ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളിലെ നിക്ഷേപത്തില്‍ 170 ശതമാനം വര്‍ധന!

കോവിഡ് വ്യാപനത്തിനു ശേഷം രാജ്യത്ത് ഡിജിറ്റലൈസേഷന് വേഗം വര്‍ധിച്ചത് ഐറ്റി മേഖലയ്ക്ക് ഗുണമാകുന്നു. സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് (SaaS) കമ്പനികളിലെ നിക്ഷേപം 2021 ല്‍ 170 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. 4.5 ശതകോടി ഡോളറാണ് (ഏകദേശം 34,000 കോടി രൂപ) ഈ മേഖലയില്‍ നിക്ഷേപമായി എത്തിയതെന്ന് ബെയ്ന്‍ & കമ്പനി തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020 ലേതിനേക്കാള്‍ 31 ശതമാനവും 2019 നേക്കാള്‍ 62 ശതമാനവും അധികമാണിത്.

നിക്ഷേപകരുടെ മികച്ച പിന്തുണയോടെ ഇന്ത്യയിലെ എസ്എഎഎസ് കമ്പനികള്‍ 2025 ഓടെ 30 ശതകോടി ഡോളറിന്റെ വരുമാനം നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള എസ്എഎഎസ് വിപണിയുടെ 8-9 ശതമാനം പങ്കാളിത്തം ഇന്ത്യന്‍ കമ്പനികള്‍ നേടും.
എല്ലാ വര്‍ഷവും ലഭിക്കുന്ന വരുമാനം (ARR) - ഫണ്ടിംഗ് അനുപാതവും ഇന്ത്യന്‍ കമ്പനികളുടേത് ആഗോള കമ്പനികളേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 35 ലേറെ ഇന്ത്യന്‍ എസ്എഎഎസ് കമ്പനികളുടെ എആര്‍ആര്‍ 20 ദശലക്ഷം ഡോളറില്‍ കൂടുതലാണ്. അഞ്ചു വര്‍ഷം കൊണ്ട് ഏഴ് മടങ്ങ് വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ എസ്എഎഎസ് കമ്പനികള്‍ സൃഷ്ടിക്കുന്ന മികച്ച പ്രൊഫഷണലുകളുടെ ടാലന്റ് പൂള്‍ കൂടി നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. 62,000ത്തില്‍ കൂടുതല്‍ ആളുകളാണ് നിലവില്‍ ഇന്ത്യന്‍ എസ്എഎഎസ് കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ഏകദേശം 250 കമ്പനികള്‍ക്ക് തുടക്കമിട്ടത് എസ്എഎഎസ് കമ്പനികളിലെ മുന്‍ ജീവനക്കാരാണ് എന്ന പ്രത്യേകതയുമുണ്ട്. ഈ കമ്പനികള്‍ 5000 ത്തിലേറെ പേര്‍ക്ക് ജോലി നല്‍കുന്നുണ്ട്.
ടൈഗര്‍ ഗ്ലോബല്‍, സെകോയ എന്നിവയാണ് നിക്ഷേപ മൂല്യത്തിന്റെ കാര്യത്തില്‍ 2020-21 വര്‍ഷം മുന്നില്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it