കേരളത്തില്‍ 200 സി.എന്‍.ജി സ്റ്റേഷനുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി ഐ.ഒ.സി

ഹരിതോര്‍ജ വ്യാപനം ലക്ഷ്യമാക്കി സംസ്ഥാനത്ത് പ്രകൃതിവാതക ഇന്ധന വിതരണം വിപുലപ്പെടുത്താനുള്ള പദ്ധതിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ 200 സിഎന്‍ജി സ്റ്റേഷനുകള്‍ സംസ്ഥാനത്തു തുറക്കുമെന്ന് ഐഒസി ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജരും കേരള ഓഫീസ് മേധാവിയുമായ വി സി അശോകന്‍ പറഞ്ഞു. കൂടാതെ ഉടന്‍ തന്നെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇലക്ട്രിക് ചാര്‍ജ്ജിംഗ് കേന്ദ്രങ്ങളും തുറക്കും.

സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത് ആറ് സിഎന്‍ജി പമ്പുകള്‍ മാത്രമാണ്. ഇതിനോടൊപ്പം തിരുവനന്തപുരത്തും, തൃശൂരും 20 എണ്ണം അധികം വൈകാതെ പ്രവര്‍ത്തനം തുടങ്ങും. രണ്ട് എണ്ണത്തില്‍ നിന്ന് ഇലക്ട്രോണിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണവും ഏപ്രില്‍ മാസത്തിനുള്ളില്‍ 14 എണ്ണമാക്കി ഉയര്‍ത്തും. സംസ്ഥാനത്ത് ഐഒസി ക്ക് നിലവില്‍ രണ്ട് ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണുള്ളത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കുറഞ്ഞത് ഒരു ഇവി ചാര്‍ജിംഗ് സ്റ്റേഷനെങ്കിലും സ്ഥാപിക്കാനാണ് പദ്ധതിയെന്ന് അശോകന്‍ കൊച്ചിയില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഐഒസി ഒരു സംയോജിത ഇന്ധന സമുച്ചയം വികസിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എല്‍എന്‍ജി സംഭരണം, സിഎന്‍ജി ഉത്പാദന-വിതരണം എന്നിവയ്ക്കും പെട്രോള്‍, ഡീസല്‍, ലൂബ്രിക്കന്റുകള്‍, സിഎന്‍ജി എന്നിവയുടെ റീട്ടെയില്‍ വിതരണത്തിനുമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. റീട്ടെയില്‍ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിന് 500 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്തും. സംസ്ഥാനത്തെ ഇന്ധന വിതരണത്തില്‍ 43 ശതമാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,000 കോടി രൂപയുടെ വിറ്റുവരാണ് ഐഒസിക്ക് സംസ്ഥാനത്തുണ്ടായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it