പലിശനിരക്ക് കുറയുമോ? ആശങ്കയോടെ ചെറുകിട സമ്പാദ്യ നിക്ഷേപകര്‍
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക്
വെട്ടിക്കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് കേന്ദ്ര ധനമന്ത്രാലയത്തോട്
ആവശ്യപ്പെട്ടിരിക്കവേ ചേരുന്ന നാളത്തെ ഔദ്യോഗിക അവലോകന യോഗം
നിര്‍ണ്ണായകമാകും. 2020 ജനുവരി-മാര്‍ച്ച് പാദത്തിലെ പലിശനിരക്ക്
പരിഷ്‌കരിക്കണമോയെന്ന കാര്യത്തിലാകും തീരുമാനമെടുക്കുക.
ബാങ്കുകളിലേതിനേക്കാള്‍
പലിശ കൂടുതലായതിനാല്‍ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് നല്ല പ്രിയമുണ്ട്.
മാത്രമല്ല, നികുതിയിളവുകളുമുണ്ട്. രാജ്യത്ത് സാമ്പത്തിക മാന്ദ്യവും
അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെറുകിട
സമ്പാദ്യ പദ്ധതികളുടെ പലിശയും കുറച്ച് ജനരോഷമുണ്ടാക്കാന്‍ സര്‍ക്കാര്‍
ശ്രമിക്കുമോയെന്നതാണ് നാളെ അറിയാനുള്ളത്.പലിശ കുറച്ചാല്‍ സാധാരണക്കാര്‍,
കര്‍ഷകര്‍, സ്ത്രീകള്‍, ഇടത്തരം വരുമാനക്കാര്‍, വിശ്രമ ജീവിതം
നയിക്കുന്നവര്‍ തുടങ്ങിയവര്‍ക്കത് വലിയ തിരിച്ചടിയാകുമെന്ന സാമ്പത്തിക
വിദഗ്ധര്‍ പറയുന്നു.
ശരാശരി ആറു ശതമാനമാണ്
ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശയെങ്കില്‍ ചെറുകിട സമ്പാദ്യങ്ങള്‍ക്ക് പലിശ
നിരക്ക് 7.6 ശതമാനം മുതല്‍ 8.7 ശതമാനം വരെയാണ്.ഓരോ ത്രൈമാസത്തിലും
കേന്ദ്രസര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ അവലോകനം
ചെയ്യാറുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം നിരക്കുകള്‍ കുറച്ചില്ല.
ഈ
വര്‍ഷം ഇതുവരെ ബാങ്ക് നിക്ഷേപ പലിശ നിരക്ക് കുറഞ്ഞത് ശരാശരി 0.50
ശതമാനമാണ്. ഇത് ബാങ്ക് നിക്ഷേപങ്ങളെ അനാകര്‍ഷകമാക്കി. ഇനിയും പലിശ
കുറച്ചാല്‍, ഉപഭോക്താക്കള്‍ ബാങ്കുകളെ കൈവിട്ട് ഉയര്‍ന്ന പലിശ കിട്ടുന്ന
ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് നീങ്ങുമെന്ന് ബാങ്ക് മേധാവികള്‍
പരിതപിക്കുന്നു.പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീം,മുതിര്‍ന്ന പൗരന്മാരുടെ
സേവിംഗ്‌സ് സ്‌കീം, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, പബ്‌ളിക്
പ്രൊവിഡന്റ് ഫണ്ട് , കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയ
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറഞ്ഞാല്‍, ഈ തിരിച്ചടി
ഒഴിവാക്കാമെന്നാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline