങ്ങള്‍ ചെയ്യുമായിരുന്നെങ്കിലും ഇപ്പോഴാണ് അതിന് കൂടുതല്‍ ഊന്നല്‍ കൊടുത്തിട്ടുള്ളത്.

കഴിഞ്ഞ ആറ് പതിറ്റാണ്ടിനുള്ളില്‍ കേരളത്തിലെ വ്യവസായ രംഗത്ത് കെ.എസ്.ഐ.ഡി.സി നല്‍കിയ സുപ്രധാന സംഭാവനകള്‍ എന്തൊക്കെയാണ്?

ഇന്ന് കേരളത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഏതൊരു സംരംഭത്തിന് പിന്നിലും കെ.എസ്.ഐ.ഡി.സിയുണ്ട്. ബി.പി.സി.എല്‍, സിയാല്‍, ഇന്‍കെല്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട്, അപ്പോളോ ടയേഴ്‌സ്, ജിയോജിത്, നിറ്റാ ജെലാറ്റിന്‍ തുടങ്ങിയ വന്‍കിട കമ്പനികളിലൊക്കെ ഓഹരി പങ്കാളിത്തമോ ടേം ലോണ്‍ സഹായമോ കെ.എസ്.ഐ.ഡി.സി നല്‍കിയിട്ടുണ്ട്. ക്രൗണ്‍ പ്ലാസ ഉള്‍പ്പെടെയുള്ള ഹോട്ടലുകള്‍, കിംസ്, ലേക്‌ഷോര്‍ തുടങ്ങിയ ആശുപത്രികള്‍, ടൂറിസം രംഗത്തെ പ്രമുഖ സംരംഭങ്ങള്‍ എന്നിവയിലൊക്കെ കോര്‍പ്പറേഷന് ഏതെങ്കിലും തരത്തിലുള്ള ഒരു ബന്ധമുണ്ട്. കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലൊക്കെ ഞങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകളുണ്ട്.

അവിടെയൊക്കെ പലതരത്തിലുള്ള വ്യവസായങ്ങളാണ് വിജയകരമായി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സെക്ടര്‍ സ്‌പെസിഫിക്കായിട്ടുള്ള ലൈഫ് സയന്‍സ് പാര്‍ക്ക്, മെഗാ ഫുഡ് പാര്‍ക്ക് തുടങ്ങിയവയിലും ഞങ്ങളുടെ സാന്നിധ്യമുണ്ട്. പണ്ട് ഒരു സംരംഭകന്‍ അനുമതികള്‍ക്കായി വകുപ്പുകള്‍ തോറും കയറിയിറങ്ങി നടക്കണമായിരുന്നെങ്കില്‍ ഇപ്പോള്‍ അതിന് പകരം കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ നിലവിലുണ്ട്.

15 കോടിക്ക് മുകളിലുള്ള ഏതൊരു പദ്ധതിക്കും കെ.എസ്.ഐ.ഡി.സിയിലൂടെ സ്റ്റേറ്റ് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് വഴി അനുമതികള്‍ വാങ്ങി നല്‍കുന്നതാണ്. അതിനാല്‍ കേരളത്തിലെ സമസ്ത വ്യവസായ മേഖലകളിലും കെ.എസ്.ഐ.ഡി.സിയുടെ സംഭാവന കാണാനാകും. ധനകാര്യ സേവനങ്ങള്‍ക്ക് പുറമേ വ്യാവസായിക അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെ ഞങ്ങളിപ്പോള്‍ കൈെവക്കാത്ത മേഖലകള്‍ ഒന്നുമില്ലെന്നതാണ് വാസ്തവം. അത്രത്തോളം കെ.എസ്.ഐ.ഡി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകഴിഞ്ഞു. കേരളത്തിലാദ്യമായി മാലിന്യത്തില്‍ നിന്നും എനര്‍ജി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് കോഴിക്കോട് കൊണ്ടുവരാന്‍ പോകുന്നത് ഞങ്ങളാണ്. ഏഴ് സ്ഥലങ്ങളില്‍ അത് സ്ഥാപിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ മാനേജ് ചെയ്യുന്നതും കെ.എസ്.ഐ.ഡി.സിയാണ്.

