സര്‍വീസ് ചാര്‍ജ് വീണ്ടും: റെയില്‍വേ ഇ-ടിക്കറ്റിന് നാളെ മുതല്‍ വില കൂടും

ഐആര്‍സിടിസി വഴി വാങ്ങുന്ന ഇ-ടിക്കറ്റുകള്‍ക്ക് വില കൂടും

Indian Railways, train
Image credit: commons.wikimedia.org

സെപ്റ്റംബര്‍ ഒന്നു മുതല്‍ സര്‍വീസ് ചാര്‍ജുകള്‍ പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചതിനാല്‍ ഐആര്‍സിടിസി വഴി വാങ്ങുന്ന ഇ-ടിക്കറ്റുകള്‍ക്ക് വില കൂടും. ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെയുള്ള എസി ക്ലാസുകള്‍ക്ക് 30 രൂപയും ഇതര ക്ലാസുകള്‍ക്ക്  15 രൂപയുമാണ് ഒരു  ഇ-ടിക്കറ്റിന് സര്‍വീസ് ചാര്‍ജ് . ചരക്ക് സേവന നികുതി (ജിഎസ്ടി) യുമുണ്ട്.

ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് സേവന നിരക്കുകള്‍ പിന്‍വലിച്ചത്. അതുവരെ ഐആര്‍സിടിസി എല്ലാ എസി ഇതര ഇ-ടിക്കറ്റിനും 20 രൂപയും ഓരോ എസി ടിക്കറ്റിനും 40 രൂപയും ഈയിനത്തില്‍ ഈടാക്കിയിരുന്നു.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനുള്ള സംവിധാനം പുനഃസ്ഥാപിക്കാന്‍ ഈ മാസം ആദ്യം റെയില്‍വേ ബോര്‍ഡ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) അനുമതി നല്‍കിയിരുന്നു.

സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുന്നതിനുള്ള പദ്ധതി താല്‍ക്കാലികമായിരുന്നെന്നു ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. സേവന നിരക്കുകള്‍ നിര്‍ത്തലാക്കിയ ശേഷം, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസി ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് വരുമാനത്തില്‍ 26 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here