കെ-സ്വിഫ്റ്റ് പോര്‍ട്ടലില്‍ സോഫ്റ്റ്‌വെയര്‍ തകരാറുകളുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നല്ലോ? ഇപ്പോള്‍ അത് എത്രമാത്രം പരിഹരിച്ചിട്ടുണ്ട്?

15ഓളം വിവിധ വകുപ്പുകളുടെ സോഫ്റ്റ്‌വെയറുകളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നൊരു സംവിധാനമാണിത്. അതിനാല്‍ അവയില്‍ ഏതിലെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് കെ-സ്വിഫ്റ്റിനെയും ബാധിക്കും. ഇപ്പോള്‍ മികച്ച രീതിയിലാണ് അതിന്റെ പ്രവര്‍ത്തനം.

പുതിയ സംരംഭകര്‍ക്ക് മാത്രമേ ഇപ്പോഴത് ഉപയോഗിക്കാനാകൂ. എന്നാല്‍ രണ്ടാംഘട്ടമെന്ന നിലയില്‍ നിലവിലുള്ള സംരംഭകരുടെ ലൈസന്‍സ് പുതുക്കാനുള്ള സംവിധാനം കൂടി അതില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്. പുതിയൊരു സംവിധാനം ആദ്യമായി നടപ്പാക്കു

മ്പോള്‍ പ്രായോഗികതലത്തില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ ക്രമേണ മാത്രമേ നമുക്ക് പരിഹരിക്കാനാകൂ. എന്നാല്‍ ഒട്ടേറെ സംരംഭകര്‍ക്കും കമ്പനികള്‍ക്കുപോലും ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ധാരണയില്ലെന്നതാണ് വാസ്തവം. അതിനാല്‍ അതിനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

കോര്‍പ്പറേഷന്റെ നഷ്ടം മറികടക്കുന്നതിനും സ്ഥാപനത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും വേണ്ടി എന്തൊക്കെ നടപടികളായിരിക്കും താങ്കള്‍ സ്വീകരിക്കുക?

പതിറ്റാണ്ടുകളായി കെ.എസ്.ഐ.ഡി.സി ലാഭമുണ്ടാക്കുന്നൊരു കമ്പനിയാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കോര്‍പ്പറേഷനുള്ളത്. ഞങ്ങള്‍ക്ക് ഒട്ടേറെ കമ്പനികളില്‍ ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയുടെ വളര്‍ച്ച കുറവായിരുന്നു. അതിനാല്‍ ഒരു സമയത്ത് ഏകദേശം 600 കോടി രൂപവരെ എത്തിയ ഓഹരി മൂല്യം ഓഹരി വിപണിയിലെ മൂല്യ ഇടിവ് കാരണം ഏകദേശം 400 കോടിയായി കുറഞ്ഞു. പക്ഷെ ഞങ്ങള്‍ ഇന്നേവരെ പരമാവധി 65 കോടി രൂപ വരെ മാത്രമേ ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളൂ. അതാണ് 600 കോടിയായി വളര്‍ന്നത്. അതിനാല്‍ മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് മൊത്തം മൂല്യത്തില്‍ ഈയൊരു കുറവ് ഉണ്ടായിട്ടുള്ളത്.

2018 ഏപ്രില്‍ മുതല്‍ പുതിയ ഇന്ത്യന്‍ എക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം ഞങ്ങളുടെ എക്കൗണ്ടിംഗ് സമ്പ്രദായത്തില്‍ മാറ്റം വരുത്തേണ്ടിവന്നു. പഴയ രീതി അനുസരിച്ച് 35 കോടി പ്രവര്‍ത്തന ലാഭത്തിലാണെങ്കിലും പുതിയ രീതിയിലേക്ക് മാറിയപ്പോഴാണ് 71 കോടി രൂപ നഷ്ടത്തിലായത്. ഇത് വെറും ചീശേീിമഹ ഹീ ൈമാത്രമാണ്. അതിനാല്‍ ഞാന്‍ വന്നതിന് ശേഷം കെ.എസ്.ഐ.ഡി.സിയില്‍ സമ്പൂര്‍ണ്ണമായൊരു മാറ്റം വരുത്തുകയും തിരുവനന്തപുരം, എറണാകുളം എന്നീ രണ്ട് സോണുകള്‍ക്കായി പ്രത്യേക പ്രോജക്റ്റ് ഫിനാന്‍സ് ഡിവിഷന്‍ ആരംഭിക്കുകയും ചെയ്തു. പ്രോ ജക്റ്റ് ഫിനാന്‍സില്‍ മാത്രമായിരിക്കും അതിലെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുക. കൂടാതെ വിവിധ പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള സ്‌പെഷല്‍ പ്രോജക്റ്റുകള്‍ക്കായി ഒരു പ്രത്യേക വിഭാഗത്തിനും രൂപം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വായ്പാ അനുമതിയും വിതരണവും 100 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷം അത് 200 കോടിയായി വര്‍ധിപ്പിക്കാനാണ് ഞാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

കെ.എസ്.ഐ.ഡി.സി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ പാര്‍ക്കുകളെക്കുറിച്ച്?

തലസ്ഥാനത്തെ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ ആദ്യഘട്ട വികസനത്തിന്റെ ഭാഗമായി അവിടെ ഒരു മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് സ്ഥാപിക്കുന്നതാണ്. ഇതിനായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഞങ്ങള്‍ ഒരു സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. വിലയേറിയ സ്റ്റെന്റ് ഉള്‍പ്പെടെയു ള്ള അനേകം ഉപകരണങ്ങള്‍ അവിടെ വികസിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാകും. ലൈഫ് സയന്‍സ് പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ആമ്പല്ലൂരിലെ ഹാര്‍ഡ്‌വെയര്‍ ഇലക്ട്രോണിക്‌സ് പാര്‍ക്കിനുള്ള ലാന്‍ഡ് അക്വിസിഷന്‍ തുടങ്ങി. ചേര്‍ത്തലയിലെ മെഗാ ഫുഡ് പാര്‍ക്കിലെ സ്ഥലം പൂര്‍ണ്ണമായും 25 കമ്പനികള്‍ക്കായി അനുവദിച്ചുകഴിഞ്ഞു. സിയാല്‍ മാതൃകയില്‍ ഒരു റബര്‍ പാര്‍ക്ക് തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിലെ നിക്ഷേപാന്തരീക്ഷത്തെയും വ്യാവസായിക വളര്‍ച്ചയെയും തടസപ്പെടുത്തുന്ന ഘടകങ്ങളെന്തൊക്കെയാണ്?

കേരളത്തിലെ നിക്ഷേപാന്തരീക്ഷം ഏറ്റവും അധികം മെച്ചപ്പെട്ടിട്ടുള്ളത് ഇപ്പോഴാണ്. കാരണം തുരുമ്പുപിടിച്ചഒരുപാട് നിയമങ്ങളും ചട്ടങ്ങളും നമുക്കുണ്ടായിരുന്നു. പക്ഷെ അടുത്ത കാലത്തായി സര്‍ക്കാര്‍ അവയൊക്കെ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. സംരംഭകര്‍ക്ക് കെ-സ്വിഫ്റ്റ് മുഖേന ഇപ്പോള്‍ ഓണ്‍ലൈനായി അനുമതികള്‍ നേടിയെടുക്കാം. കൂടാതെ ഭൂമിയും സാമ്പത്തിക സഹായവുമൊക്കെ കോര്‍പ്പറേ

ഷന്‍ നല്‍കുന്നുണ്ട്. എം.എസ്.എം.ഇ ബില്ലാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയൊരു പരിഷ്‌ക്കാരം. 10 കോടി വരെയുള്ള വ്യവസായ നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് വരെ മുന്‍കൂര്‍ അനുമതികള്‍ വേണ്ടെന്നുള്ളതാണ് അതിന്റെ കാതല്‍. ചെറുകിട, ഇടത്തരം യൂണിറ്റുകള്‍ തുടങ്ങാന്‍ അത് വലിയൊരു ഉത്തേജനമാകും. അത്തരത്തിലുള്ള ഒട്ടേറെ പുതിയ ചുവടുവയ്പുകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്. കേരളത്തിലെ ഭൂമിയുടെ വിനിയോഗത്തിലും ലീസ് പോളിസിയിലും എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നതിനെക്കുറിച്ചുമൊക്കെ സര്‍ക്കാര്‍ തലത്തിലും ആലോചനകള്‍ നടക്കുന്നുണ്ട്.

സംസ്ഥാനത്തെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ അസെന്‍ഡ് കേരള 2020 എത്രമാത്രം സഹായിക്കും?

അസെന്‍ഡിന്റെ രണ്ടാമത് എഡിഷനാണ് ജനുവരി 9,10 തീയതികളിലായി കൊച്ചിയില്‍ സംഘടിപ്പിക്കപ്പെടുന്നത്. നിക്ഷേപത്തിന് അനുയോജ്യമായ 100ല്‍ അധികം പ്രോജക്ട് പ്രൊഫൈല്‍സ് ഈ വര്‍ഷത്തെ അസെന്‍ഡില്‍ അവതരിപ്പിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപക സംഗമത്തിന്റെ മുന്നോടിയായി കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായികളുമായി തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് മുഖ്യമന്ത്രി നേരിട്ട് ആശയവിനിമയം നടത്തിക്കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ പോളിസി ചെയിഞ്ചുകളും മുഖ്യമന്ത്രി അസെന്‍ഡില്‍ പ്രഖ്യാപിച്ചേക്കും. വ്യക്തമായ നിക്ഷേപ പദ്ധതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നതിനാല്‍ മികച്ച നിക്ഷേപം ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്ന ഭാവികാല പ്രവര്‍ത്തനങ്ങള്‍?

സ്റ്റാര്‍ട്ടപ്പ് സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി വിജയികളായ സംരംഭകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മെന്റര്‍ പോര്‍ട്ടല്‍ തുടങ്ങാന്‍ ഞങ്ങള്‍ ആലോചിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍മാരുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഒരു മികച്ച പ്ലാറ്റ്‌ഫോമായിരിക്കും അത്. കൂടാതെ ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്നതിനുള്ള ഒരു സംയുക്ത സംരംഭമായ കൊക്കോണിക്‌സ് എന്ന കമ്പനിയില്‍ കെ.എസ്.ഐ.ഡി.സിക്ക് 23 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അതിലുള്ള ഞങ്ങളുടെ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നതിനുള്ള ചര്‍ച്ചകളും നടത്തിവരുന്നു.

ശബരിമല എയര്‍പോര്‍ട്ട്, തിരുവനന്തപുരം എയര്‍പോര്‍ട്ട്, ലാപ്‌ടോപ്പ് നിര്‍മാണം, വേസ്റ്റ് ടു എനര്‍ജി പ്രോജക്ട് എന്നിങ്ങനെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട എല്ലാ പദ്ധതികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് കെ.എസ്.ഐ.ഡി.സിയാണ്. കോര്‍പ്പറേഷനിലുള്ള സര്‍ക്കാരിന്റെ വിശ്വാസത്തിന് തെളിവാണിതൊക്കെ. ഇത്തരത്തില്‍ എല്ലാ തലത്തിലുമുള്ള പുതിയ അവസരങ്ങളും വിനിയോഗിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി വ്യവസായികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരമാവധി കുറക്കുക, വ്യവസായ വായ്പകള്‍ അനുവദിക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടുന്ന പിന്തുണ നല്‍കുക, നിക്ഷേപക പ്രോല്‍സാഹനത്തിനായുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയൊക്കെയാണ് കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്നത്. വ്യാവസായിക വളര്‍ച്ച ഏതൊരു സമൂഹത്തിനും അത്യന്താപേക്ഷിതമായതിനാല്‍ കേരളത്തിലേക്ക് നിക്ഷേപം എത്തിക്കാനുള്ള മികച്ച അന്തരീക്ഷമൊരുക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും വഴിയൊരുക്കുകയെന്നതാണ് കെ.എസ്.ഐ.ഡി.ഡി ലക്ഷ്യമിടുന്നത്.

2020 ജനുവരി 15 ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it